
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പത്തനംതിട്ട ജില്ലയിലെ യു.ഡി.എഫിന് വലിയ തിരിച്ചുവരവിന്റേതായിരുന്നു. അഞ്ചിൽ നാല് മണ്ഡലങ്ങളും ഇടതു മുന്നണിയിൽ നിന്ന് തിരിച്ചുപിടിച്ചു. പിണറായി സർക്കാരിനോടുള്ള ഭരണവിരുദ്ധ വികാരം കൊണ്ട് മാത്രം നേടിയ വിജയമല്ലത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും യു.ഡി.എഫ് വൻവിജയം കൊയ്തു. കോൺഗ്രസിന്റെ സംഘടനാ സംവിധാനം താഴേത്തട്ടു മുതൽ പുന:സംഘടിപ്പിച്ച് ശക്തമായ അടിത്തറയൊരുക്കി. വാർഡ്, മണ്ഡലം കമ്മിറ്റികളെല്ലാം ഉണർന്നു. യു.ഡി.എഫ് പ്രതീക്ഷിക്കാത്ത വിജയം തദ്ദേശ തിരഞ്ഞെടുപ്പിൽ നേടി. പിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം സമ്മാനിച്ചു. വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്ന യു.ഡി.എഫ് സർക്കാരിൽ ജില്ലയ്ക്ക് ഒരു മന്ത്രിസ്ഥാനം പ്രതീക്ഷിച്ചു. വി.ഡി സതീശൻ സർക്കാർ അവതരിപ്പിച്ച പുതുക്കിയ ബഡ്ജറ്റിൽ ജില്ലയ്ക്ക് വേണ്ടി എന്തെങ്കിലും വിസ്മയം ഒളിപ്പിച്ചു വച്ചിട്ടുണ്ടാകുമെന്ന് ജനം കരുതി. മന്ത്രിയില്ലാത്ത ജില്ലയല്ലേ, വലിയൊരു പരിഗണന ജില്ലയ്ക്ക് കിട്ടുമെന്ന് കരുതി. പക്ഷെ, ബഡ്ജറ്റും നിരാശപ്പെടുത്തി. ജില്ലയ്ക്ക് കിട്ടിയത് നാമമാത്രമായ പദ്ധതികൾ. പലതും മുൻ സർക്കാർ പ്രഖ്യാപിച്ച പദ്ധതിയുടെ തുടർച്ചയാണെന്നും ആക്ഷേമുണ്ട്.
ശബരിമലയിൽ തിരുപ്പതി മോഡലിൽ ദർശനം, തകർന്നു വീഴാറായ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് പുതിയ കെട്ടിടം പണിയാൻ പന്ത്രണ്ട് കോടി, ആറൻമുള കണ്ണാടി എക്സ്ക്ളൂസീവ് എക്സിബിഷൻ ആൻഡ് ട്രെയിനിംഗ് സെന്റർ, പള്ളിയോടങ്ങളുടെ ഗ്രാന്റ് പതിനായിരത്തിൽ നിന്ന് പതിനയ്യായിരം രൂപയായി ഉയർത്തിയത്, തിരുവല്ല പബ്ളിക് സ്റ്റേഡിയം വികസനത്തിന് ഫണ്ട് എന്നിവയാണ് എടുത്തുപറയാവുന്ന പദ്ധതികൾ. റോഡ് നിർമ്മാണത്തിനും ശുദ്ധജല പദ്ധതികൾക്കും പതിവു പോലെ തുക അനുവദിക്കുക മാത്രം ചെയ്തു. റബറിന്റെ താങ്ങുവില 250 രൂപയായി ഉയർത്തുമെന്നതും വന്യമൃഗശല്യം പരിഹരിക്കാൻ നിർദേശങ്ങളും മുന്നോട്ടുവച്ചതും സംസ്ഥാനത്തെ പൊതുവായ പ്രശ്നങ്ങളിൽപ്പെട്ടതാണ്. അതിന്റെ സ്വാഭാവിക പ്രയോജനം ജില്ലയ്ക്കും ലഭിച്ചേക്കാം.
♦ സ്വന്തം പദ്ധതികളില്ല
ജില്ല അഭിമുഖീകരിക്കുന്ന ഒട്ടേറെ പ്രശ്നങ്ങൾക്ക് ബഡ്ജറ്റിൽ പദ്ധതികളില്ല. ജില്ലയ്ക്ക് സ്വന്തമായി ഒരു പദ്ധതിയെന്ന ആവശ്യം പതിറ്റാണ്ടുകളായുണ്ട്. ആറൻമുളയിൽ ഇലക്ട്രോണിക് പാർക്ക് നിർമ്മിക്കുമെന്ന കഴിഞ്ഞ സർക്കാരിന്റെ പ്രഖ്യാപനം രേഖകളിൽ നിന്ന് പുറത്തേക്ക് വന്നിട്ടില്ല. വിമാനത്താവള പദ്ധതി പ്രദേശമാണ് ഇതിനായി കണ്ടു വച്ചിരുന്നത്. പദ്ധതിയെപ്പറ്റി പുതിയ ബഡ്ജറ്റിൽ മിണ്ടാട്ടമില്ല. നിരവധി യുവാക്കൾക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിന് സഹായകമാകുന്നതായിരുന്നു പദ്ധതി. ജില്ലയിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളും ചേക്കേറുന്ന അവസ്ഥയ്ക്ക് ചെറിയ തോതിലെങ്കിലും മാറ്റം വരുത്താൻ പദ്ധതിക്ക് കഴിയുമെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്.പക്ഷെ, ബഡ്ജറ്റിൽ ആറൻമുള ഇലക്ട്രോണിക് പാർക്ക് സംബന്ധിച്ച ഒരു നിർദേശവുമുണ്ടായില്ല.
ജില്ലയിൽ പൊതുമേഖലയിൽ വ്യവസായ യൂണിറ്റുകൾ തുടങ്ങാൻ മാറിമാറി വരുന്ന സർക്കാരുകൾ നടപടി എടുത്തിട്ടില്ല.
പത്തനംതിട്ടയിലെ റബർ കർഷകർ ഏറെ പ്രതീക്ഷിച്ചിരുന്ന റാന്നിയിൽ റബർ അധിഷ്ഠിത സംസ്കരണ യൂണിറ്റ് നിർമ്മിക്കണമെന്ന പദ്ധതി നിർദേശം നിലവിൽ ഉപേക്ഷിച്ചമട്ടാണ്.
ഇലന്തൂരിലെ ഖാദി വ്യവസായ യൂണിറ്റിനെ പ്രോത്സാഹിപ്പിക്കാൻ ബഡ്ജറ്റ് നിർദേശങ്ങളില്ല.
കുന്നന്താനത്തെയും ഏനാദിമംഗലത്തെയും വ്യവസായ പാർക്കുകളിൽ സ്വകാര്യ സംരംഭകർക്ക് അടിസ്ഥാനസൗകര്യം ഒരുക്കുന്നതിൽ വീഴ്ച വരുത്തുന്നതായി ആക്ഷേപം
സ്ത്രീകൾക്കും കുട്ടികൾക്കുമായി വിഭാവനം ചെയ്ത സുബലാപാർക്ക് പൂർത്തീകരിക്കാനാവാതെ നാലാം പതിറ്റാണ്ടിലേക്ക്. നാല് ഘട്ടങ്ങളിലായി നിർമ്മിക്കാൻ തീരുമാനിച്ച പദ്ധതിയുടെ രണ്ടുഘട്ടം പോലും കടന്നില്ല.
♦ കന്നി ബഡ്ജറ്റിനെതിരെ പ്രതിഷേധം
ജില്ലയ്ക്ക് ഒന്നും തരാത്ത സതീശൻ സർക്കാരിന്റെ കന്നി ബഡ്ജറ്റിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. എൽ.ഡി.എഫും എൻ.ഡി.എയും രാഷ്ട്രീയ ആരോപണങ്ങളുമായി രംഗത്തുവന്നു. ജില്ലയിൽ യു.ഡി.എഫിന്റെ നിറംമങ്ങിയ ബഡ്ജാറ്റായിരുന്നു മുഖ്യമന്ത്രി അവതരിപ്പിച്ചത്. മന്ത്രിയില്ലാത്ത ജില്ലയ്ക്ക് ഇനി എന്തെങ്കിലും പ്രതീക്ഷയ്ക്ക് വകയുണ്ടോ എന്നാണ് ചോദ്യം. പുതിയ സർക്കാർ വന്ന ശേഷം കോർപ്പറേഷൻ,ബോർഡ് ഭരണസമിതികൾ പുന: സംഘടിപ്പിച്ചിട്ടില്ല. ജില്ലയുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട ചില പോസ്റ്റുകൾ യു.ഡി.എഫ് നേതാക്കൾ പ്രതീക്ഷിക്കുന്നുണ്ട്. അതിനു കാത്തിരിക്കുകയാണ്. പോസ്റ്റുകൾ നേടിയെടുക്കാനുള്ള ചരടവു വലികളും അണിയറയിൽ നടക്കുന്നുണ്ട്. എങ്ങനെയായാലും ചുവന്ന ബോർഡുകൾ വച്ച കാറുകൾ ജില്ലയിലും കിടക്കണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. ബോർഡ് വച്ച കാറിൽ കയറുന്നവർ ജനങ്ങളോട് പ്രതിബദ്ധത കാട്ടുകയും വേണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |