
ഇന്ത്യ അതിന്റെ ചരിത്രത്തിലെ ഏറ്റവും സുപ്രധാന ഡിജിറ്റൽ പശ്ചാത്തല മുന്നേറ്റത്തിന്റെ പാതയിലാണ്. റോഡുകളും പാലങ്ങളും വിമാനത്താവളങ്ങളും റെയിൽവേ സ്റ്റേഷനുകളുമൊക്കെയാണ് പരമ്പരാഗതമായി സാമ്പത്തിക വളർച്ചയുടെ അടിസ്ഥാനമായി കരുതപ്പെട്ടിരുന്നതെങ്കിൽ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഡിജിറ്റൽ സെന്ററുകൾ കൂടി അതിലേക്കു വന്നിരിക്കുകയാണ്. ഇത് ആധുനിക സമ്പദ്ഘടനയുടെ നട്ടെല്ലായി മാറിയിരിക്കുകയാണ്. ഇങ്ങനെ ഇന്ത്യ ആഗോള ഡിജിറ്റൽ പവർ ഹൗസ് എന്ന നിലയിൽ സ്ഥാനപ്പെടുത്തിയപ്പോൾ, കേരളം അതിൽ പുതിയ സാദ്ധ്യതകൾ തേടി വളർന്നുകൊണ്ടിരിക്കുകയാണ്.
ലോകത്തെ ഡാറ്റാ ഉത്പാദനത്തിന്റെ 20 ശതമാനം ഇന്ത്യയിലാണ്. എന്നാൽ നിലവിൽ ലോക ഡാറ്റ ഉത്പാദന ശേഷിയുടെ ആറു ശതമാനത്തിൽ താഴെ മാത്രമാണിത്. ഈ വിടവ് നമുക്ക് വലിയ അവസരം നൽകുന്നുണ്ട്.
ഇന്ത്യയുടെ ഓപ്പറേഷണൽ ഡാറ്റാ ശേഷി 1.1ജിഗാ വാട്സ് കഴിഞ്ഞിട്ടുണ്ട്. അടുത്ത പതിറ്റാണ്ടിൽ ഇത് കൂടുതൽ വികസിക്കും എന്നാണ് കണക്കാക്കുന്നത്. 2030 ആകുന്നതോടെ ഇത് 8 മുതൽ 9 ജിഗാവാട്ട്സ് വരെയായി ഉയരുമെന്നും കണക്കാക്കപ്പെടുന്നു. ഇതിന് 3000 കോടി ഡോളറിലധികം നിക്ഷേപിക്കേണ്ടിവരും. ചില കണക്കുകൾ പറയുന്നത് 2027 ആകുമ്പോൾ ഇന്ത്യൻ ഡാറ്റാ സെന്റർ ആവാസ വ്യവസ്ഥയിൽ മൊത്തത്തിലുള്ള നിക്ഷേപം 10000 കോടി ഡോളറാകുമെന്നാണ്. ഇത്തരമൊരു മുന്നേറ്റത്തിനു സഹായകമായി പല ഘടകങ്ങളുണ്ട് - ഇന്ത്യയിൽ ഇപ്പോൾ 95 കോടിയിലേറെ ഇന്റർനെറ്റ് ഉപയോക്താക്കളുണ്ട്.
140 കോടി മൊബൈൽ കണക്ഷനുകളുമുണ്ട്. ഓരോ മാസവും ശതകോടി പണമിടപാടുകളാണ് യു.പി.ഐ വഴി നടക്കുന്നത്. എ.ഐ, ക്ലൗഡ് കമ്പ്യൂട്ടിങ്ങ്, ഇ-കൊമേഴ്സ്, സ്ട്രീമിംഗ് സർവീസുകൾ, സർക്കാർ തല ഡിജിറ്റൽ വത്കരണ പരിപാടികൾ എന്നിവയിലൂടെ അഭൂതപൂർവമായ ഡാറ്റാ ഉത്പാദനമാണ് രാജ്യത്തു നടക്കുന്നത്. ആഗോള ടെക്നോളജി കമ്പനികൾ ഇന്ത്യൻ ഉപയോക്താക്കളുമായി സാമീപമുള്ള പശ്ചാത്തല വികസനമാണ് ആഗ്രഹിക്കുന്നത്. ഇതിന്റെ ഫലമായി ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ, മെറ്റ എന്നിവർ ഇന്ത്യയിൽ കൂടുതൽ സാന്നിദ്ധ്യമുണ്ടാക്കാനാണ് താത്പര്യപ്പെടുന്നത്. ഇതിനൊപ്പം നമ്മുടെ രാജ്യത്തു തന്നെയുള്ള റിലയൻസ്, അദാനി, എയർടെൽ, കൺട്രോൾ എസ്, സിഫി തുടങ്ങിയവരും കോടികൾ നിക്ഷേപിക്കുന്നുണ്ട്.
ചരിത്രപരമായി മുംബായ്, ചെന്നൈ, ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളാണ് ഡാറ്റാ സെന്റർ ഭൂപടത്തിൽ മേധാവിത്വം പുലർത്തുന്നത്. അന്താരാഷ്ട്ര കേബിൾ ലാൻഡിംഗ് സ്റ്റേഷനുകളുമായും ധനകാര്യ സ്ഥാപനങ്ങളുമായുള്ള സാമീപ്യം കൊണ്ട് മുംബായാണ് രാജ്യത്തെ ഡാറ്റാ സെന്റർ ഓപ്പറേഷന്റ പകുതിയിലേറെയും കൈകാര്യം ചെയ്യുന്നത്. ഇന്ത്യയെ ദക്ഷിണേഷ്യയും അതിനപ്പുറമുള്ള രാജ്യങ്ങളുമായി സമുദ്രത്തിനടിയിലൂടുള്ള കേബിൾ കണക്ട് വിറ്റി സൗകര്യമുള്ളതുകൊണ്ട് ഇക്കാര്യത്തിൽ ചെന്നൈയ്ക്കും നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്.
വളർച്ചയുടെ അടുത്ത ഘട്ടം കൂടുതൽ വൈവിദ്ധ്യ പൂർണമായിരിക്കും. ഭൂമിലഭ്യത, ഇന്ധന വിലവർദ്ധന, ജല ദൗർലഭ്യം, നഗരവത്കരണം എന്നിവ മൂലം ഓപ്പറേറ്റർമാർ പുതിയ സങ്കേതങ്ങൾ നേടാൻ നിർബന്ധിതരായിരിക്കുകയാണ്. ഇവിടെയാണ് കേരളത്തിന്റെ പ്രസക്തി.
ഭാവിയിൽ ഒരു ഡിജിറ്റൽ ഹബ്ബായി മാറുന്നതിനുള്ള എല്ലാ സവിശേഷ ചുറ്റുപാടുകളും കേരളത്തിനുണ്ട്.
#ഏറ്റവും പ്രധാനം കണക്ടിവിറ്റി. കേരളത്തിന്റെ തന്ത്രപരമായ സ്ഥലരാശി അന്താരാഷ്ട്ര സമുദ്ര കേബിൾ ശൃംഖലയുമായി നേരിട്ട് ബന്ധപ്പെടാൻ സൗകര്യപ്രദമാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യുറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളുമായി ബന്ധപ്പെടാനുള്ള ഡിജിറ്റൽ കവാടമാണ്.
#രണ്ടാമത്തേത് ഊർജമാണ്. ഡാറ്റാ സെന്ററുകൾ ഊർജം വലിയ തോതിൽ ആവശ്യമുള്ള മേഖലയാണ് - എ.ഐ ഉപയോഗം വ്യാപകമാകുന്നത് കൂടുതൽ ഊർജം ആവശ്യപ്പെടുന്നു. എ.ഐ സെർവറുകൾ കൂടുതൽ വൈദ്യുതി ഊർജം ഉപയോഗിക്കുന്നവയാണ്. കേരളത്തിന്റെ വൈദ്യുതിയിലെ അടിസ്ഥാന സൗകര്യ വികസനവും ഊർജ പുനരുപയോഗ സംവിധാനങ്ങളും ഭാവി നിക്ഷേപങ്ങൾക്ക് കൂടുതൽ വഴിയൊരുക്കുന്നതാണ്.
#മൂന്നാമത്തേത് മനുഷ്യ മൂലധനം . ഉയർന്ന സാക്ഷരതാനിരക്ക്, എഞ്ചിനിയറിങ്ങിലും ഐ.ടിയിലും മാനേജ്മെന്റിലും പ്രതിഭകളെ ലഭിക്കുന്ന സാഹചര്യം, എന്നിവയെല്ലാം കേരളത്തെ ഒരു ടെക്നോളജി ഡെസ്റ്റിനേഷനായി മാറ്റുന്നുണ്ട്. വിദഗ്ദ്ധ പ്രൊഫഷണലുകളെ ലഭിക്കുന്നതു മൂലം ഡിജിറ്റൽ നെറ്റ് വർക്കിംഗ് ഓപ്പറേറ്റർമാർക്ക് ചെലവു കുറയുന്നെന്ന പ്രത്യേകതയുമുണ്ട്.
കേരളം ഇപ്പോൾത്തന്നെ ഈ ദിശയിൽ ചില ചുവടു വയ്പുകൾ നടത്തുന്നുണ്ട്. ചില സ്വകാര്യ സംരംഭകരും ഇതിൽ താൽപ്പര്യം കാട്ടുന്നുണ്ട്.
ഇതിൽ നിന്നുള്ള സാമ്പത്തിക നേട്ടം നിർണായകമാണ്. ഡാറ്റാ സെന്ററുകളുടെ സ്ഥാപനത്തിന് വലിയ തോതിൽ മൂലധനച്ചെലവുണ്ട്.
അവസരങ്ങൾ ഒരുക്കി എ.ഐ
എ.ഐ. വികസനം കേരളത്തിന് കൂടുതൽ അവസരമൊരുക്കുന്നുണ്ട്. എ ഐ യ്ക്ക് ഏറെ കമ്പ്യൂട്ടിങ്ങ് ശേഷി വേണം. വികസിച്ച എ ഐ മോഡലുകളുടെ പരിശീലനത്തിന് ഗ്രാഫിക് പ്രോസസിംഗ് യൂണിറ്റുകൾ, ഹൈ ഡെൻസിറ്റി സെർവറുകൾ, മികച്ച ശീതീകരണ സംവിധാനങ്ങൾ എന്നിവയടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ അനിവാര്യമാണ്. ഈ സൗകര്യങ്ങളെല്ലാം ഒരുക്കാൻ കഴിയുന്ന രാജ്യങ്ങൾക്കും മേഖലകൾക്കുമാണ് ഡിജിറ്റൽ ഡാറ്റാ വികസനത്തിന്റെ അടുത്ത ഘട്ടത്തിൽ നേട്ടമുണ്ടാക്കാൻ കഴിയുക. ഡിജിറ്റൽ വഴിത്തിരിവുണ്ടാക്കുന്നതിൽ ഏഷ്യയ്ക്കും യൂറോപ്പിനും ആഫ്രിക്കയ്ക്കും കേരളത്തെ ശക്തിപ്പെടുത്താൻ കഴിയും.
2030 ഓടെ രാജ്യത്തെ വൈദ്യുതി ഉപഭോഗത്തിന്റെ 2:5ശതമാനത്തിലേറെയും വേണ്ടി വരിക ഡാറ്റാ സെന്ററുകൾക്കാണ്. നിലവിൽ അത് ഒരു ശതമാനം മാത്രമാണ്.
അതുകൊണ്ട് കേരളത്തിന് അവസരങ്ങളുടെ ജാലകം തന്നെ തുറന്നു കിട്ടുകയാണ്.
ഇന്ത്യയുടെ ഡാറ്റാ സെന്റർ വളർച്ച ആത്യന്തികമായി സെർവറുകളിലും സ്റ്റോറേജ് സൗകര്യങ്ങളിലും ഒതുങ്ങുന്നതല്ല. അത് സാമ്പത്തിക മത്സരാധിഷ്ഠിത,സാങ്കേതിക പരമാധികാരം,ഭാവി വികസനം എന്നിവയിൽ അധിഷ്ഠിതമാണ്. ഇന്ത്യ 21-ാം നൂറ്റാണ്ടിലെ ഡിജിറ്റൽ അടിത്തറ രൂപപ്പെടുത്തുമ്പോൾ കേരളത്തിന് അതിന്റെ കേന്ദ്ര ബിന്ദുവായി മാറാൻ കഴിയും. അടുത്ത പശ്ചാത്തല വികസന മുന്നേറ്റം ഹൈവേകളിലോ വിമാനത്താവളങ്ങളിലോ ഒതുങ്ങുന്നതായിരിക്കുകയില്ല. അത് ലോകത്തിന്റെ ഡാറ്റ എവിടെ സ്ഥിതി ചെയ്യുന്നു എന്നതിലായിരിക്കും. കേരളം ഇക്കാര്യത്തിൽ ഏറ്റവും സുപ്രധാന സ്ഥാനം അലങ്കരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |