SignIn
Kerala Kaumudi Online
Tuesday, 04 August 2026 2.35 AM IST

ജാമ്യക്കാരെ വലയ്ക്കുന്നത് തടയാൻ നടപടി

READ ENGLISH VERSION
1

ചിട്ടിക്ക് ജാമ്യം നിന്നതിന്റെ പേരിൽ സ്വന്തം ശമ്പളത്തിൽ നിന്ന് പണം നഷ്ടപ്പെട്ടിട്ടുള്ളവരും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നവരുമായ നിരവധി സർക്കാർ ഉദ്യോഗസ്ഥർ ഉള്ള നാടാണ് നമ്മു‌ടേത്. വ്യക്തിബന്ധങ്ങളുടെയും മേലുദ്യോഗസ്ഥനെ പിണക്കാൻ കഴിയാത്തതിന്റെ സമ്മർദ്ദത്തിലും മറ്റുമാണ് ഭൂരിപക്ഷം പേരും ജാമ്യം നിൽക്കാൻ തയ്യാറാകുന്നത്. ചിട്ടി പിടിച്ച വ്യക്തി തവണ മുടക്കിയാൽ അത് ജാമ്യക്കാരുടെ ശമ്പളത്തിൽ നിന്ന് ഈടാക്കാമെന്നാണ് വ്യവസ്ഥ. ചിട്ടി പിടിച്ച ചിലർക്ക് അപ്രതീക്ഷിത സാഹചര്യങ്ങളാൽ ചിലപ്പോൾ പണം തിരിച്ചടയ്ക്കാൻ കഴിയാതെ വന്നേക്കാം. അത് വളരെ ചുരുക്കമാണ്. ഭൂരിപക്ഷവും ജാമ്യക്കാരെ വഞ്ചിക്കുന്നതിന്റെ ഭാഗമായാണ് പണം തിരിച്ചടയ്ക്കാതിരിക്കുന്നത്. ഇതൊരു വഞ്ചനയാണെങ്കിലും ഇത് തടയാനോ ഇതിനെതിരെ കോടതിയെ സമീപിക്കാനോ ജാമ്യക്കാർക്ക് കഴിയില്ല. കാരണം ചിട്ടി തവണ മുടങ്ങിയാൽ പണം തന്റെ ശമ്പളത്തിൽ നിന്നും പിടിക്കാമെന്ന് സമ്മതിക്കുന്ന വ്യവസ്ഥയാണ് ജാമ്യക്കാർ മുൻകൂറായി ഒപ്പിട്ട് നൽകിയിരിക്കുന്നത്.

ഇങ്ങനെ താൻ ചെയ്യാത്ത കുറ്റത്തിന് പിഴ നൽകേണ്ടിവരുന്ന സർക്കാർ ജീവനക്കാരുടെ എണ്ണം നിരവധിയാണ്. വർഷങ്ങളായി ഈ സ്ഥിതി തുടർന്നുവരികയാണ്. മേലുദ്യോഗസ്ഥരും സഹപ്രവർത്തകരും മാത്രമല്ല ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ സർക്കാർ ജീവനക്കാരെ ഇങ്ങനെ വഞ്ചിക്കാറുണ്ട്. ഇതിനൊരു പരിഹാരം കാണുന്നതിനെക്കുറിച്ച് സർവീസ് സംഘടനകൾപോലും ഇതുവരെ കാര്യമായി ചിന്തിച്ചിട്ടില്ലായിരുന്നു. ഈ പശ്ചാത്തലത്തിൽ ഇത് തടയാൻ സർക്കാരിന്റെ ധനവകുപ്പ് ഒരു പുതിയ നീക്കം നടത്തിയിരിക്കുന്നത് പൂർണമായും സ്വാഗതം ചെയ്യേണ്ടതു തന്നെയാണ്. സേവന കാലത്തെടുത്ത വായ്‌പ വിരമിച്ചാലും തിരിച്ചടയ്‌ക്കാതെ ജാമ്യക്കാരുടെ തലയിൽ കെട്ടിവയ്ക്കുന്ന സർക്കാർ ജീവനക്കാരുടെ പെൻഷൻ തടയാനാണ് ധനവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

സെക്രട്ടേറിയറ്റിൽ നിന്നും അഡീഷണൽ സെക്രട്ടറിയായി വിരമിച്ച ഒരാളുടെ പെൻഷൻ തടയാനാണ് നടപടിയെങ്കിലും പി.എസ്.സി കൂടി സമ്മതം അറിയിച്ചതിനാൽ ഭാവിയിൽ എല്ലാ കേസുകളിലും ഇത് ബാധകമാകും. ധനവകുപ്പിൽ അഡീഷണൽ സെക്രട്ടറിയായിരുന്ന വ്യക്തി സെക്രട്ടേറിയറ്റ് സ്റ്റാഫ് സഹകരണ സംഘത്തിൽ നിന്ന് 2017ൽ വായ്‌പയെടുത്ത 60 ലക്ഷം രൂപ 2022ൽ വിരമിക്കുന്നതുവരെ തിരിച്ചടച്ചില്ല. ജോയിന്റ് സെക്രട്ടറിമാരായ മൂന്നുപേരുടെ ജാമ്യത്തിലാണ് വായ്‌പ അനുവദിച്ചത്. റിക്കവറിക്ക് നോട്ടീസ് ലഭിച്ച ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്ക് പരാതി നൽകി. പെൻഷനിൽ നിന്ന് തുക തിരിച്ചുപിടിക്കാൻ വകുപ്പില്ലാത്തതിനാൽ ഇയാളുടെ പെൻഷൻ തടഞ്ഞുവയ്ക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. തുക തടഞ്ഞ് സർവീസ് അച്ചടക്ക സമിതി ഉത്തരവിറക്കുകയും ചെയ്തു.

വിരമിക്കുമ്പോൾ സമർപ്പിക്കേണ്ട ബാദ്ധ്യതാരഹിത സർട്ടിഫിക്കറ്റിൽ ബാങ്ക്, സൊസൈറ്റി വായ്‌പ ഉൾപ്പെടുത്തിയിരുന്നില്ല. പെൻഷൻ അനുവദിക്കുന്നതിന് മുമ്പ് ഇത്തരം കാര്യങ്ങൾ കണ്ടെത്തപ്പെടേണ്ടതാണ്. അങ്ങനെ കണ്ടെത്തിയിരുന്നെങ്കിൽ ഗ്രാറ്റുവിറ്റിയിൽ നിന്ന് തുക ഈടാക്കാമായിരുന്നു. ഈ സാഹചര്യത്തിലാണ് ജാമ്യക്കാർ പരാതി നൽകിയത്. തുടർന്ന് വായ്പ തിരിച്ചടയ്ക്കാതെ വിരമിച്ച ഉദ്യോഗസ്ഥനോട് വിശദീകരണം തേടിയെങ്കിലും മറുപടി തൃപ്‌തികരമായിരുന്നില്ല. സാധാരണ ഗതിയിൽ ഇവിടെ നടപടികൾ നിയമപരമായി അവസാനിക്കേണ്ടതാണ്. എന്നാൽ സർക്കാർ ഒരു പടി മുന്നോട്ടുപോയി ഇയാളുടെ പെൻഷൻ തടയുകയാണ് ചെയ്‌തത്. സർക്കാർ ഓഫീസുകളിൽ പതിവായി നടന്നുവരുന്ന ഒരു വഞ്ചനയ്ക്ക് അറുതിവരുത്തുന്ന നടപടിയാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. വായ്‌പാ ബാദ്ധ്യത സ്വന്തം നിലയിൽ തീർത്താൽ പെൻഷൻ പലിശ സഹിതം തിരിച്ച് നൽകുകയും ചെയ്യും. ഇതുപോലെ വഞ്ചന കാണിച്ച് മുങ്ങുന്നവരുടെ പെൻഷൻ തടയുന്നതിൽ ഒരു തെറ്റുമില്ല. മാത്രമല്ല ഇതുപോലുള്ള പറ്റിപ്പ് ആവർത്തിക്കാതിരിക്കാൻ ഈ നടപടി പ്രേരണയാവുകയും ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY