SignIn
Kerala Kaumudi Online
Saturday, 27 June 2026 3.05 AM IST

കേന്ദ്ര ധനമന്ത്രിയുടെ തുറന്നുപറച്ചിൽ

a

അടുത്തിടെ ആർ.ബി.ഐ അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷമുള്ള വാർത്താ സമ്മേളനത്തിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഒരു കാര്യം തുറന്നു പറഞ്ഞിരുന്നു: ''ഇന്ത്യയിലെ വാണിജ്യ ബാങ്കുകളുടെ പ്രഖ്യാപിതലക്ഷ്യം നിക്ഷേപ സമാഹരണവും വായ്പാ വിതരണവുമായിരിക്കെ അധികലാഭം മുന്നിൽകണ്ട് വർഷങ്ങളായി ഇതര ഇൻഷ്വറൻസ് കമ്പനികളുമായി ഉണ്ടാക്കിപോന്ന ധാരണയുടെ അടിസ്ഥാനത്തിൽ ഇടപാടുകാരെ തെറ്റിദ്ധരിപ്പിച്ച് മേലിലും പോളിസികൾ വിറ്റഴിക്കാനാണ് ശ്രമമെങ്കിൽ നേരിടേണ്ടിവരുന്ന പ്രത്യാഘാതം വലുതായിരിക്കും''. ഇതിന്റെ തുടർനടപടിയെന്നോണം 2027 ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽവരുന്ന നിയമത്തിനും ആർ.ബി.ഐ രൂപം നൽകി കഴിഞ്ഞു.

ബാങ്ക് മുഖേന വിറ്റഴിക്കുന്ന ഇൻഷ്വറൻസിന്റെ നിയന്ത്രണാധികാരം ആർ.ബി.ഐക്കാണോ ഇൻഷ്വറൻസ് റെഗുലേറ്ററി അതോറിറ്റിക്കാണോ എന്ന സന്ദേഹം കാലങ്ങളായി ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിച്ചിരുന്നു. വായ്പയെടുക്കാൻ വരുന്ന ഇടപാടുകാരെ നിശ്ചിത അളവിലുള്ള ഈടുണ്ടായിട്ടും ഇൻഷ്വറൻസിലേക്ക് നിർബന്ധപൂർവം തള്ളിവിടുന്നതും ഇതിനു പലപ്പോഴും ബലിയാടാകുന്നത് മുതിർന്ന പൗരന്മാരും നിരക്ഷരരായ സാധുജനങ്ങളുമാണെന്നും മന്ത്രി കൂട്ടിച്ചേർത്തിരുന്നു.

ആർ.ബി.ഐയുടെ പുതിയ നയത്തിന്റെ അടിസ്ഥാനത്തിൽ 2027 ജനുവരി ഒന്നുമുതൽ, ബാങ്ക് ഇടനിലക്കാരായി വിറ്റഴിക്കുന്ന ഉത്പന്നങ്ങൾമൂലം ഇടപാടുകാരനുണ്ടാകുന്ന നഷ്ടം പൂർണതോതിൽ നികത്താനുള്ള ഉത്തരവാദിത്വം ബാങ്കിനു മാത്രമായിരിക്കുമെന്ന് റെഗുലേറ്റർ എന്നനിലയിൽ ആർ.ബി.ഐ പ്രഖ്യാപിക്കുകയും അത്തരം തീരുമാനങ്ങൾക്ക് ധനമന്ത്രി പൂർണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.

ആകർഷകങ്ങളായ നിക്ഷേപ പദ്ധതികളും, ജനങ്ങൾക്ക് ഉപകാരപ്രദമായ കുറഞ്ഞ പലിശനിരക്കിലുള്ള വായ്പകളും, അധിക ചെലവുവരാതെ സമാഹരിക്കാവുന്ന കറന്റ് അക്കൗണ്ടും സേവിംഗ്സ് ബാങ്ക് അക്കൗണ്ടും സ്വന്തമായുള്ളപ്പോൾ ഇതര സ്ഥാപനങ്ങളുടെ ഉത്പന്നങ്ങൾ വിറ്റഴിച്ച് ഉണ്ടാകാൻ പോകുന്ന പ്രത്യാഘാതത്തെക്കുറിച്ചും വിരൽചൂണ്ടാൻ മന്ത്രി മറന്നില്ല.

ന്യൂ ജനറേഷൻ ബാങ്കുകൾ അമിത ലാഭം കൊയ്യുന്നത് ഇൻഷ്വറൻസ് മ്യൂച്വൽ ഫണ്ട് ബിസിനസിലൂടെയാണെന്നുള്ള തിരിച്ചറിവാണ് പരമ്പരാഗത ബാങ്കുകളെ അതിലേക്കു കൊണ്ടെത്തിച്ചത്. ഇതുമൂലം വർഷങ്ങളായി ബാങ്കുകൾക്കുണ്ടായിരുന്ന ശക്തമായ അടിത്തറയ്ക്ക് വിള്ളലേൽക്കുകയും പലവിധത്തിലുള്ള പ്രലോഭനങ്ങൾ ഭയന്നു ഇടപാടുകാർ ബാങ്കിലേക്കുള്ള വരവ് വെട്ടിച്ചുരുക്കുകയും ചെയ്തു.

ആകാശത്തിനു താഴെയുള്ള എന്തും ചുമക്കാൻ വിധിക്കപ്പെടുന്ന ബാങ്ക് ജീവനക്കാർ നിലവിൽ അമിത ജോലിഭാരംകൊണ്ട് വീർപ്പുമുട്ടുകയാണ്. ഏറ്റവും കൂടുതൽ വെല്ലുവിളികൾ നേരിടുന്നത് വനിതാജീവനക്കാരാണ്. ഇതിനൊരു മാറ്റം വരുത്താനും കേന്ദ്ര ധനമന്ത്രിയുടെ ഇടപെടൽ ഫലപ്രദമാകുമെന്ന് പ്രതീക്ഷിക്കാം.

(ലേഖകന്റെ ഫോൺ നമ്പർ: 9847862420)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY