
സംസ്ഥാനത്തു കാലവർഷം ഒച്ചയും കോലാഹലവുമായി വരുന്നതേയുള്ളു. വേനൽമഴ സാമാന്യം ഭേദപ്പെട്ട രീതിയിൽ പെയ്തതിന് തൊട്ടുപിന്നാലെയാണ് ഇടവപ്പാതിയുടെ വരവ്. തുലാവർഷവും ഇടവപ്പാതിയും എല്ലാക്കൊല്ലവും പ്രകൃതിക്കും മനുഷ്യജീവനും വലിയ നാശനഷ്ടമുണ്ടാക്കാറുണ്ട്. കാലവർഷത്തുടക്കത്തിൽ തന്നെ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലായി പത്തോളം പേർ മരണമടഞ്ഞു. മരം വീണും റോഡപകടങ്ങളിലുമായാണ് ഇത്രയും ജീവനാശമുണ്ടായത്. കാലവർഷത്തിന്റെ കെടുതി കുറയ്ക്കാൻ മുൻകരുതലെന്നോണം ചില ജില്ലകളിൽ റെഡ് അലർട്ടും മറ്റു ചില ജില്ലകളിൽ ഓറഞ്ച് അലർട്ടും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കൊടുംവേനലിന്റെ കഷ്ടപ്പാടുകൾ സഹിച്ചു കഴിയുമ്പോൾ എല്ലാവരും കുളിർമഴയ്ക്കായി കാത്തിരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യും. എന്നാൽ രണ്ടാം ഘട്ടമാകുമ്പോൾ മഴയുടെ മട്ടും ഭാവവും മാറും. അതോടെ ആശ്വാസം ചൊരിഞ്ഞ മഴ ആശങ്കയിലേക്കും ദുരിതങ്ങളിലേക്കും തള്ളിവിടും. മരങ്ങളും പുഴകളും കായലുകളും നിറഞ്ഞ കേരളത്തിന്റെ ഭൂപ്രകൃതി അപകടങ്ങളുടെ ആക്കം കൂട്ടും. കാൽനടക്കാരും വാഹനസഞ്ചാരികളും മത്സ്യബന്ധനത്തിനു പോകുന്നവരുമെല്ലാം ജാഗ്രത പുലർത്തേണ്ട സമയം കൂടിയാണിത്.
മലപ്പുറത്തു ദേശീയപാത 66ൽ കാലിക്കറ്റ് സർവകലാശാലയ്ക്ക് സമീപം അർദ്ധരാത്രിയോടെ നിയന്ത്രണം വിട്ട ഇന്നോവ കാർ നിറുത്തിയിട്ടിരുന്ന ലോറിയിലിടിച്ച് ദമ്പതികളുൾപ്പെടെ മൂന്നുപേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. തൃശൂർ പന്നിത്തടം നീണ്ടൂർ കോട്ടപ്പുറത്ത് ഇബ്രാഹിമിന്റെയും ഖദീജയുടെയും മകൻ ഷാഫിദ്, ഭാര്യ ഷഹീന, ഷഹീനയുടെ അമ്മാവന്റെ മകൾ ജഹാന ഷെറിൻ എന്നിവരാണു മരിച്ചത്. കൊടുങ്ങല്ലൂർ എസ്.എൻ പുരം വെമ്പല്ലൂർ റോഡിൽ വാകമരം കടപുഴകി വെള്ളാങ്കല്ലൂർ കരുമാത്ര ബ്ലാഹയിൽ ഇല്ലം മണികണ്ഠൻ ശാന്തി മരണമടഞ്ഞു. മലപ്പുറം ചാലിയാറിൽ മീൻപിടിക്കാൻ പോയ എടവണ്ണ പൂവമണ്ണ് സ്വദേശിയായ ഷാഹിൻ എന്ന യുവാവാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. കോഴിക്കോട് പെരിങ്ങളത്തിന് സമീപം കോട്ടാംപറമ്പിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞ് കിഴക്കോത്തുമറി വീട്ടിൽ താഴംനെരോത്ത് ജാനകിയെന്ന വൃദ്ധ മരണമടഞ്ഞു. ശ്വാസതടസത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടയിലാണ് ആംബുലൻസ് മറിഞ്ഞത്. അങ്ങനെ ആശുപത്രിയിലേക്കുള്ള യാത്ര അന്ത്യയാത്രയായി. കുന്നംകുളം ആനായ്ക്കൽ പോർക്കളേങ്ങാട് ക്ഷേത്രത്തിലെ ഇരുമ്പുമേൽക്കൂര വൃത്തിയാക്കുന്നതിനിടെ ആലിക്കൽ വീട്ടിൽ നിഷാദ് ഷോക്കേറ്റ് മരിച്ചു.
മഴക്കാലത്ത് റോഡുകൾ പല രീതിയിൽ അപകടക്കെണികളാകുന്നു. റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന മരച്ചില്ലകളാണ് പ്രധാന വില്ലൻ. മഴയ്ക്ക് മുമ്പേയെത്തുന്ന കാറ്റിൽ മരങ്ങൾ കടപുഴകാനുള്ള സാദ്ധ്യത കൂടുതലാണ്. മരക്കൊമ്പുകൾ ഒടിഞ്ഞ് വൈദ്യുതിലൈനുകളിലും ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് മീതെയും വീണ് അപകടമുണ്ടാകാറുണ്ട്. കഴിഞ്ഞ ദിവസം ബാലരാമപുരം ഉച്ചക്കട ജംഗ്ഷനിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളിൽ കൂറ്റൻ മരം വീണു. വാഹനത്തിലുണ്ടായിരുന്ന കിടാരക്കുഴി സ്വദേശി അഭിലാഷ്, ഭാര്യാസഹോദരൻ എന്നിവർ അതിശയകരമായി രക്ഷപ്പെടുകയായിരുന്നു. സ്കൂൾ ബസുകളടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന സമയത്തായിരുന്നു അപകടം.
മഴസമയത്ത് വാഹനയാത്രക്കാർ മുന്നിലെ റോഡിൽ മാത്രമല്ല മുകളിലും ഇത്തരം അപകടം പതിയിരിപ്പുണ്ടെന്ന് ഓർക്കണം. അസമയത്ത് വാഹനമോടിക്കുന്നവരും ജാഗ്രത പുലർത്തണം. അമിത വേഗത മഴസമയത്ത് കൂടുതൽ അപകടമുണ്ടാക്കും. അത്യാവശ്യ യാത്ര മാത്രമേ മഴക്കാലത്തു നടത്താവൂ. കിണറുകളിലിറങ്ങൽ, ലോഹമേൽക്കൂരകളിൽ പണിചെയ്യൽ, നിറഞ്ഞൊഴുകുന്ന പുഴകളിലെ മീൻപിടിത്തം എന്നിവയും ഒഴിവാക്കണം. മഴയ്ക്കൊപ്പം അപകടങ്ങളും ഓർക്കാപ്പുറത്തുണ്ടാകുമെന്ന് ഓർത്തിരിക്കണം. സ്വന്തം ജീവനാണ് പരമപ്രധാനമെന്ന യാഥാർത്ഥ്യം മറന്നുപോകരുത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |