SignIn
Kerala Kaumudi Online
Tuesday, 30 June 2026 2.54 AM IST

മുന്നറിയിപ്പില്ലാതെ ലോഡ് ഷെഡിംഗ്

READ ENGLISH VERSION
a

കാലവർഷം ദുർബലമായതോടെ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. പക്ഷേ, ഇതിന്റെ ഭാഗമായുള്ള വൈദ്യുതി നിയന്ത്രണം മുന്നറിയിപ്പില്ലാതെയാണ് നടപ്പാക്കുന്നതെന്ന് ജനങ്ങൾക്ക് വ്യാപകമായ പരാതിയുണ്ട്. കറണ്ട് കട്ടിന് വൈദ്യുതി നിയന്ത്രണം എന്ന പേരിട്ട് വിളിച്ചാലും കറണ്ട് പോകുന്നതു തന്നെയാണ് ഉപഭോക്താക്കളുടെ അനുഭവം. പക്ഷേ, ഇത് നിശ്ചിത സമയത്ത് അരമണിക്കൂർ ഉണ്ടാകും എന്ന മുന്നറിയിപ്പിനുശേഷം ഉണ്ടായാൽ ഒട്ടേറെ മുന്നൊരുക്കങ്ങൾ അത് നേരിടുന്നവർക്ക് ചെയ്യാനാകും. എന്നാൽ ഇപ്പോൾ നടക്കുന്നത് അപ്രഖ്യാപിതമായ ലോഡ് ഷെഡിംഗാണ്. കഴിഞ്ഞ ശനിയാഴ്ചയും പൾസ് പോളിയോ വിതരണം നടന്ന ഞായറാഴ്‌ച പകലും പലയിടത്തും വൈദ്യുതി നിലയ്ക്കുകയുണ്ടായി. രാത്രി വൈകി ഫുട്ബാൾ മത്സരം കാണുന്ന സമയത്തും വൈദ്യുതി നിലയ്ക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നത് ഫുട്‌ബാൾ ആരാധകരെ നിരാശയിലാഴ്‌ത്താൻ പോന്നതാണ്.

ഈ മാസം മുപ്പതുവരെ വൈകിട്ട് ആറിനും രാത്രി 12നും ഇടയിൽ വൈദ്യുതി മുടങ്ങുമെന്ന് ഔദ്യോഗികമായി നേരത്തേ വൈദ്യുതി ബോർഡ് ഫോൺ സന്ദേശത്തിലൂടെ അറിയിച്ചിരുന്നെങ്കിലും ഇതെല്ലാം തെറ്റിച്ചാണ് പലപ്പോഴും ദൈർഘ്യമേറിയ വൈദ്യുതി നിയന്ത്രണം ഉണ്ടാകുന്നത്. ശനിയാഴ്ച രാത്രി വൈദ്യുതി ലഭ്യതയിൽ 250മുതൽ 622 മെഗാവാട്ടിന്റെവരെ കുറവുണ്ടായതായാണ് ബോർഡിന്റെ ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്. അണക്കെട്ടുകളിൽ സംഭരണശേഷിയുടെ 20.89 ശതമാനം മാത്രമേ വെള്ളമുള്ളൂ. ശനിയാഴ്ച ഉപഭോഗം 86.92 ദശലക്ഷം യൂണിറ്റായിരുന്നു. ഉത്പാദനമാകട്ടെ 17.32 ദശലക്ഷം യൂണിറ്റും. അതായത് ഉപഭോഗത്തിന്റെ വെറും 19.9 ശതമാനം. മഴ കനിഞ്ഞില്ലെങ്കിൽ പ്രതിസന്ധി ഇനിയും രൂക്ഷമാകാനാണ് സാദ്ധ്യത. ഡാമുകളിൽ ജലനിരപ്പ് കുറവായതിനാൽ ഉത്‌പാദനം കൂട്ടാനുമാവില്ല.

ഹ്രസ്വകാല കരാറുകളിലൂടെ ഉയർന്ന വിലയ്ക്ക് വെളിയിൽനിന്ന് വൈദ്യുതി വാങ്ങാനാണ് കെ.എസ്.ഇ.ബി ശ്രമിക്കുന്നത്. ഇതിനായി നൽകിയ അപേക്ഷയിൽ റഗുലേറ്ററി കമ്മിഷന്റെ തീരുമാനം ഉടനെ ഉണ്ടാകുമെന്നാണ് ബോർഡ് പ്രതീക്ഷിക്കുന്നത്. യൂണിറ്റിന് 10 രൂപവരെ നൽകി വൈദ്യുതി വാങ്ങേണ്ടിവന്നേക്കും. ഈ ബാദ്ധ്യത സർച്ചാർജായി ഉപഭോക്താക്കൾ പിന്നീട് സഹിക്കേണ്ടിയും വരും. വൈദ്യുതിക്ഷാമം ഉൾപ്പെടെയുള്ള കാര്യങ്ങൾ മുൻകൂട്ടിക്കണ്ട് ആവശ്യമായ ക്രമീകരണങ്ങൾ നേരത്തേ നടത്തുന്നതിൽ ബോർഡിന് പലപ്പോഴും വീഴ്‌ചയാണ് സംഭവിക്കുന്നത്. ഇപ്പോൾ ഉത്തരേന്ത്യയിൽ ചൂട് തുടരുന്നതിനാൽ അവിടെനിന്ന് കഴിഞ്ഞ വർഷത്തേതിലെപോലെ വൈദ്യുതി വാങ്ങാൻ കിട്ടുന്നില്ല. ശനിയാഴ്ച രാത്രി 700 മെഗാവാട്ടിന്റെ കുറവ് പരിഹരിക്കാൻ തത്സമയ മാർക്കറ്റിൽ നിന്ന് വിലകൂടിയ വൈദ്യുതി വാങ്ങാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഞായറാഴ്ച പരക്കെ മഴ ലഭിച്ചതിനാൽ കടുത്ത നിയന്ത്രണം വേണ്ടിവന്നില്ല. 300 മെഗാവാട്ടിന്റെ കുറവാണ് ഞായറാഴ്ച ഉണ്ടായത്.

ഓരോ വർഷം കഴിയുന്തോറും കേരളത്തിൽ വൈദ്യുതി ഉപഭോഗത്തിൽ വലിയ വർദ്ധനവാണ് സംഭവിക്കുന്നത്. എന്നാൽ ആഭ്യന്തര ഉത്‌പാദനം അതനുസരിച്ച് വർദ്ധിപ്പിക്കാനുള്ള നീക്കങ്ങളൊന്നും നടക്കുന്നുമില്ല. എയർ കണ്ടീഷണറുകൾ, ഇലക്ട്രിക് വാഹനങ്ങൾ, മറ്റ് ഇലക്ട്രിക് ഉപകരണങ്ങൾ എന്നിവയുടെ എണ്ണം ഓരോവർഷം കഴിയുന്തോറും കൂടുന്നതാണ് കേരളത്തിലെ വൈദ്യുതി ഉപഭോഗം വർദ്ധിപ്പിക്കുന്നത്. സോളാർ വൈദ്യുതിയുടെ സ്ഥാപിത ശേഷി ഇപ്പോഴുള്ള 2300 മെഗാവാട്ടിൽ നിന്നും മുകളിലേക്ക് ഉയർത്തുക, സോളാർ വൈദ്യുതി ബാറ്ററി എനർജി സ്റ്റോറേജുകളിൽ ശേഖരിച്ച് രാത്രിയിലും ഉപയോഗിക്കുക തുടങ്ങിയവയാണ് പരിഹാര മാർഗങ്ങൾ. ഇതിനുള്ള ശ്രമങ്ങൾ നടന്നുവരുന്നതേയുള്ളൂ. വൈദ്യുതി ക്ഷാമത്തിന്റെ പേരിൽ എന്തായാലും തോന്നുംപോലെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി ജനങ്ങളെ വലയ്ക്കുന്ന നിലവിലുള്ള ഏർപ്പാട് അത്ര നല്ലതല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY