SignIn
Kerala Kaumudi Online
Tuesday, 30 June 2026 2.26 AM IST

റേഷൻ മാറ്റത്തിലെ ആശങ്ക അകറ്റണം

READ ENGLISH VERSION
a

ഇന്ത്യയുടെ പൊതുവിതരണ സമ്പ്രദായം രാജ്യമൊട്ടാകെ വ്യാപിച്ചുകിടക്കുന്നതും ഭക്ഷ്യക്ഷാമം ഒഴിവാക്കുന്നതിൽ സുപ്രധാനമായ പങ്ക് വഹിക്കുന്നതുമാണെന്ന വസ്‌തുത ആർക്കും നിഷേധിക്കാനാവില്ല. റേഷൻകടകൾക്ക് രണ്ട് ദശാബ്ദങ്ങൾക്ക് മുമ്പുള്ള സ്വീകാര്യതയും നിലയുമല്ല ഇന്നുള്ളത്. റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ മേന്മ പൊതുവിപണിയിലേതിനേക്കാൾ ഒട്ടും കുറവല്ല. അതിനാൽ റേഷൻ വിതരണവുമായി ബന്ധപ്പെട്ട ഏതു മാറ്റവും ജനങ്ങൾക്കിടയിൽ വലിയരീതിയിൽ ചർച്ചകൾക്ക് ഇടയാക്കും. ഏറ്റവുമൊടുവിൽ കേന്ദ്ര സർക്കാർ 2013ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിൽ ഭേദഗതികൾ കൊണ്ടുവരാൻ തുടങ്ങുന്നതാണ് ആശങ്കകൾ സൃഷ്ടിച്ചിരിക്കുന്നത്. നിയമഭേദഗതിയുടെ കരട് അഭിപ്രായ സ്വരൂപീകരണത്തിനായി സംസ്ഥാനങ്ങൾക്കും മറ്റും അയച്ചിരിക്കുകയാണ്.

പ്രധാനമായും ധാന്യവിതരണത്തിലെ വെട്ടിപ്പുകൾ തടയാനാണ് കേന്ദ്ര ഭക്ഷ്യമന്ത്രാലയം ചില അഴിച്ചുപണികൾക്ക് ഒരുങ്ങുന്നത്. അന്ത്യോദയ- അന്നയോജന റേഷൻ വിതരണത്തിൽ മാറ്റം വരുത്താനും നിർദ്ദേശമുണ്ട്. ഈ വിഭാഗത്തിന്റെ പട്ടിക ദേശീയതലത്തിൽ ഒന്നിപ്പിച്ച് ഇരട്ടിപ്പും മറ്റും തടയാൻ എ.ഐ അധിഷ്ഠിത ടൂൾ ഉപയോഗിച്ച് വിശകലനം നടത്തി ഇവർക്ക് കാർഡൊന്നിന് 35 കിലോ ധാന്യം എന്നതുമാറ്റി വ്യക്തി ഒന്നിന് ഏഴ് കിലോ ആക്കി മാറ്റുമെന്നാണ് റിപ്പോർട്ട്. ഇതുപ്രകാരം മഞ്ഞ കാർഡുള്ള കുടുംബത്തിലെ ഓരോ അംഗത്തിനും പ്രതിമാസം 7 കിലോഗ്രാം ഭക്ഷ്യധാന്യം വീതമായിരിക്കും ലഭിക്കുക. അതേസമയം ഒരു കുടുംബത്തിന് ലഭിക്കാവുന്ന പരമാവധി ഭക്ഷ്യധാന്യവിഹിതം 35 കിലോ തന്നെയായി തുടരുമെന്നും വ്യക്തമാക്കുന്നുണ്ട്. അങ്ങനെ വരുമ്പോൾ ഒന്നോ രണ്ടോപേർ മാത്രമുള്ള കുടുംബങ്ങൾക്ക് തിരിച്ചടിയാവും. അഞ്ചോ അതിലധികമോ അംഗങ്ങളുള്ള കുടുംബങ്ങൾക്ക് മാത്രമേ പരമാവധി വിഹിതമായ 35 കിലോ ധാന്യം ലഭിക്കുകയുള്ളൂ. പൊതുവേ കുടുംബത്തിൽ അംഗങ്ങൾ കുറവായ കേരളത്തിന് ഇത് തിരിച്ചടിയാകും. കേരളത്തിനുള്ള റേഷൻ വിഹിതം കുറയാനാണ് ഇത് ഇടവരുത്തുക.

2017ലും ഇത്തരത്തിൽ അന്ത്യോദയ റേഷൻ വിഹിതം പരിമിതപ്പെടുത്തുന്നതിന് കരട് നിർദ്ദേശം കേന്ദ്രം പുറത്തിറക്കിയിരുന്നെങ്കിലും വിവിധ സംസ്ഥാനങ്ങളിൽനിന്ന് ശക്തമായ എതിർപ്പ് ഉയർന്നതിനെത്തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. ഇതാണ് ഇപ്പോൾ വീണ്ടും നടപ്പാക്കാൻ കേന്ദ്രം ഒരുങ്ങുന്നത്. സബ‌്‌സിഡി ബാദ്ധ്യതകൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് കേന്ദ്രവൃത്തങ്ങൾ നൽകുന്ന സൂചനകൾ. ഇത് നടപ്പായാൽ കേരളത്തിലെ പാവപ്പെട്ട കുടുംബങ്ങളിലെ എണ്ണം കൃത്യമായി പരിശോധിച്ച് റേഷൻ കാർഡുകൾ പുതുക്കേണ്ടിവരും. ഭേദഗതി സംബന്ധിച്ച അന്തിമ വിജ്ഞാപനം പുറത്തിറക്കുന്നതിന് മുമ്പ് കേന്ദ്രം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനുള്ള ആശയവിനിമയം നടത്തേണ്ടതാണ്. അഴിമതി തടയാനുള്ള പല നല്ല നിർദ്ദേശങ്ങളും ഭേദഗതിയിലുണ്ട് എന്നതും കാണാതിരുന്നുകൂടാ.

പൊതുവിതരണത്തിന് സർക്കാർ നൽകുന്ന ധാന്യത്തിന്റെ 28 ശതമാനംവരെ ഗുണഭോക്താക്കളിലെത്തുന്നില്ലെന്നാണ് ഇതുസംബന്ധിച്ച പഠനം വ്യക്തമാക്കിയത്. ഇതൊഴിവാക്കാൻ ഭക്ഷ്യധാന്യ ലോറികളുടെ ട്രാക്കിംഗ് പൂർണമാക്കാനുള്ള നിർദ്ദേശം വളരെ ഉചിതമാണ്. ഒറ്റ ആപ്പ് വഴി വിവരങ്ങൾ നൽകുമെന്നും പരാതികളും ഇതിലൂടെ നൽകാമെന്നും നിർദ്ദേശമുണ്ട്. പുതിയ ഭേദഗതികൾ വരുമ്പോൾ പഴുതടച്ച രീതികൾ ഉൾപ്പെടുത്തുന്നതിനായി ഇ-പോസ് മെഷീന്റെ സോഫ്ട്‌‌വെയറിലും മാറ്റങ്ങൾ വേണ്ടിവരാതിരിക്കില്ല. ഇക്കാര്യങ്ങളിലൊക്കെ വ്യക്തത വരുത്താനും കേരളത്തിന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന റേഷൻ വിഹിതത്തിൽ വരുന്ന കുറവ് മറ്റേതെങ്കിലും രീതിയിൽ കേന്ദ്രത്തിന് നൽകാനാവുമോ തുടങ്ങിയ കാര്യങ്ങളിലൊക്കെ വ്യക്തതവരുത്താനുള്ള നടപടികൾ സംസ്ഥാന പൊതുവിതരണ വകുപ്പിന്റെ ഭാഗത്തുനിന്നും സമയം വൈകാതെ ഉണ്ടാകേണ്ടതാണ്. റേഷൻ മാറ്റത്തിലെ ആശങ്കകൾ അകറ്റാതെ ഇത് നടപ്പാക്കാതിരിക്കാനുള്ള കരുതൽ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY