
നവതി നിറവിൽ
വെള്ളാപ്പള്ളി നടേശൻ
.........................................................
പതിത കാരുണികനായ ഭഗവാൻ ശ്രീനാരായണ ഗുരുദേവന്റെ സാമൂഹ്യ നവോത്ഥാന ദർശനം പ്രതിഫലിപ്പിക്കുന്ന മഹാപ്രസ്ഥാനമാണ് ശ്രീനാരായണ ധർമ്മപരിപാലന യോഗം. ധർമ്മമാണ് ലോകത്തെ നടത്തുന്നതെന്ന് ഉദ്ഘോഷിച്ച ഗുരുദേവൻ ധർമ്മത്തിന്റെ പരിപാലനത്തിനും പരിപോഷണത്തിനും ധർമ്മത്തിൽ അധിഷ്ഠിതമായ സാമൂഹിക ഉന്നമനത്തിനുമായിട്ടാണ് യോഗം സംസ്ഥാപനം ചെയ്തത്. യോഗത്തിന്റെ മുഖ്യധർമ്മമെന്നത് ഗുരുദേവൻ വിഭാവനം ചെയ്ത സനാതന ധർമ്മത്തിന്റെ വർത്തമാനകാല പ്രകാശനവും അതിന്റെ വെളിച്ചത്തിലുള്ള സാമൂഹിക മുന്നേറ്റവുമാണ്.
ഒരു മനുഷ്യന്റെ ജന്മാവകാശങ്ങളെ നിഷേധിക്കാനും ലംഘിക്കാനും മറ്റൊരു മനുഷ്യനും ധാർമ്മികാവകാശമില്ലെന്നിരിക്കെ, സർവധർമ്മാധികാരികളായി സമൂഹത്തിന്റെ മുൻനിര കൈയടക്കി, ബഹുഭൂരിപക്ഷം ജനങ്ങളെ തങ്ങളുടെ സുഖലോലുപതയ്ക്കായി ഉപകരണമാക്കിയവരെ തിരുത്താനും അങ്ങനെയൊരു തിരുത്തൽ ശക്തിക്കായി സമൂഹത്തിന്റെ കരുതൽ സ്ഥാനമലങ്കരിക്കാനും ഗുരുദേവൻ യോഗത്തിലൂടെ ലക്ഷ്യം വച്ചിരുന്നു. ആരെയും നിഷേധിക്കാനോ ബഹിഷ്കൃതനാക്കാനോ ആയിരുന്നില്ല, മറിച്ച് ആരും ബഹിഷ്കൃതരാകാത്തൊരു മാതൃകാലോകത്തിന്റെ സൃഷ്ടിയും സ്ഥിതിയും യോഗത്തിലൂടെ കൈവരുത്തുക എന്നതായിരുന്നു ഗുരുവിന്റെ സാമൂഹിക ദൗത്യം.
അതുകൊണ്ടുതന്നെ ആ സാമൂഹിക ദൗത്യത്തിന്റെ ചരിത്രവും ആധുനിക കേരളത്തിന്റെ ചരിത്രവും ഒന്നിനൊന്ന് ചേർന്ന് നിൽക്കുന്ന വലിയൊരു ചരിത്രമാണ്. ആ മഹാചരിത്രത്തിന്റെ രചയിതാക്കളിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ ചേർത്തുവയ്ക്കുവാനുള്ള നിയോഗമുണ്ടായത് വെള്ളാപ്പള്ളി നടേശൻ അവർകൾക്കാണ്. യോഗം അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദുർബലമായി പോയ ഒരു സാഹചര്യത്തിലാണ് യോഗത്തിന്റെ സാരഥിയായി അദ്ദേഹം നിയോഗിക്കപ്പെട്ടത്. പിന്നോട്ടു നോക്കി മുന്നോട്ടു നയിക്കാനുള്ള വലിയ സംഘടനാവൈഭവം അദ്ദേഹത്തിനുണ്ട്. മറ്റുള്ളവർക്കില്ലാത്തതും അതാണ്.
എസ്.എൻ.ഡി.പി യോഗത്തെ ഇന്നു കാണുന്ന നിലയിൽ കരുത്താർജ്ജിച്ചു നിൽക്കുവാൻ എന്തൊക്കെയാണ് വേണ്ടത് എന്ന് നല്ല തിരിച്ചറിവുള്ള നേതാവാണ് വെള്ളാപ്പള്ളി നടേശൻ. ആ ബോദ്ധ്യമാണ് അദ്ദേഹത്തെ നയിക്കുന്നത്. അതുകൊണ്ടുതന്നെ അതിനെതിരെ വന്നു പെടുന്ന യാതൊന്നിനെയും വകവയ്ക്കേണ്ടതായിട്ടില്ലാത്ത അപൂർവമായ ഒരു സംഘടനാവ്യക്തിത്വം നേടിയെടുത്ത ആളാണ് അദ്ദേഹം. യോഗത്തിന്റെ ചരിത്രത്തിൽ ടി.കെ.മാധവന് ഉണ്ടായിരുന്ന സംഘടനാ ബോദ്ധ്യത്തിനും സംഘാടക വൈഭവത്തിനും ശേഷം അതേനിലയിൽ ഒരു തുടർച്ച പിന്നീട് കാണാനാവുന്നത് വെള്ളാപ്പള്ളി നടേശനിലാണ്.
ഇന്നത്തെ യോഗം പ്രവർത്തകരിൽ കാണുന്ന ആർജ്ജവത്തിന്റെ പ്രചോദന കേന്ദ്രമായി നിലകൊള്ളുന്ന വെള്ളാപ്പള്ളി നടേശൻ യോഗത്തിന്റെ ശക്തിയും ശബ്ദവുമായിട്ട് മൂന്ന് പതിറ്റാണ്ടാകുന്നു. ശ്രീനാരായണ ട്രസ്റ്റിന്റെയും എസ്.എൻ.ഡി.പി യോഗത്തിന്റെയും അമരത്ത് ഇത്രയും കാലം നിയോഗിതനായിരിക്കുവാൻ മറ്റാർക്കുമായിട്ടില്ലെന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ അംഗീകാരത്തിനുള്ള ദൃഷ്ടാന്തം. ഏതു പ്രതിസന്ധികളെയും നിശ്ചയദാർഢ്യം കൊണ്ട് മറികടക്കാനുള്ള ബൗദ്ധികവഴക്കം അദ്ദേഹത്തിന്റെ സവിശേഷതയാണ്. ഏർപ്പെടുന്ന ഏതു രംഗത്തും നിറഞ്ഞു കവിയുവാൻ സാദ്ധ്യമാകുന്നതും അതുകൊണ്ടുതന്നെ.
കണിച്ചുകുളങ്ങര വായനശാലയിൽ നിന്നു തുടങ്ങുന്ന വെള്ളാപ്പള്ളി നടേശന്റെ പൊതുപ്രവർത്തനരംഗം വായനയേറെ വേണ്ടിവരുന്ന വലിയൊരു ഗ്രന്ഥം പോലെയാണ്. വെള്ളാപ്പള്ളി നടേശന്റെ ജനോപകാരപ്രദമായ ജീവിതശൈലി തകഴിക്കും കാക്കനാടനും എസ്.എൽ പുരത്തിനുമൊക്കെ അദ്ദേഹത്തെ ഏറെ പ്രിയപ്പെട്ടവനാക്കി. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നിലനിന്നിരുന്ന വേലപടയണി എന്ന ആചാരം, സമൂഹത്തെ ദുർബലപ്പെടുത്തുന്നതാണെന്ന് കണ്ടറിഞ്ഞ് ആ ആചാരത്തെ നിറുത്തൽ ചെയ്യുവാൻ ധൈര്യം കാണിച്ച അദ്ദേഹത്തിന് ഗുരുദേവന്റെ ക്ഷേത്രസങ്കൽപ്പം വിഭാവനം ചെയ്യുന്ന സാമൂഹ്യാഭിവൃദ്ധിക്കുള്ള മാർഗങ്ങൾ തുറന്നിടാനായി.
യോഗത്തിന്റെ ആത്മീയാടിത്തറ, ശിവഗിരി മഠമാണെന്ന ബോദ്ധ്യം അദ്ദേഹത്തിനുണ്ട്. 1928ൽ അന്നത്തെ യോഗ നേതൃത്വത്തിന്റെ ചില ഇടപെടലുകളാൽ നടക്കാതെ പോയ ഗുരുദേവന്റെ യതിപൂജ മഹാസമാധിയുടെ നവതിവേളയിൽ ഇപ്പോഴത്തെ യോഗ നേതൃത്വത്തിന്റെ പ്രതിജ്ഞാബദ്ധമായ ഇടപെടൽ കൊണ്ട് ധന്യമാക്കുവാൻ കഴിഞ്ഞത് ആ ബോദ്ധ്യത്തിന്റെ നിറവേറലിന് ഉദാഹരണമാണ്. വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ മഹാസമാധി നവതി യതിപൂജാ കമ്മിറ്റിയാണ് മഹാസമാധി നവതി സ്മാരക അന്നക്ഷേത്രത്തിന്റെ നിർമ്മാണം നടത്തിയതെന്ന കാര്യവും കൃതാർത്ഥതയോടെ സ്മരിക്കുന്നു.
ലക്ഷ്യം സദുദ്ദേശ്യമെങ്കിൽ മാർഗങ്ങൾ തടസമാവുകയില്ലെന്ന വീക്ഷണത്തെ അടിവരയിടുന്ന വിധം സാമൂഹ്യപരിഷ്കരണ രംഗത്തും യോഗ പ്രവർത്തന രംഗത്തും സവിശേഷമായ സാന്നിദ്ധ്യം ഉറപ്പിക്കാൻ അനായാസം സാധിക്കുന്ന വെള്ളാപ്പള്ളി നടേശന്റെ കർമ്മമണ്ഡലം യോഗചരിത്രത്തെ കൂടുതൽ പരിശോഭയുള്ളതാക്കി തീർക്കട്ടെ എന്ന് ആശംസിക്കുന്നു. ഒപ്പം അദ്ദേഹത്തിന്റെ ഈ ബഹുശോഭിതമായ ലൗകിക ജീവിതത്തിന്റെ ഈ നവതി വേളയിൽ ഇനിയും ദീർഘകാലം ആയുരാരോഗ്യ സൗഖ്യത്തോടെ ആഴാനും വാഴാനും ഗുരുദേവാനുഗ്രഹം ഉണ്ടാവട്ടെ എന്നും പ്രാർത്ഥിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |