
സമുദ്രനിരപ്പിനും താഴെ മടകെട്ടി അത്യദ്ധ്വാനം കൊണ്ട് പൊന്നുവിളയിക്കുന്ന കുട്ടനാട്ടിലെ കർഷകർക്ക് എന്നും മിച്ചം നഷ്ടവും ദുരിതവും മാത്രം. പ്രവചനാതീതമായ പ്രകൃതി. ദുരിതങ്ങൾക്കു നേരെ കണ്ണടയ്ക്കുന്ന സർക്കാരുകൾ. സംഭരിക്കുന്ന നെല്ലിന്റെ വില യഥാസമയം കിട്ടാത്തതടക്കം തീരാത്ത പ്രശ്നങ്ങൾ.
പുഞ്ചക്കൃഷിയുടെ നെല്ലു വിറ്റ പണം വൈകിയതു കൊണ്ടുണ്ടായ കടക്കെണിയും അർബുദ രോഗിയായ മകന്റെ ചികിത്സാ ചെലവും താങ്ങാനാകാതെ വണ്ടാനം നീലിക്കാട്ടുചിറയിൽ കെ.ആർ.രാജപ്പൻ (58), തകഴി കുന്നുമ്മ കാട്ടിപ്പറമ്പിൽ കെ.ആർ.പ്രസാദ് (55) എന്നിവർ ജീവനൊടുക്കിയത് കഴിഞ്ഞ സർക്കാരിന്റെ കാലത്താണ്. പുതിയ സർക്കാർ അധികാരത്തിലെത്തി നൂറുദിനം പിന്നിട്ടിട്ടും നെല്ല് സംഭരണവും വില വിതരണവുമുൾപ്പെടെ കർഷകരുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് യാതൊരു മാറ്റവുമുണ്ടായില്ല.
കഴിഞ്ഞ സീസണിൽ സംഭരിച്ച നെല്ലിന്റെ മുഴുവൻ പണവും ഓണത്തിന് മുമ്പ് വിതരണം ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും 100 കോടിയിലേറെ ഇനിയും കുടിശികയാണ്. തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത നെല്ലിന്റെ വില വർദ്ധനയോ നെല്ല് വിലവിതരണത്തിൽ കാലതാമസം ഒഴിവാക്കാൻ പ്രഖ്യാപിച്ച റിവോൾവിംഗ് ഫണ്ടിന്റെ കാര്യത്തിലോ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
'നെല്ല് സർക്കാരിന്
കൊടുത്തു, കാശ് തന്നില്ല...'
''ഞാൻ പരാജയപ്പെട്ടുപോയി സഹോദരാ.. കുറെ ഏക്കർ നിലം കൃഷി ചെയ്തു. നെല്ല് സർക്കാരിന് കൊടുത്തു. കാശ് തന്നില്ല. ഞാൻ ലോണടച്ചു. ഇപ്പോൾ അവർ പറയുന്നത് കുടിശികയാണെന്ന്. അഞ്ചുലക്ഷം കുടിശിക കാണിക്കുന്നു. നെല്ലിന്റെ പൈസ എനിക്ക് ലോണായിട്ടാണ് തന്നത്. സർക്കാരത് തിരിച്ചടച്ചിട്ടില്ല. സർക്കാർ തിരിച്ചടച്ചാലേ എന്റെ ലോൺ ഫ്രീയാകൂ''. മൂന്നു വർഷം മുമ്പ് കീടനാശിനി കുടിച്ച് ജീവനൊടുക്കിയ തകഴി കുന്നുമ്മ അംബേദ്കർ ഉന്നതിയിലെ കെ.ആർ.പ്രസാദ് മരിക്കുംമുമ്പ് ഫേസ് ബുക്ക് ലൈവിലൂടെ പറഞ്ഞതാണ് ഈ വാക്കുകൾ.
നെല്ലിന്റെ വില പി.ആർ.എസ് വായ്പയായി സ്വീകരിച്ചതിന്റെ പേരിൽ സിബിൽ സ്കോറും വായ്പയ്ക്കുള്ള അർഹതയും നഷ്ടപ്പെട്ടതാണ് പ്രസാദിനെ ജീവനൊടുക്കാൻ നിർബന്ധിതനാക്കിയത്. അതോടെ കുടുംബ വകയായ രണ്ടേക്കറിലെ കൃഷി മതിയാക്കി കുടുംബം പുലർത്താൻ കൂലിവേലയ്ക്ക് പോകുകയാണ് ഭാര്യ ഓമന. പ്രസാദ് ഉന്നയിച്ച പ്രശ്നങ്ങൾ മൂന്നുവർഷത്തിനിപ്പുറവും അതേപടി തുടരുന്നതാണ് കൃഷി ഉപേക്ഷിച്ച് കൂലിപ്പണിക്കിറങ്ങാൻ ഓമനയെ നിർബന്ധിതയാക്കിയത്.
നിലവിലെ സാഹചര്യത്തിൽ രണ്ടേക്കറിൽ കൃഷിയിറക്കാൻ കുറഞ്ഞത് ഒരുലക്ഷം രൂപയെങ്കിലും ചെലവാകും. മകളുടെ വിവാഹത്തിന്റെ കടബാദ്ധ്യതകൾ തീർക്കാനും മകനെ പഠിപ്പിക്കാനുള്ള പണം കൃഷിയിൽ നിന്ന് ലഭിക്കില്ലെന്നും തിരിച്ചറിഞ്ഞാണ് പാടത്തെ പണി ഓമന മതിയാക്കിയത്. പിന്നാക്ക കോർപ്പറേഷനിൽ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാൻ നിവൃത്തിയില്ലാതെ കിടപ്പാടം ജപ്തിയിലായ കുടുംബത്തിന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സന്മനസാണ് തുണയായത്. പ്രസാദിന്റെ മരണത്തിന് പിന്നാലെ അന്നത്തെ സർക്കാരും കൃഷി വകുപ്പും വാഗ്ദാനം ചെയ്ത സഹായങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.
ക്യാന്റീൻ ജോലി ആശ്രയം
നെല്ലിന്റെ വില വൈകിയതിനാൽ നെൽകൃഷിക്കായി വാങ്ങിയ കടം വീട്ടാനും അർബുദ രോഗിയായ മകന്റെ ചികിത്സയ്ക്കും നിവൃത്തിയില്ലാതെ ജീവനൊടുക്കേണ്ടി വന്ന രാജപ്പന്റെ (80) കുടുംബത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ക്യാൻസർ രോഗിയായിരുന്ന മകൻ പ്രകാശനും പിന്നീട് മരണത്തിന് കീഴടങ്ങിയതോടെ പ്രകാശന്റെ ഭാര്യ പ്രമീള വീടിന് സമീപത്തെ ക്യാന്റീനിൽ ജോലിക്ക് പോയാണ് കുടുംബം പോറ്റുന്നത്.
രാജപ്പന്റെ മരണശേഷം അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന നാലുപാടം പാടത്തെ രണ്ടേക്കർ സ്ഥലം നാലുലക്ഷം രൂപയ്ക്ക് ഒറ്റി നൽകിയ ബാദ്ധ്യതയുൾപ്പെടെ കടക്കെണിയിലാണ് കുടുംബം. രണ്ട് മക്കളെ വിവാഹം ചെയ്തയച്ചതിന്റെ സാമ്പത്തിക ബാദ്ധ്യതയും വീട്ടുചെലവും വൃദ്ധയായ ഭർത്തൃമാതാവിന്റെ ചികിത്സയുമുൾപ്പെടെ നിറവേറ്റാനാണ് പ്രായമായ അമ്മയെ തനിച്ചാക്കി മറ്റൊരു ജോലിക്ക് പോകാൻ പ്രമീളയെ നിർബന്ധിതയാക്കിയത്. കുടുംബത്തിന് സർക്കാരിൽ നിന്ന് യാതൊരുവിധ സഹായവും ലഭിച്ചില്ല.
പാക്കേജ് പോയ വഴി
2018ലെ പ്രളയശേഷം നദികളിൽ നീരൊഴുക്ക് കുറവാണ്. നദികളിൽനിന്ന് ചെളിയും മണലും വാരിയായിരുന്നു മുമ്പ് കുട്ടനാട്ടിലെ നിർമ്മിതികൾ. ഇപ്പോൾ അത് പാറയും എംസാൻഡും കൈയടക്കിയതോടെ സ്വാഭാവിക ഡ്രഡ്ജിംഗ് നിന്നു. പണ്ടൊക്കെ ഒരു മാസം മഴ തുടർന്നാലായിരുന്നു വെള്ളപ്പൊക്കം. ഇന്ന് രണ്ടു ദിവസം മഴയായാൽ വെള്ളം കയറും.
ഓരോ വെള്ളപ്പൊക്കത്തിലും പഠനവും പാക്കേജും ചർച്ചയാകും. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ നിരവധി പഠന കമ്മിഷനുകൾ കുട്ടനാട്ടിൽ വന്നുപോയി. വെള്ളമിറങ്ങുമ്പോൾ പഠനവും ചർച്ചയും അവസാനിക്കും. വെള്ളപ്പൊക്കം ഒഴിവാക്കാൻ കായലിന്റെയും തോടുകളുടെയും ആഴം കൂട്ടിയാൽ മതിയെന്നാണ് ഇപ്പോഴത്തെ വാദം.
വികസനത്തിന്റെ സമൃദ്ധി വിളയിക്കാമെന്ന പ്രഖ്യാപനത്തോടെയായിരുന്നു കുട്ടനാട് പാക്കേജിന് രൂപം നൽകിയത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ 64 പഞ്ചായത്തുകളാണ് പാക്കേജിലുൾപ്പെട്ടിരുന്നത്. ഈ മേഖലകളിലെ പാടശേഖരങ്ങൾക്കും അവിടത്തെ ജനതയ്ക്കും സുസ്ഥിര വികസനത്തിനുള്ള രൂപരേഖയായിരുന്നു അത്.
പാക്കേജ് പ്രഖ്യാപിച്ചശേഷം കുട്ടനാടിനെ മുക്കി മൂന്ന് വലിയ വെള്ളപ്പൊക്കം കടന്നുപോയി. പഠന റിപ്പോർട്ട് വിഭാവനം ചെയ്ത വലുതും ചെറുതുമായ പദ്ധതികൾ എത്രമാത്രം പൂർത്തീകരിച്ചുവെന്ന് നോക്കുമ്പോൾ സർക്കാരിന്റെ ദുർബലമായ സമീപനം വ്യക്തമാകും. പണം ധൂർത്തടിക്കലിന്റെയും കെടുകാര്യസ്ഥതയുടെയും ഏകോപനമില്ലായ്മയുടെയും ആകെത്തുകയായി പാക്കേജ് മാറി എന്നതാണ് ചുരുക്കം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |