
ഇന്ന് ലോക ഫാർമസിസ്റ്റ് ദിനം
സെപ്തംബർ 25 ലോക ഫാർമസിസ്റ്റ് ദിനമായി ആചരിക്കുന്നു. ലോക ഫാർമസിസ്റ്റ് ദിനം അംഗീകരിക്കപ്പെട്ടത് 2009ൽ തുർക്കിയിലെ ഇസ്താംബൂളിൽ നടന്ന വേൾഡ് കോൺഗ്രസ് ഓഫ് ഫാർമസി ആന്റ് ഫാർമസൃൂട്ടിക്കൽ സയൻസിൽ ആണ്. ഫാർമസിസ്റ്റുകളുടേയും ഫാർമസൃൂട്ടിക്കൽ ശാസ്ത്രജ്ഞരുടേയും ദേശീയ അസോസിയേഷനുകളുടെ ആഗോള ഫെഡറേഷനായ ഇന്റർനാഷണൽ ഫാർമസൃൂട്ടിക്കൽ ഫെഡറേഷൻ
(FIP) നിലവിൽ വന്ന ദിവസമായ സെപ്തംബർ 25 ആണ് ലോക ഫാർമസിസ്റ്റ് ദിനമായി അംഗീകരിച്ചത്.
ലോകത്തിലെ എല്ലാ കോണുകളിലും ആരോഗൃം മെച്ചപ്പെടുത്തുന്നതിൽ ഫാർമസിസ്റ്റുകളുടെ പങ്ക് ഉറപ്പാക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയുമാണ് ഈ ദിനത്തിന്റെ പ്രഖ്യാപിത ലക്ഷൃം. ഓരോ ലോക ഫാർമസിസ്റ്റ് ദിനാഘോഷ വേളയിലും ഒരു പ്രധാനപ്പെട്ട വിഷയം ഉയർത്തിപ്പിടിക്കും.
'ആരോഗ്യകരമായ ഭാവിക്കായി ഫാർമസിസ്റ്റുകളെ ശാക്തീകരിക്കുക' എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഇക്കൊല്ലം ലോകമെങ്ങും ഫാർമസിസ്റ്റ് ദിനം ആഘോഷിക്കുന്നത്. വർത്തമാന കാലത്ത് സമൂഹത്തിന്റെ ആരോഗ്യ-ഔഷധ ആവശ്യങ്ങൾ സംരക്ഷിക്കുന്നതിന് ബുദ്ധിപരമായ ഒരു പരിഹാരമാണ് ഫാർമസിസ്റ്റുകൾ എന്ന അവബോധം പൊതുസമൂഹത്തിൽ വളർത്തുക എന്നതാണ് ഈ വർഷത്തെ ഫാർമസിസ്റ്റ് ദിന സന്ദേശത്തിന്റെയും ക്യാമ്പയിന്റേയും ഉദ്ദേശ്യലക്ഷ്യം.
മരുന്നുകളുടെ ഉപയോഗക്രമം വ്യക്തമാക്കുന്നതിലൂടേയും മരുന്ന് വിതരണത്തിലെ പോരായ്മകൾ പരിഹരിക്കുന്നതിലൂടെയും രോഗികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയാണ് ഫാർമസിസ്റ്റുകളുടെ പ്രാഥമിക കർത്തവ്യം. ചികിത്സാ വേളയിൽ ചിലപ്പോഴെങ്കിലും രോഗികൾക്ക് തെറ്റായ മരുന്ന് നൽകുന്നതിലൂടെ പാർശ്വഫലം ഉണ്ടാവുകയും സ്ഥിരമായ രോഗാവസ്ഥയ്ക്ക് അടിമപ്പെടുകയോ ചികിത്സാ പുരോഗതിക്കുള്ള സമയദൈർഘൃം വർദ്ധിക്കുകയോ ചെയ്യുന്നു. ചില കേസുകളിൽ മരണങ്ങൾ വരെ സംഭവിക്കുന്നു.
ഇത്തരം സംഭവങ്ങൾക്ക് പ്രധാന കാരണം തെറ്റായ രീതിയിലുള്ള മരുന്ന് ഉപയോഗ നിർദ്ദേശമാണ്. ഈ ആഗോള വെല്ലുവിളി കുറയ്ക്കുന്നതിനോ ഇല്ലാതാക്കുന്നതിനോ ഫാർമസിസ്റ്റുകളുടെ പങ്ക് നിർണയകമാണ്. ഫാർമസിസ്റ്റുകൾ അവരുടെ മേഖലയിലെ വിശാലമായ അറിവും വൈദഗ്ദ്ധ്യവും പ്രയോജനപ്പെടുത്തി രോഗികൾക്ക് അവർ ഉപയോഗിക്കുന്ന മരുന്നുകളിൽ നിന്ന് യഥാവിധി കിട്ടേണ്ട ഫലം ഉറപ്പാക്കുന്നു. ഉചിതമായ മരുന്ന് ഉപയോഗം വഴി മരുന്നുകൾ രോഗികളിലേക്കുള്ള ശാസ്ത്രീയമായ പ്രവേശനം ഉറപ്പാക്കുകയും രോഗീപരിചരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യേണ്ടത് ഫാർമസിസ്റ്റുകളുടെ കടമയാണ്.
മരുന്നുകൾ ശരിയായ രീതിയിൽ രോഗിക്ക് കൈമാറേണ്ടതും ശാസ്ത്രീയമായ ഉപയോഗ സംസ്കാരം വളർത്തി കൊണ്ടുവരേണ്ടതുമായ ഈ കാലഘട്ടത്തിൽ ഫാർമസിസ്റ്റുകൾ അല്ലാത്തവരുടെ ഈ മേഖലയിലേക്കുള്ള കടന്നുകയറ്റവും അത് നിയമപരമായി തടയേണ്ടവർ പരാജയപ്പെടുന്നതും ഇന്തൃയിലും പ്രത്യേകിച്ച് കേരളത്തിലും ശരിയായ മരുന്നുപയോഗ സംസ്കാരം വളർത്തിയെടുക്കുന്നതിന് വൻ ഭീഷണി നേരിടുകയാണ്.
46 ലക്ഷത്തിലധികം
ഫാർമസിസ്റ്റുകൾ
നിലവിൽ ലോകത്ത് 46 ലക്ഷത്തിന് മുകളിൽ ഫർമസിസ്റ്റുകളുണ്ട്. 2025 ഏപ്രിൽ വരെ ഇന്ത്യയിൽ 18,30,240 ഫാർമസിസ്റ്റുകൾ വിവിധ ഫാർമസി കൗൺസിലുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ ഫാർമസിസ്റ്റുകൾ രജിസ്റ്റർ ചെയ്തിരിക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്- 20ശതമാനം.
ജനസാന്ദ്രത കണക്കിലെടുത്താൽ ഒരു ലക്ഷം ജനസംഖ്യ ക്രമത്തിൽ ഏകദേശം 123 രജിസ്റ്റർ ചെയ്ത ഫാർമസിസ്റ്റുകൾ രാജ്യത്തുണ്ട്. എന്നാൽ കേരളമുൾപ്പെടെ ചില സംസ്ഥാനങ്ങളുടെ കണക്കനുസരിച്ച് ദേശീയ ശരാശരിയേക്കാൾ ഗണ്യമായി വ്യത്യാസം വരുന്നുണ്ട്.
ഒന്നിച്ച് പ്രവർത്തിക്കാം
ഇന്റർനാഷണൽ ഫാർമസ്യൂട്ടിക്കൽ ഫെഡറേഷൻ (FIP), ഫാർമസി പ്രൊഫഷനിലെ എല്ലാ മേഖലകളിലുമുള്ള ഫാർമസിസ്റ്റുകൾ ഒന്നിച്ചണിനിരന്ന് സംഘടിത പ്രവർത്തനത്തിലൂടെ പൊതുജനാരോഗ്യം സംരക്ഷിക്കുവാൻ അഭ്യർത്ഥിക്കുന്നു. വർണവിവേചനം, വ്യത്യസ്ത രാഷ്ട്രീയം, വിവിധ സംസ്കാരങ്ങൾ, സാമ്പത്തിക അസമത്വം തുടങ്ങിയവയ്ക്ക് യാതൊരു പരിഗണനയും നൽകാതെ ലോകാരോഗ്യത്തിനായി തങ്ങൾ ഒന്നിച്ചു പ്രവർത്തിക്കുമെന്ന് ലോകത്തിന് മുൻപിൽ കാണിച്ചുകൊടുക്കാൻ ഫർമസിസ്റ്റുകളോട് ഈ ദിനത്തിൽ FIP പ്രസിഡന്റ് പോൾ സിൻക്ലെയർ എ.എം ആഹ്വാനം ചെയ്യുന്നു.
ഈ നിർദ്ദേശം ഉൾക്കൊണ്ട് ലോകാരോഗ്യ സംരക്ഷണത്തിനായി ലോക ഫാർമസിസ്റ്റ് സമൂഹം അണിനിരക്കുമ്പോൾ കർമ്മ മണ്ഡലത്തിൽ സജീവ സാന്നിദ്ധ്യമായി കേരളത്തിലെ ഫാർമസിസ്റ്റുകൾ പൊതുജനാരോഗ്യത്തിന്റെ സ്തംഭങ്ങൾ ആയി മാറണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |