SignIn
Kerala Kaumudi Online
Friday, 25 September 2026 3.01 AM IST

ബോദ്ധ്യപ്പെടേണ്ടുന്ന വിശ്വാസ്യത

ss

ഏറ്രവും വലിയ ജനാധിപത്യ രാഷ്ട്രമെന്നതാണ് ലോകത്തിനു മുന്നിൽ ഇന്ത്യയുടെ രാഷ്ട്രീയ അഭിമാനങ്ങളിലൊന്ന്. ജനാധിപത്യപ്രക്രിയയുടെ ആണിക്കല്ല് തിരഞ്ഞെടുപ്പുകളാണ്. തിരഞ്ഞെടുപ്പു നടത്തിപ്പ് പ്രക്രിയയുടെ പൂർണ ചുമതല നിക്ഷിപ്തമായ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യത അതുകൊണ്ടുതന്നെ സുപ്രധാനമാണ്. പക്ഷേ,​ കമ്മിഷന്റെ നിഷ്പക്ഷതയും സ്വതന്ത്രസ്വഭാവവും വിശ്വാസ്യതയും സംശയിക്കേണ്ടുന്ന ഗുരുതരസാഹചര്യം വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നു എന്ന ആക്ഷേപവുമായി മറ്റു രണ്ട് കമ്മിഷണർമാർ കാബിനറ്റ് സെക്രട്ടറിക്ക് കത്തെഴുതി എന്നതു മാത്രമല്ല,​ കമ്മിഷന്റെ സ്വതന്ത്ര സ്വഭാവത്തെക്കുറിച്ച് സുപ്രീംകോടതി തന്നെ സംശയം പ്രകടിപ്പിച്ചു കഴിഞ്ഞിരിക്കെ,​ ദീർഘനാളായി പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളിൽ ഇനിയും കേന്ദ്ര സർക്കാരിന് കണ്ണടച്ചിരിക്കാനാവില്ല.

ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷം നേരത്തേ ഉന്നയിക്കുന്നതാണ്. ഇക്കാര്യം ഉന്നയിച്ച് പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ട പ്രമേയത്തിന് അനുമതി ലഭിച്ചുമില്ല. പ്രതിപക്ഷത്തിനു പുറമേ,​ പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പോരാട്ടത്തിലൂടെ രാജ്യവ്യാപകമായി ശ്രദ്ധേയരായ കോക്രോച്ച് ജനതാ പാർട്ടി ഉൾപ്പെടെ ഗ്യാനേഷിന്റെ രാജി ആവശ്യവുമായി പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. ഇതിനെക്കാളെല്ലാം പ്രധാനമാണ് രാജ്യത്തിനു മുന്നിൽ തിരഞ്ഞെടുപ്പു കമ്മിഷന്റേത് കളങ്കിത പ്രതിച്ഛായയായി എന്നത്. സമഗ്ര വോട്ടർപട്ടിക പരിഷ്കരണം നടപ്പാക്കിയതിനു പിന്നിലെ രാഷ്ട്രീയ ഇടപെടൽ തുടക്കം തൊട്ടേ സംശയിക്കപ്പെടുന്നതാണ്. ആദ്യഘട്ടത്തിൽ എസ്.ഐ.ആർ നടപ്പാക്കിയ സംസ്ഥാനങ്ങളിൽ അഞ്ചു കോടിയിലധികം വോട്ടർമാരുടെ പേരാണ് കരട് പട്ടികയിൽ അപ്രത്യക്ഷമായത്. അടുത്ത ഘട്ടങ്ങളിലായി ആറുകോടിയിലധികം പേരുകൾ വെട്ടിമാറ്റപ്പെട്ടു.

ആക്ഷേപങ്ങളുടെ ഓരോ ഘട്ടത്തിലും മുഖ്യ കമ്മിഷണർ ഗ്യാനേഷ് കുമാർ തങ്ങളുടെ അഭിപ്രായങ്ങൾ മുഖവിലയ്ക്കെടുക്കുക പോലും ചെയ്തില്ലെന്നാണ് കമ്മിഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും വെളിപ്പെടുത്തിയത്. ഏകകണ്ഠമായാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനങ്ങളെടുക്കേണ്ടതെന്നും,​ അതിനു സാദ്ധ്യമാകാത്ത അവസരങ്ങളിൽ ഭൂരിപക്ഷ അഭിപ്രായമാണ് തീരുമാനമായി അംഗീകരിക്കേണ്ടതെന്നുമാണ് കമ്മിഷന്റെ പ്രവർത്തന സംവിധാനത്തെക്കുറിച്ച് 2023-ലെ നിയമം പറയുന്നത്. എന്നാൽ,​ നിയമത്തെ അട്ടിമറിച്ചുകൊണ്ടായിരുന്നു ഗ്യാനേഷിന്റെ പ്രവർത്തനമെന്ന വാദത്തിന് ബലം നല്കുന്നതാണ് ഇപ്പോഴത്തെ വിവരങ്ങൾ. കമ്മിഷന്റെ ഉത്തരവുകളുമായി ബന്ധപ്പെട്ട് 14 തവണയാണ് രണ്ട് കമ്മിഷണർമാർ എതിർപ്പ് അറിയിച്ചിരുന്നത്. എന്നിട്ടും,​ ഇതെല്ലാം അവഗണിച്ച് പ്രവർത്തിക്കുവാൻ ഗ്യാനേഷിന് ധൈര്യം പകർന്ന ഘടകം ഏത് എന്നതാണ് ഉത്തരം കിട്ടേണ്ട ചോദ്യം.

വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ സമർപ്പിക്കേണ്ട ഫോം- 6ലെ ചില ചോദ്യങ്ങൾ,​ ബംഗാളിൽ സുപ്രീംകോടതി നിയോഗിച്ച ജുഡിഷ്യൽ ഓഫീസർമാരുടെ പരിശോധനയിലൂടെ 33 ലക്ഷത്തിലധികം പേരെ വോട്ടർപട്ടികയിൽ നിലനിറുത്തിയതിന് എതിരെ കമ്മിഷൻ നല്കിയ അപ്പീലുകൾ,​ പട്ടികയിൽ പേരു ചേർക്കാനും ഒഴിവാക്കാനും അധികാരമുള്ള പ്രാദേശിക ഉദ്യോഗസ്ഥരെ മാറ്രി പോർട്ടൽ സംവിധാനം കൊണ്ടുവന്നത് തുടങ്ങി മറ്റു കമ്മിഷണർമാർ ഉന്നയിച്ച ആക്ഷേപങ്ങളിലൊന്നു പോലും പരിഗണിക്കപ്പെട്ടില്ല! ജനാധിപത്യം ഭരണസംവിധാനമായ രാജ്യത്ത്,​ രാഷ്ട്രീയേച്ഛകൾക്ക് വഴങ്ങിയല്ലാതെ സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ഒന്നാമത്തെ സ്ഥാപനമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ. നിയമത്തോടും ജനങ്ങളോടും ആദരവും വിധേയത്വവും പുലർത്തേണ്ട കമ്മിഷൻ ആരുടെ ആജ്ഞയാണ് അനുസരിക്കുന്നത്?​ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയതുപോലെ കമ്മിഷന്റെ നിഷ്പക്ഷത എഴുതിവയ്ക്കപ്പെടേണ്ടതല്ല,​ അത് രാജ്യത്തിന് ബോദ്ധ്യപ്പെടേണ്ടതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY