SignIn
Kerala Kaumudi Online
Wednesday, 16 September 2026 1.39 AM IST

വിശ്വകർമ്മ ജയന്തിയും ഋഷി പഞ്ചമിയും

a

മനുഷ്യജീവിതത്തിന്റെ ചിട്ടയായ പാരമ്പര്യമാണ് ഭാരതീയ സംസ്‌കാരം വെളിപ്പെടുത്തുന്നത്. ഭൗതിക ലോകത്തിലെ അദ്ധ്വാനത്തിനും ആത്മീയ ലോകത്തിലെ ജ്ഞാനത്തിനും ഒരുപോലെ പ്രാധാന്യമുണ്ട്. ഈ രണ്ടു തലങ്ങളെയും ഒരുപോലെ ആദരിക്കുന്ന അത്യപൂർവമായ രണ്ട് വിശേഷ ദിനങ്ങളാണ് 'വിശ്വകർമ്മ ജയന്തി'യും 'ഋഷി പഞ്ചമി'യും. മനുഷ്യനിർമ്മിതമായ ഭൗതിക ലോകത്തിലെ ഏതു നിർമ്മാണവും ദൈവികമായ ഒരു കർമ്മമാണെന്ന തിരിച്ചറിവാണ് 'വിശ്വകർമ്മജയന്തി ദിനം' വെളിവാക്കുന്നത്.

ഹിന്ദു കലണ്ടർ പ്രകാരം ഭാദ്രപദ മാസത്തിൽ കന്യാരാശിയിൽ കന്യാസംക്രാന്തി ദിനത്തിൽ (2026 സെപ്‌തംബർ 17, 1202 കന്നി 01) വിശ്വകർമ്മജയന്തി ദിനം ആചരിക്കുന്നു. ഋഷി പഞ്ചമി ദിനവുമായി ഈ ദിനത്തിന് അഭേദ്യമായ ബന്ധമുണ്ട്. വിശ്വകർമ്മ ജയന്തി ഹസ്‌തകലകളുടെ മഹത്വം പങ്കുവയ്ക്കുമ്പോൾ ഋഷി പഞ്ചമിദിനം (2026 സെപ്തംബർ 16) തലമുറകളിലേക്ക് ജ്ഞാനം പകർന്നു നൽകിയ ആചാര്യന്മാരോടുള്ള കടപ്പാട് അനുസ്മരിക്കുന്നു.

ദേവശില്പിയായ വിശ്വകർമ്മദേവന്റെ ജന്മദിനം കേരളത്തിൽ വിശ്വകർമ്മ ജയന്തിയായി ആഘോഷിക്കുന്നു. 'വിശ്വം' എന്നാൽ 'ലോകം'. 'കർമ്മാവ്' എന്നാൽ 'സ്രഷ്ടാവ്'. ബ്രഹ്മാവിനു മുന്നേ പ്രപഞ്ചം സൃഷ്ടിച്ച പരബ്രഹ്മരൂപമാണ് വിശ്വകർമ്മാവ് എന്നാണ് ഋഗ്വേദത്തിൽ പ്രതിപാദിക്കുന്നത്. വിശ്വകർമ്മ സൂക്തങ്ങൾ പ്രപഞ്ചോല്പത്തിയെക്കുറിച്ചും അതിന്റെ നിർമ്മാണത്തെക്കുറിച്ചും പറയുന്നു.

സൃഷ്ടിക്കു മുന്നേ സർവം ശൂന്യമായിരുന്ന അവസ്ഥയിൽ ശബ്ദം (ഓം കാരം) ബ്രഹ്മമായി. ഈ ബ്രഹ്മം അദൃശ്യവും നിരാലംബവുമായിരുന്നു. ആകാശം, വായു, ഭൂമി, വെള്ളം, തേജസ്, ചിത്തം, ബ്രഹ്മാവ്, വിഷ്ണു, രുദ്രൻ, സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവ ഒന്നുമില്ലാത്ത അവസ്ഥ. ഈ ബ്രഹ്മം പഞ്ചമുഖ ബ്രഹ്മാവായി ലോകത്തെ സൃഷ്ടിച്ച് വിശ്വകർമ്മദേവനായി എന്നാണ് 'മത്സ്യപുരാണം' പറയുന്നത്.

ഗോത്രങ്ങളും

തൊഴിൽ വിഭാഗങ്ങളും

വിശ്വകർമ്മാവിന്റെ പിൻതലമുറയെ അഞ്ച് ഗോത്രങ്ങളായി തിരിച്ചിരിക്കുന്നു. മനു, മയൻ, ത്വഷ്ടാവ്, ശില്പി, വിശ്വജ്ഞ എന്നീ അഞ്ചു പുത്രന്മാരാണ് ഈ അഞ്ചു ഗോത്രങ്ങളുടെ അധിപന്മാർ. ഈ അഞ്ചു പുത്രന്മാർ അഞ്ച് കലകളെ അതായത് സമൂഹത്തിലെ അഞ്ച് തൊഴിൽ വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഋഗ്വേദാചാര്യനായ മാനസാര ബ്രഹ്മാവിന്റെ (മനു) പിൻ തലമുറ- സാനഗ ഗോത്രം- കായികമായ ആയുധങ്ങൾ നിർമ്മിക്കുന്നു (ഇരുമ്പ് പണി),. യജുർവേദാചാര്യനായ മയ ബ്രഹ്മാവിന്റെ പിൻതലമുറ- സനാതന ഗോത്രം- തടിപ്പണികളും വാദ്യോപകരണങ്ങളും നിർമ്മിക്കുന്നു (തച്ചുപണി). സാമവേദാചാര്യനായ ത്വഷ്ടാവ് ബ്രഹ്മാവിന്റെ പിൻതലമുറ- അഹദവന ഗോത്രം- ചെമ്പ്, പിച്ചളപ്പണി (മൂശാരി)- ഓട്ടുപാത്രങ്ങളും നിലവിളക്കുകളും മറ്റും നിർമ്മിക്കുന്നു.

ശില്പി ബ്രഹ്മാവിന്റെ പിൻതലമുറ- പ്രത്ന ഗോത്രം. കല്ല് പണി അതായത് ഈശ്വരാരാധനയ്ക്കുള്ള ശില്പങ്ങളും മറ്റും നിർമ്മിക്കുന്നു. വിശ്വജ്ഞ ബ്രഹ്മാവിന്റെ പിൻതലമുറ (സുപർണഗോത്രം) - സ്വർണം, വെള്ളി തുടങ്ങിയ ആഭരണനിർമ്മാണം. ഇവരെ പൊതുവെ വിശ്വകർമ്മജർ എന്ന സമുദായമായി കാണുന്നു. വിരാട് വിശ്വകർമ്മാവിന്റെ വരം ലഭിച്ചവരാണ് ഈ വിശ്വകർമ്മജരെന്ന് തൊഴിൽ വൈദഗ്ദ്ധ്യങ്ങളിൽ നിന്നും മനസിലാക്കാം.

ഭാരതത്തിൽ വിശ്വകർമ്മജരെ വിശ്വബ്രാഹ്മണരെന്നാണ് അറിയപ്പെടുന്നത്. സ്വയം പൂണൂലിടാനുള്ള അവകാശം വിശ്വകർമ്മ സമുദായത്തിനുണ്ട്. ഈ സമുദായം വിശ്വകർമ്മദേവനെ കുലദൈവമായി ആരാധിച്ചുവരുന്നു. വിശ്വകർമ്മദിനത്തിൽ യന്ത്രങ്ങളും ഉപകരണങ്ങളും പണിയായുധങ്ങളും വച്ചുള്ള പൂജ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ഭാഗ്യദിനമായി കാണുന്നു.

ബുദ്ധിവൈഭവത്തിലും കർമ്മശേഷിയിലും മുന്നിട്ടു നിൽക്കുന്ന ഈ സമുദായം തന്നെയാണ് സപ്‌തർഷികളായ കശ്യപൻ, അത്രി, ഭരധ്വാജൻ, വിശ്വാമിത്രൻ, ഗൗതമൻ, ജമദഗ്നി, വസിഷ്ഠൻ എന്നിവരെ സ്‌മരിക്കുന്നതിനും അവരുടെ അനുഗ്രഹം നേടുന്നതിനുമായി ' ഋഷിപഞ്ചമി വ്രതം' അനുഷ്ഠിക്കുന്നതും. തിരുവനന്തപുരം പേട്ട താഴശ്ശേരിയിലെ ശ്രീ വിരാട് വിശ്വബ്രഹ്മ ക്ഷേത്രത്തിൽ ഋഷി പഞ്ചമി ഉത്സവമായിട്ടാണ് ആഘോഷിക്കുന്നത്.

( ലേഖകന്റെ നമ്പർ 9847148802 )

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VISHWAKARMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION