SignIn
Kerala Kaumudi Online
Friday, 25 September 2026 3.01 AM IST

സൂര്യ കൃഷ്ണമൂർത്തിയുടെ വേർപാട്

READ ENGLISH VERSION

soorya-krishnamoorthy

കേരളത്തിന്റെ കലാരംഗത്ത് അരനൂറ്റാണ്ടിലേറെ നിറഞ്ഞു നിന്ന സർഗസാന്നിദ്ധ്യമായിരുന്നു സൂര്യ കൃഷ്ണമൂർത്തി. അദ്ദേഹത്തിന്റെ വിയോഗം തിരുവനന്തപുരത്തിന്റെ കലാസന്ധ്യകൾക്ക് വരുത്തിയിട്ടുള്ള നഷ്ടം ചെറുതല്ല. ക്ളാസിക്കൽ കലാരംഗത്തെ ഇന്ത്യയുടെ മിക്കവാറും എല്ലാ നക്ഷത്രങ്ങളെയും മലയാള മണ്ണിൽ കൊണ്ടുവന്നത് സൂര്യ കൃഷ്ണമൂർത്തി ആയിരുന്നു.

ആദ്യകാലത്ത് കലാസാംസ്കാരിക സംഘടനയായ സൂര്യയുടെ നടത്തിപ്പിനായി ഒരു ഒറ്റയാൾ പോരാളിയെപ്പോലെ വിശ്രമമില്ലാതെ അദ്ദേഹം വിയർപ്പൊഴുക്കി. ഒരു ഓഫീസ് പോലുമില്ലാതെ ഒപ്പം നിന്ന സമാനമനസ്കരായ ചിലരുമായി ചേർന്ന് അദ്ദേഹം നട്ടുനനച്ച് വളർത്തിയെടുത്ത സൂര്യ പിന്നീട് ഇന്ത്യയുടെ തന്നെ കലാരംഗത്തെ ഏറ്റവും തലയെടുപ്പുള്ള ഒരു ആൽമരമായി മാറുകയായിരുന്നു. സൂര്യ ഫെസ്റ്റിവലിന് വിളിച്ചാൽ മറ്റൊന്നും ചോദിക്കാതെ ഇന്ത്യയിലെ ഏതു വലിയ കലാകാരനും കലാകാരിയും വരാൻ സമ്മതം മൂളുന്ന നിലയിലേക്ക് സൂര്യയെ മാറ്റി തീർക്കുന്നതിൽ കൃഷ്ണമൂർത്തിയുടെ ഫലേച്ഛ കൂടാതെയുള്ള സമർപ്പിത ജീവിതം വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്.

കേരളത്തിൽ ലൈറ്റ് ആൻഡ് സൗണ്ട് കലാവതരണങ്ങൾക്ക് തുടക്കമിട്ട കലാകാരൻ കൂടിയാണ് കൃഷ്ണമൂർത്തി. ഐ.എസ്.ആർ.ഒയിലെ എൻജിനിയറായിരുന്ന അദ്ദേഹം മുഴുവൻ സമയവും കലാപ്രവർത്തനത്തിനായി നീക്കിവയ്ക്കുന്നതിന്റെ ഭാഗമായാണ് നാൽപ്പതാം വയസിൽ സ്വയം വിരമിച്ചത്. ഒരു കാലത്ത് തിരുവനന്തപുരത്ത് ക്ളാസിക് കലകളെ ആരാധിക്കുന്നവർ കണ്ണുംനട്ട് കാത്തിരിക്കുന്ന മാസമായിരുന്നു ഒക്ടോബർ. ആ മാസത്തിലാണ് ഒന്നാം തീയതി യേശുദാസിന്റെ സംഗീതക്കച്ചേരിയോടുകൂടി ദിനങ്ങളോളം നീണ്ടുനിൽക്കുന്ന സൂര്യ ഫെസ്റ്റിവൽ ആരംഭിക്കുന്നത്. ഒക്ടോബറിലെ സന്ധ്യകളെ ധന്യമാക്കാൻ കേരളത്തിലേക്ക് വന്നിട്ടുള്ള മഹാപ്രതിഭകൾ നമുക്ക് പകർന്നു തന്നിട്ടുള്ള സാംസ്കാരിക മാധുര്യം മറക്കാനാവുന്നതല്ല. അതിന് നാം നന്ദി പറയേണ്ട ഒരാളുണ്ടെങ്കിൽ അത് സൂര്യ കൃഷ്ണമൂർത്തി മാത്രമാണ്.

സത്യജിത് റേയെ സൂര്യയിലും കേരളകൗമുദിയിലും കൊണ്ടുവന്നത് കൃഷ്ണമൂർത്തി ആയിരുന്നു. സംഗീതരംഗത്തെ അതുല്യ പ്രതിഭകളായ എം.എസ്.സുബ്ബുലക്ഷ്മി, ബിസ്‌മില്ലാഖാൻ, പണ്ഡിറ്റ് രവിശങ്കർ, ഭീംസെൻജോഷി, ഉസ്താദ് അംജദ് അലിഖാൻ, പണ്ഡിറ്റ് ശിവ്‌കുമാർ ശർമ്മ, നൃത്ത രംഗത്തെ ബിർജു മഹാരാജ്, കേളു ചരൺ മൊഹാപത്ര, അലമേർ വള്ളി, യാമിനി കൃഷ്ണമൂർത്തി, പത്മ സുബ്രഹ്മണ്യം, സൊണാൽ മാൻസിംഗ് തുടങ്ങിയവരെയും സൂര്യയിലെത്തിക്കാൻ കഴിഞ്ഞതാണ് കൃഷ്ണമൂർത്തി കലാകേരളത്തിലെ സഹൃദയർക്ക് നൽകിയ ഏറ്റവും വലിയ സംഭാവന. സോഷ്യൽ മീഡിയയും ടിവി പോലും അത്ര പ്രചാരത്തിലില്ലാത്ത ഒരു കാലത്ത് ഒരു മനുഷ്യനെക്കൊണ്ട് ഇതെല്ലാം സാധിച്ചത് പകരം വയ്ക്കാനില്ലാത്ത ഒരു ഏടായി എന്നെന്നും നിലനിൽക്കാൻ പോന്നതാണ്. സംഘാടകൻ മാത്രമല്ല മികച്ച കലാകാരൻ കൂടിയാണെന്ന് ലൈറ്റ് ആൻഡ് സൗണ്ട് കലാവതരണങ്ങളിലൂടെ മൂർത്തി തെളിയിക്കുകയും ചെയ്തു.

നിരവധി ശ്രദ്ധേയമായ നാടകങ്ങളുടെ രചനയും സംവിധാനവും അദ്ദേഹം നിർവഹിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാഡമി ചെയർമാനും ചലച്ചിത്ര വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറുമായിരുന്നു. കേരളപ്രഭ പുരസ്കാരം, തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി, 2003ൽ ലിംക ബുക്ക് ഓഫ് റെക്കാഡ്‌സിന്റെ മാൻ ഓഫ് ദി ഇയർ തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. കലയെ ജനകീയമാക്കുന്നതിനും കലാകാരന്മാർക്ക് വേദികൾ ഒരുക്കുന്നതിനും അദ്ദേഹം കാണിച്ച പ്രതിബദ്ധത സ്തുത്യർഹമാണ്. സാമ്പത്തികമായി ബുദ്ധിമുട്ടിയ എത്രയോ കലാകാരൻമാർക്കും കലാകാരികൾക്കും ഒരു തണൽ വൃക്ഷമായും അദ്ദേഹം പ്രവർത്തിച്ചത് സൂര്യ എന്ന സംഘടനയ്ക്ക് ഒരു മാനുഷിക മുഖം നൽകാൻ പര്യാപ്തമായി. കേരളത്തിന്റെ സാംസ്കാരിക രംഗത്തെ അതുല്യനായ ഒരു കലാ സംഘാടകനെയാണ് സൂര്യ കൃഷ്ണമൂർത്തിയുടെ വിയോഗത്തോടെ നാടിന് നഷ്ടമായിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY