SignIn
Kerala Kaumudi Online
Wednesday, 16 September 2026 1.39 AM IST

ലോൺ ആപ്പ് തട്ടിപ്പുകൾ

READ ENGLISH VERSION
a

ബാങ്കിലെത്താതെ നിങ്ങളുടെ ഫോണിൽ പണം വരുമെന്ന പരസ്യം കൂടെക്കൂടെ എല്ലാവരുടെയും ഫോണിൽ പതിവായി വന്നുകൊണ്ടിരിക്കുന്ന ഒന്നാണ്. നിങ്ങളുടെ സിബിൽ സ്കോർ ഞങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ ഒന്നു മുതൽ മൂന്നുലക്ഷം വരെ രൂപയുടെ വായ്‌പ അനുവദിച്ചിരിക്കുന്നു എന്നാവും ഇൻസ്റ്റന്റ് ലോൺ പരസ്യം. പണം ആവശ്യമില്ലാത്തവർ ആരുമില്ല. അപ്പോൾ ഇങ്ങനെയൊരു പരസ്യം വരുമ്പോൾ ആശ്വാസമായി തോന്നാം. ഏതാനും ക്ളിക്കുകൾ മാത്രം ചെയ്താൽ മണിക്കൂറുകൾക്കുള്ളിൽ പണം വരുമെന്ന് പറയുമെങ്കിലും അതിൽപ്പെട്ടുപോയാൽ ഉൗരാക്കുടുക്കിൽ ആകുമെന്ന് മാത്രമല്ല കൈയിലുള്ള പണം കൂടി നഷ്ടപ്പെടാനും സാദ്ധ്യതയുണ്ട്. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയും എസ്.എം.എസ്, വ്യാജ വെബ് സൈറ്റുകൾ എന്നിവ വഴിയുമുള്ള വ്യാജ വായ്‌പാ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

അംഗീകൃത ആപ്പുകൾ എന്ന വ്യാജേന അയച്ച് നൽകുന്ന വ്യാജ എ.പി.കെ ഫയലുകൾ ഇൻസ്റ്റാൾ ചെയ്യാൻ പ്രേരിപ്പിച്ചാണ് തട്ടിപ്പുകൾക്ക് തുടക്കമിടുന്നത്. വിശ്വാസ്യത പിടിച്ചുപറ്റാനായി ചെറിയ തുക ആദ്യം അയച്ചുതരുന്നവരുമുണ്ട്. ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നതോടെ കോൺടാക്ടുകൾ, കോൾ വിവരങ്ങൾ, ക്യാമറ, ലൊക്കേഷൻ എന്നിവയുടെ നിയന്ത്രണം തട്ടിപ്പുകാർ കൈക്കലാക്കും. തുടർന്ന് ആധാർ, പാൻ കാർഡ്, ബാങ്ക് വിവരങ്ങൾ, ജോലി സംബന്ധമായ രേഖകൾ എന്നിവ അപ്‌ലോഡ് ചെയ്യാൻ ആവശ്യപ്പെടും. പിന്നീടാണ് ഇവരുടെ തനിനിറം പുറത്തുവരുന്നത്. പ്രോസസിംഗ് ഫീസ്, ജി.എസ്.ടി, വെരിഫിക്കേഷൻ ചാർജ് തുടങ്ങിയ പല ഇനങ്ങളിലായി വൻ തുക ആവശ്യപ്പെടും. പണം ലഭിച്ചുകഴിഞ്ഞാൽ ആപ്പ് പ്രവർത്തിക്കാതാവും.

കടം തേടുന്നവരെ ഇരകളാക്കി അവരുടെ പണവും സ്വകാര്യതയും ഒരുപോലെ കവരുന്ന ലോൺ ആപ്പുകൾ പുതിയ ഡിജിറ്റൽ കാലത്തിന്റെ വലിയൊരു ഭീഷണിയായി മാറിയിരിക്കുകയാണ്. ഇനി പണം ലഭിക്കുന്നവരുടെ ഭാഗത്തുനിന്ന് തിരിച്ചടവ് വൈകുകയോ മുടങ്ങുകയോ ചെയ്‌താൽ ഭീഷണി, അധിക്ഷേപം, നിരന്തരം ഫോൺ വിളികൾ, വ്യാജ മോർഫിംഗ് ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന വിരട്ടൽ തുടങ്ങിയവ നേരിടേണ്ടിവരും. ബാങ്കുകളിൽ നിന്നും വായ്പ ലഭിക്കാനുള്ള ബുദ്ധിമുട്ടുകൾ കാരണമാണ് പലരും ഇത്തരം വ്യാജന്മാരുടെ തട്ടിപ്പിൽ വീഴുന്നത്. ഒരു തട്ടിപ്പ് നടത്തിക്കഴിഞ്ഞാൽ ആപ്പും വെബ്‌സൈറ്റും ഉപേക്ഷിച്ച് പുതിയ പേരിൽ രംഗത്തിറങ്ങുകയാണ് ഇവർ ചെയ്യുന്നത്.

അതിനാൽ പ്ളേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവ വഴി മാത്രം വായ്‌പാ ആപ്പുകൾ ഡൗൺലോഡ് ചെയ്യാനും ആർ.ബി.ഐയുടെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നുമാത്രം ലോണുകൾ എടുക്കാനുമാണ് പൊലീസ് നിർദ്ദേശിക്കുന്നത്. അജ്ഞാത ലിങ്കുകൾ വഴിയുള്ള എ.പി.കെ ഫയലുകൾ യാതൊരു കാരണവശാലും ഇൻസ്റ്റാൾ ചെയ്യരുതെന്ന പൊലീസിന്റെ മുന്നറിയിപ്പ് പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ഇത്തരം തട്ടിപ്പുകളുടെ പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തുക ദുഷ്‌കരമാണ്. പണം മാത്രമല്ല ഇടപാടുകാരന് നഷ്ടപ്പെടുന്നത്. അയാളുടെ വിലപ്പെട്ട ഡാറ്റ കൂടിയാണ്. ഇതാകട്ടെ പല രീതിയിൽ തട്ടിപ്പുകാർ ദുരുപയോഗം ചെയ്യാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. ഇവരുടെ കുരുക്കിൽ അകപ്പെടുന്നവർ ഭീഷണിക്ക് വഴങ്ങാതെ സൈബർ പൊലീസിനെ സമീപിക്കുകയാണ് വേണ്ടത്. 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പരിൽ ബന്ധപ്പെട്ട് പരാതി നൽകാമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. കടം തേടിയതിന്റെ പേരിൽ ഒരാളുടെ സ്വകാര്യതയും ആത്മാഭിമാനവും കവർന്നെടുക്കുന്ന ഇത്തരം തട്ടിപ്പ് ശൃംഖലകൾക്കെതിരെ നിയമത്തിന്റെ ശക്തമായ കരങ്ങൾ നീളേണ്ടതാണ്. കേരളത്തിന്റെ ഡിജിറ്റൽ വളർച്ചയ്ക്ക് ഒപ്പം ഡിജിറ്റൽ സുരക്ഷയും വളരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION