SignIn
Kerala Kaumudi Online
Tuesday, 30 June 2026 3.03 AM IST

കേരളത്തിന്റെ നയാഗ്രയ്ക്ക് കോടികളുടെ പദ്ധതികൾ; അതിരപ്പിള്ളി നേരിടുന്ന യാഥാർത്ഥ്യങ്ങൾ വേറെ

a

കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ ഏറ്റവും തിളങ്ങിനിൽക്കുന്ന ഒരു പേരാണ് സംസ്ഥാനത്തിന്റെ നയാഗ്ര എന്ന് വിളിപ്പേരുള്ള അതിരപ്പിള്ളി. പശ്ചിമഘട്ടത്തിന്റെ ഹരിതാഭയിൽ നിന്ന് ചാലക്കുടിപ്പുഴയിലേക്ക് പതിക്കുന്ന ആ വന്യസൗന്ദര്യം ആസ്വദിക്കാൻ പ്രതിവർഷം ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. സമീപകാലത്ത് സംസ്ഥാന ബജറ്റുകളിൽ ഉൾപ്പെടെ അതിരപ്പിള്ളിയുടെ വികസനത്തിനായി കോടികളുടെ പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. ടൂറിസം ഇടനാഴികൾ, അടിസ്ഥാന സൗകര്യ വികസനം, ആധുനിക സൗകര്യങ്ങളോട് കൂടിയ വ്യൂ പോയിന്റുകൾ എന്നിങ്ങനെ നീളുന്നു ആ വാഗ്ദാനങ്ങൾ.

എന്നാൽ, ഈ വൻകിട വികസന പദ്ധതികളുടെയും ബജറ്റ് പ്രഖ്യാപനങ്ങളുടെയും മറുവശത്ത്, അതിരപ്പിള്ളി ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി പ്രകൃതിയുടെ സ്വാഭാവികമായ തകർച്ചയാണ്. മഴക്കാലത്തും മെലിഞ്ഞുണങ്ങി അതിരപ്പിള്ളി എന്നതാണ് യാഥാർത്ഥ്യം. വികസന വാഗ്ദാനപ്പെരുമഴകളുടെ ഇടയിൽ ചാലക്കുടിപ്പുഴയുടെയും അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെയും സ്വാഭാവിക ഒഴുക്ക് പോലും നിലയ്ക്കുന്നുവോ എന്ന ആശങ്ക ഗൗരവമേറിയതാണ്.

വൻകിട പദ്ധതികളും ബജറ്റിലെ കോടികളും

സംസ്ഥാന സർക്കാരിന്റെ സമീപകാല ബജറ്റുകളിലും ടൂറിസം മാസ്റ്റർ പ്ലാനുകളിലും അതിരപ്പിള്ളി മേഖലയ്ക്ക് വലിയ പ്രാധാന്യമാണ് നൽകിയിട്ടുള്ളത്. ഒരു അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിലേക്ക് അതിരപ്പിള്ളിയെ ഉയർത്തുക എന്നതാണ് ഈ പദ്ധതികളുടെ ലക്ഷ്യം. റോഡുകളുടെ നവീകരണം, പാർക്കിംഗ് സൗകര്യങ്ങൾ, സഞ്ചാരികൾക്കായുള്ള വിശ്രമകേന്ദ്രങ്ങൾ എന്നിങ്ങനെ അടിസ്ഥാന സൗകര്യ വികസനത്തിനായി കോടികൾ നീക്കി വയ്ക്കുമെന്നാണ് പ്രഖ്യാപനം.

പ്രകൃതിക്ക് കോട്ടം തട്ടാത്ത രീതിയിലുള്ള ഇക്കോ-ടൂറിസം പദ്ധതികൾ എന്ന് അവകാശപ്പെടുമ്പോഴും വൻകിട നിർമാണ പ്രവർത്തനങ്ങൾ പലതും ഇപ്പോൾ തന്നെ ഈ മേഖലയിൽ സജീവമാണ്. ഇത് പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തന്നെ ബാധിക്കുമെന്ന് പരിസ്ഥിതി സ്‌നേഹികളും വിദഗ്ധരും ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്. വിനോദസഞ്ചാര മേഖലകളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് അതിരപ്പിള്ളി-തുമ്പൂർമുഴി കോറിഡോർ പോലെ വലിയൊരു ടൂറിസം ശൃംഖല നിർമ്മിക്കാനുള്ള പദ്ധതികൾ പോലും പുരോഗമിക്കുമ്പോഴും ഈ യാഥാർത്ഥ്യങ്ങൾ കാണാതെ പോകരുത്.

ഈ പദ്ധതികളെല്ലാം നാടിന്റെ സാമ്പത്തിക വളർച്ചയ്ക്കും പ്രാദേശികമായ തൊഴിലവസരങ്ങൾക്കും ഗുണം ചെയ്യുമെന്നതും യാഥാർത്ഥ്യമാണ്. എന്നാൽ, വെള്ളച്ചാട്ടത്തിൽ വെള്ളമില്ലെങ്കിൽ പിന്നെ എന്ത് ടൂറിസം എന്നതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നം.

മഴക്കാലത്തും മെലിഞ്ഞുണങ്ങുന്ന വെള്ളച്ചാട്ടം......!

ഇടപ്പെയ്ത്തിലും തുലാവർഷത്തിലും എന്തിനേറെപ്പറയുന്നു ഇടയ്ക്ക് പെയ്യുന്ന ചെറു മഴകളിൽ പോലും അതിരപ്പിള്ളി അതിന്റെ രൗദ്രഭാവം കൈവരിക്കുമായിരുന്നു. മനം കുളിർപ്പിക്കുന്ന കാഴ്ചയ്‌ക്കൊപ്പം ഒരു ഭീതികൂടി ജനിപ്പിക്കുന്ന തരത്തിലായിരുന്നു അതിരപ്പിള്ളിയുടെ കുത്തൊഴുക്ക്. എന്നാൽ ഇന്ന് സ്ഥിതി മാറി. അതിരപ്പിള്ളി പലപ്പോഴും മെലിഞ്ഞുണങ്ങിയ രൂപത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. ഇതിന് പിന്നിൽ മനുഷ്യനിർമ്മിതവും പ്രകൃതിദത്തവുമായ കാരണങ്ങളുണ്ട്.

അന്യ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും ഉൾപ്പെടെ അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാനെത്തുന്ന പതിനായിര കണക്കിന് ആളുകളുണ്ട്. അവർക്കാണ് നിരാശയേറെയും. കേരളത്തിൽ ലഭിക്കുന്ന ആകെ മഴയുടെ അളവിൽ വലിയ കുറവുണ്ടായിട്ടില്ലെങ്കിലും, മഴ പെയ്യുന്ന ദിവസങ്ങളുടെ എണ്ണം കുറഞ്ഞു. ചുരുങ്ങിയ ദിവസങ്ങളിൽ അതിശക്തമായി പെയ്യുകയും പിന്നീട് ദിവസങ്ങളോളം മഴയിതിരിക്കുകയും ചെയ്യുന്നു. ഇത് പുഴകളിലെ നീരൊഴുക്കിനെ സാരമായി ബാധിക്കുന്നുണ്ട്. ചാലക്കുടി പുഴയിലെ ഒഴുക്കും ഇതിന് സമാനം.

ചാലക്കുടിപ്പുഴയുടെ മുകൾത്തട്ടിലുള്ള പറമ്പിക്കുളം, ആളിയാർ, ഷോളയാർ, പെരിങ്ങൽക്കുത്ത് തുടങ്ങിയ അണക്കെട്ടുകളിലെ ജലസംഭരണവും നിയന്ത്രണവുമാണ് അതിരപ്പിള്ളിയിലെ വെള്ളത്തിന്റെ അളവ് നിശ്ചയിക്കുന്നത്. പലപ്പോഴും തമിഴ്നാടുമായുള്ള ജലകരാറുകളുടെ ഭാഗമായും, അണക്കെട്ടുകളിൽ വൈദ്യുതി ഉത്പാദനത്തിന് ശേഷം മാത്രം വെള്ളം തുറന്നുവിടുന്നതിനാലും പുഴയിലേക്ക് സ്വാഭാവികമായി ഒഴുകിയെത്തേണ്ട വെള്ളം തടയപ്പെടുന്നുമുണ്ട്.

ചാലക്കുടിപ്പുഴയുടെ പ്രഭവകേന്ദ്രങ്ങളായ വനമേഖലകളിൽ നടക്കുന്ന കയ്യേറ്റങ്ങളും കാടുകളുടെ നാശവും പുഴയുടെ സ്വാഭാവിക ഉറവകളെ ഇല്ലാതാക്കിയതും വലിയ പ്രശ്‌നമാണ്.

വികസനവും പരിസ്ഥിതിയും

പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള ശാസ്ത്രീയമായ വികസന കാഴ്ചപ്പാടാണ് അതിരപ്പള്ളിയിൽ വേണ്ടത്. അതിന് ലേസർ ഷോ ഉൾപ്പെടെ എങ്ങനെ വിഘാതം സൃഷ്ടിക്കുമെന്ന് ശാസ്ത്രീയമായി പഠിക്കേണ്ടതുണ്ട്. ഒട്ടനവധി അപൂർവ്വ ഇനം സസ്യങ്ങളും ജീവജാലങ്ങളും, പ്രത്യേകിച്ച് മലമുഴക്കി വേഴാമ്പലുകളുടെ പ്രധാന വാസസ്ഥലമാണ് അതിരപ്പിള്ളി. അനിയന്ത്രിതമായ വിനോദസഞ്ചാരവും നിർമാണ പ്രവർത്തനങ്ങളും ഇവയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാണ്.

പുഴ മെലിയുമ്പോൾ അത് കേവലം വിനോദസഞ്ചാരത്തെ മാത്രമല്ല ബാധിക്കുന്നത്. ചാലക്കുടിപ്പുഴയെ ആശ്രയിച്ച് കഴിയുന്ന പതിനായിരക്കണക്കിന് കർഷകരെയും, കുടിവെള്ള പദ്ധതികളെയും ഇത് നേരിട്ട് ബാധിക്കുന്നുണ്ട്. വേനൽക്കാലത്ത് പുഴ വറ്റിവരളുന്നതോടെ കുടിവെള്ള ക്ഷാമം രൂക്ഷമാകുകയും കാർഷിക മേഖല തകരുകയും ചെയ്യും.

അതിരപ്പിള്ളിയിൽ കോടികളുടെ വൻ പദ്ധതികൾ പ്രഖ്യാപിക്കുന്നത് സ്വാഗതാർഹമാണ്, എന്നാൽ ആ വികസനം പ്രകൃതിയുടെ നെഞ്ചത്ത് ചവിട്ടിയാകരുത്. വെള്ളച്ചാട്ടമില്ലാത്ത അതിരപ്പിള്ളി വെറുമൊരു പാറക്കെട്ട് മാത്രമായി മാറും. പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടുള്ള വികസന മാതൃകകൾ ദീർഘകാല അടിസ്ഥാനത്തിൽ ദുരന്തങ്ങൾ സമ്മാനിക്കുമെന്നതിന്റെ തെളിവാണ് മഴക്കാലത്ത് പോലും മെലിയുന്ന ഈ വെള്ളച്ചാട്ടം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ATHIRAPPILLI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY