SignIn
Kerala Kaumudi Online
Wednesday, 16 September 2026 1.39 AM IST

പരിസ്ഥിതിലോലം എന്ന സമാധാനക്കേട്

a

മലയോര നിവാസികളുടെ ജീവിതത്തിൽ ആശങ്ക വിതച്ചിരിക്കുകയാണ് പരിസ്ഥിതി ലോല കരട് വിജ്ഞാപന പ്രഖ്യപനം. കർഷകരെയും സാധാരണക്കാരെയുമാണ് പ്രഖ്യാപനം കൂടുതലായി ബാധിക്കുന്നത്. കരട് വിജ്ഞാപനത്തിലെ നിർദേശങ്ങൾക്കെതിരെ പരാതി സമർപ്പിക്കാനുള്ള അവസാന തീയതി ഇൗ മാസം ഇരുപത്തിയഞ്ചാണ്. പത്തനംതിട്ട ജില്ലയിൽ സീതത്തോട്, ചിറ്റാർ, തണ്ണിത്തോട്, അരുവാപ്പുലം, വടശേരിക്കര, പെരുനാട്, കൊല്ലമുള പ്രദേശങ്ങളെയാണ് പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കരട് വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. റാന്നി, കോന്നി വനം ഡിവിഷനുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ പതിനായിരക്കണക്കിന് ജനങ്ങളെ ബാധിക്കുന്നതാണ് പരിസ്ഥിതി ലോല കരട് വിജ്ഞാപനം. വനങ്ങളോടു ചേർന്ന പ്രദേശങ്ങളിൽ നിന്ന് എങ്ങനെ ജനങ്ങളെ ഒഴിപ്പിക്കാമെന്ന് ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് ഒരു വിഭാഗം വനംവകുപ്പ് ഉദ്യോസ്ഥർ. വന്യജീവികൾ അധിവസിക്കുന്ന പ്രദേശമെന്നും വനപ്രദേശമെന്നും മറ്റും പറഞ്ഞ് ജനങ്ങളെ ഭയപ്പെടുത്തുന്നതിലും കള്ളക്കേസുകൾ എടുക്കുന്നതിലും വനപാലകർ വലിയ ധൃതി കാട്ടാറുണ്ട്. അതിനിടെയാണ് കേന്ദ്രസർക്കാർ പപരിസ്ഥിതി ലോല കരട് വിജ്ഞാപനം പുറത്തിറക്കുന്നത്.

പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കാര്യത്തിൽ ജനങ്ങളുടെ ആശങ്ക അകറ്റാൻ ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരിക്കെ പരിഹാര നിർദേശങ്ങൾ സമർപ്പിക്കാൻ ഉമ്മൻ വി.ഉമ്മൻ കമ്മിഷനെ നിയോഗിച്ചിരുന്നു. റിപ്പോർട്ടിനെ തുടർന്ന് പഞ്ചായത്ത് ഭരണ സമിതികളുടെ നേതൃത്വത്തിൽ ജനവാസ കേന്ദ്രങ്ങൾ, തോട്ടങ്ങൾ, കൃഷിയിടങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവയെ ഒഴിവാക്കി പരിസ്ഥിതി ലോല മേഖലകളെ പുതുക്കി നിശ്ചയിച്ചിരുന്നു. ഇത് കേന്ദ്രസർക്കാർ ഇതുവരെ അംഗീകരിച്ചില്ല. ജനവാസ കേന്ദ്രങ്ങൾ പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെട്ടതിനെതിരെ വൻ പ്രതിഷേധമുയർന്നിരുന്നു. കരട് വിജ്ഞാപത്തിനെതിരെ പരാതികൾ ഉന്നയിക്കാനുള്ള ദിവസം അടുക്കുന്തോറും പ്രക്ഷോഭങ്ങളും രൂപപ്പെട്ടു വരികയാണ്.

♦ പ്രതിസന്ധികൾ ഒഴിയുന്നില്ല

കൈവശഭൂമിയെ പരിസ്ഥിതി ലോല മേഖലകളിൽ നിന്ന് ഒഴിവാക്കിയില്ലെങ്കിൽ കൃഷിയെ ബാധിക്കും. രാസവളവും കീടനാശിനിയും ഉപയോഗിക്കാനാകാതെ വരും. മലയോര മേഖലയിൽ റബറിന് പുറമേ കോലിഞ്ചി, പച്ചക്കറികൾ, തെങ്ങ്, കവുങ്ങ്, കൊക്കൊ തുടങ്ങി നിരവധി കൃഷകളുണ്ട്. ഇവയ്ക്ക് രാസവളവും കീടനാശിനും ആവശ്യമാണ്. പ്രദേശം പരിസ്ഥതി ലോല സോണിലായാൽ ജൈവിക വളപ്രയോഗങ്ങളെ അനുവദിക്കൂ. മണ്ണിളക്കിയുള്ള കപ്പ, കാച്ചിൽ, ചേന, ചേമ്പ് തുടങ്ങിയ കൃഷികൾ അനുവദിക്കില്ല. വീടുകളുടെയും മറ്റും അടിസ്ഥാന സൗകര്യ വികസനം നടത്തുന്നതിന് കർശന നിയന്ത്രണങ്ങൾ വരും.

ജനവാസ മേഖലയെ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് പൂർണമായി ഒഴിവാക്കണമെന്ന പ്രമേയം സീതത്തോട് പഞ്ചായത്ത് കമ്മറ്റി പാസാക്കിയിട്ടുണ്ട്. പരിസ്ഥിതി ലോല മേഖലയുടെ അതിർത്തി വാനാതിർത്തിയായി നിജപ്പെടുത്തണമെന്നാണ് പഞ്ചായത്തിന്റെ ആവശ്യം. മറ്റു ചില പഞ്ചായത്തുകളും ഇതേ ആവശ്യവുമായി രംഗത്തുവന്നിട്ടുണ്ട്. കേന്ദ്ര വിജ്ഞാപനത്തിലെ കർശന നിർദേശങ്ങളെ ജനവാസ മേഖലയിൽ നിന്ന് ഒഴിവാക്കി കിട്ടാൻ സംസ്ഥാന സർക്കാർ സമർദ്ദം ചെലുത്തേണ്ടതുണ്ട്. പരിസ്ഥിതി ലോല പ്രദേശ മാപ്പ് മാറ്റി വരയ്ക്കേണ്ടതുണ്ട്.

പരിസ്ഥിതി ലോല മേഖലയുടെ ഭൂമി വിൽപ്പന വലിയ കീറാമുട്ടിയാണ്. കേന്ദ്രസർക്കാരിന്റെ ക‌ടുത്ത നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഭൂമി വാങ്ങാൻ ആളില്ലാത്ത സ്ഥിതിയാണുള്ളത്. ഇൗ മേഖലയിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും വിലക്കു വരും. എന്തെങ്കിലും സ്ഥാപനങ്ങൾ തുടങ്ങണമെങ്കിൽ വിവിധ സർക്കാർ അനുമതികൾ നേടിയെടുക്കുക എന്നത് വലിയ കടമ്പയാണ്.

♦ പതിവ് പല്ലവികൾ വിലപ്പോവില്ല

മലയോര മേഖലയിലെ ജനത പൊതുവെ അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ്. ഒരു വശത്ത് വന്യമൃഗ ശല്യം സ്വൈര ജീവിതത്തിനുണ്ടാക്കുന്ന ഭീഷണി. മറുവശത്ത് പരിസ്ഥിതി ലോല പ്രഖ്യാപനമുണ്ടുക്കുന്ന പ്രശ്നങ്ങൾ. എത്രകാലം തങ്ങളുടെ വീടിനുള്ള സ്വസ്ഥമായി കഴിയാൻ പറ്റും എന്നത് മലയോര ജനതയുടെ ആകുലതയാണ്. വരും തലമുറയെയും പ്രയാസത്തിലേക്കു തള്ളിവിടുന്ന പരിഹാരമില്ലാത്ത രണ്ടു പ്രശ്നങ്ങളും അവരെ വേട്ടയാടുകയാണ്. കുടംബ ജീവിതത്തിനു തന്നെ ഭീഷണിയാകുന്ന തരത്തിൽ വന്യമൃഗ ശല്യവും പരിസ്ഥിതി ലോല പ്രശ്നവും വളർന്നു വരികയാണ് . വന്യ മൃഗ ശല്യം കാരണം മലയോര മേഖലയിലെ ചില പ്രദേശങ്ങളിലേക്ക് പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചു വിടാൻ മാതാപിതാക്കൾ വിസമ്മതിക്കുകയാണ്. അതിന്റെ കൂടെയാണ് പരിസ്ഥിതി ലോല പ്രഖ്യാപനം എന്ന ഭീഷണിയും നിലനിൽക്കുന്നത്. അവിവാഹിതരായ പുരുഷൻമാരുടെ എണ്ണം വർദ്ധിപ്പിക്കാൻ ഇതു കാരണമാകും.

മലയോര ജനത നേരിടുന്ന രണ്ടു പ്രശ്നങ്ങളിലും അടിയന്തരവും ശാശ്വതവുമായ പരിഹരമുണ്ടാകേണ്ടതുണ്ട്. പൊതു തിരഞ്ഞെടുപ്പ് വരുമ്പോൾ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കും എന്ന നേതാക്കളുടെ പതിവ് പല്ലവികൾ ഇനി ജനങ്ങൾക്കു മുൻപിൽ വിലപ്പോവില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION