
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി പദത്തിൽ മൂന്ന് പതിറ്റാണ്ടിലേറെയായി സേവനനിരതനായി നിലകൊള്ളുകയെന്ന അപൂർവ ചരിത്രത്തിനും അപൂർവ വ്യക്തിത്വത്തിനും ഉടമയാണ് വെള്ളാപ്പള്ളി നടേശൻ. ഈ നവതിവേളയിൽ അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യവും സർവമംഗളങ്ങളും പ്രാർത്ഥനാപൂർവം നേർന്നുകൊള്ളുന്നു. നേതാവില്ലാത്ത സമുദായം എന്ന അപഖ്യാതി ഉന്നയിച്ചവരെക്കൊണ്ടുതന്നെ നേതാവുള്ള സമുദായം എന്നു തിരുത്തി വിചാരിപ്പിക്കുവാൻ കഴിഞ്ഞ നേതൃപാടവമാണ് വെള്ളാപ്പള്ളി നടേശന്റെ കരുത്ത്.
വിമർശിക്കുന്തോറും കരുത്താർജ്ജിക്കുന്ന, അല്ലെങ്കിൽ എതിർക്കുന്തോറും ശക്തിയാർജ്ജിക്കുന്ന ബൗദ്ധിക തന്ത്രജ്ഞതയാണ് അദ്ദേഹത്തിന്റെ കൈമുതൽ. ഇടക്കാലത്ത് തകർന്നടിഞ്ഞുപോയ യോഗത്തിന്റെ സംഘടനാശക്തി യോഗത്തിന്റെ തന്നെ ഇങ്ങേയറ്റം മുതൽ അങ്ങേയറ്റം വരെ പൂർവാധികം ശക്തമായി തിരികെ കൊണ്ടുവരാൻ അദ്ദേഹത്തിനായത് ഗുരുദേവന്റെ സംഘടനാസന്ദേശവും ടി.കെ. മാധവന്റെ സംഘടനാപാടവവും ആർ. ശങ്കറിന്റെ സംഘടനാ വൈഭവവും ഒത്തിണങ്ങുന്ന ചരിത്രബോധം കാലത്തിനൊത്ത് പ്രയോഗത്തിൽ വരുത്താനായതുകൊണ്ടാണ്.
ഏതൊരു സംഘടനയെയും അതിന്റെ ഉത്തമലക്ഷ്യത്തിലേക്കു നയിക്കുവാൻ വേണ്ടത് ഉറച്ച നിശ്ചയദാർഢ്യവും ആത്മധൈര്യവും ശീഘ്രകർത്തവ്യ ബോധവുമാണ്. അതെല്ലാം വേണ്ടുവോളമുള്ളയാളാണ് വെള്ളാപ്പള്ളി നടേശൻ. അതുകൊണ്ടാണ് സാധാരണക്കാരുടെ നോട്ടത്തിൽ എതിരെന്നു കാണുന്നതിനെയെല്ലാം പതിരാക്കിവിടുവാൻ അദ്ദേഹത്തിനാകുന്നത്. ശിവഗിരിയുമായുള്ള അദ്ദേഹത്തിന്റെ ആത്മബന്ധം തലമുറകളിലൂടെ പകർന്നു വന്നിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താൻ മാത്രം ഉദ്ദേശിച്ചുകൊണ്ടുള്ളതല്ല അദ്ദേഹത്തിന്റെ ഗുരുസേവ.
അതിനുള്ള ഏറ്റവും ഉദാത്തവും ഉത്തമവുമായ ദൃഷ്ടാന്തമാണ് തൃപ്പാദങ്ങളുടെ മഹാസമാധി നവതിവേളയിൽ എസ്.എൻ.ഡി.പി യോഗം മുൻകൈയെടുത്ത് ശിവഗിരി മഠത്തിൽ നടത്തപ്പെട്ട മഹായതിപൂജ. ഒൻപതു പതിറ്റാണ്ടുകൾക്ക് മുൻപ് മുടങ്ങിപ്പോയ തൃപ്പാദങ്ങളുടെ യതിപൂജയും മണ്ഡലമഹാപൂജയും വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ നടത്തിയപ്പോൾ, അത് ഗുരുദേവനോടുള്ള യോഗത്തിന്റെ ഒരു ഋണം വീട്ടലായിത്തീരുകയായിരുന്നു.
ഇന്ന് ശിവഗിരിയുടെ പൂമുഖത്തിനലങ്കാരമായി ശോഭിക്കുന്ന മഹാസമാധി നവതി സ്മാരക അന്നക്ഷേത്രം ആ ഋണം വീട്ടലിന്റെ മനോഹരമായൊരു പൊൻതൂവലായിക്കൂടി ചരിത്രത്തിലിടം നേടിയിരിക്കുകയാണ്. ശിവഗിരി മഠത്തെ സംബന്ധിച്ചിടത്തോളം തൃപ്പാദങ്ങളുടെ തിരുകരങ്ങളാൽ പിറവി കൊണ്ട എസ്.എൻ.ഡി.പി യോഗം വേറിട്ടതായ ഒന്നല്ല, മഠത്തിന്റെ ഏറ്റവും ശക്തമായ ജനകീയാടിത്തറയാണ്. അതുപോലെ തന്നെ യോഗത്തിന്റെ ആത്മീയാടിത്തറയെന്നത് ശിവഗിരി മഠവുമാണ്.
യോഗത്തെ ശിഥിലമാക്കുവാനുള്ള ബാഹ്യശക്തികളുടെ ഒളിയമ്പുകളെ പാട്രിയറ്റ് മിസൈലുപോലെ തകർത്തു കളയുന്ന വെള്ളാപ്പള്ളി നടേശന്റെ സാരഥ്യവും നേതൃത്വവും യോഗത്തിന്റെ ഭാവിയിലെ വലിയൊരു കരുതലായിത്തീരട്ടെയെന്നു പ്രത്യാശിക്കാം. നവതിയുടെ നിറവിലെത്തിയ വെള്ളാപ്പള്ളി നടേശന് എല്ലാവിധ നന്മകളും ആശംസിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |