വാർത്താവിനിമയ സംവിധാനങ്ങളിൽ കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ വലിയ വിപ്ളവമാണ് നടന്നത്. നൂറ്റാണ്ടുകളായി നിലനിന്ന സാമ്പ്രദായികമായ പലതും പൊളിച്ചെഴുതപ്പെട്ടു. തലമുറകളുടെ മനോഭാവത്തിലും കാഴ്ചപ്പാടുകളിലും സങ്കല്പിക്കാൻ പോലുമാകാത്ത പരിവർത്തനങ്ങളാണുണ്ടായത്. ആ മാറ്റങ്ങളെല്ലാം തികച്ചും ഗുണകരമാണെന്ന് പറയാനാകില്ല. ദോഷങ്ങൾക്കുമുണ്ട് ഒട്ടും മോശമല്ലാത്ത സ്ഥാനം. അതിന്റെ ഭവിഷ്യത്തുകൾ സമൂഹം പല രീതിയിൽ അനുഭവിച്ചുകൊണ്ടിരിക്കുന്നു.
ജൻസികളോടുള്ള ജസ്റ്റിസ് എസ്. മുരളീധറിന്റെ ഈ വിഷയത്തിലുള്ള ഉപദേശം വിലപ്പെട്ടതും പ്രസക്തവുമാണ്. സമൂഹം കേൾക്കാൻ ആഗ്രഹിച്ച വാക്കുകളാണ് അദ്ദേഹത്തിൽ നിന്ന് ഉണ്ടായത്. ''നിങ്ങൾ ഒരു ദിവസം ഒരു മണിക്കൂറെങ്കിലും മൊബൈൽ മാറ്റിവയ്ക്കൂ. ഫോൺ വലയമില്ലാതെ ഓഫ് ലൈൻ ക്ളബുകളുണ്ടാക്കൂ" - ജൻസി തലമുറയോട് ഒഡീഷ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസിന്റെ ഈ ഉപദേശരൂപേണയുള്ള വാക്കുകൾ എല്ലാപേരും ഉൾക്കൊള്ളേണ്ടതാണ്. സൈബർ കാലത്ത് മനുഷ്യാവകാശത്തിനും സുരക്ഷയില്ലെന്ന ദുരവസ്ഥയും അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
സമൂഹം നേരിടുന്ന വലിയൊരു ഭീഷണിയെയാണ് ജസ്റ്റിസ് മുരളീധർ യുക്തമായ രീതിയിൽ അവതരിപ്പിച്ചത്. ജൻസി തലമുറയ്ക്കുപോലും സ്വീകാര്യമാകുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ ഓർമ്മപ്പെടുത്തൽ.
ജീവിതത്തിന്റെ ഓരോ നിമിഷവും ഇന്റർനെറ്റിൽ രജിസ്റ്റർ ചെയ്തു വയ്ക്കുന്നുണ്ട്. സൈബർ ലോകത്ത് മനുഷ്യാവകാശം പോലും സുരക്ഷിതമല്ല. നിയമം, സാങ്കേതികവിദ്യ, മനുഷ്യാവകാശം എന്ന വിഷയത്തിൽ മനുഷ്യാവകാശ കമ്മിഷൻ സംഘടിപ്പിച്ച സെമിനാറിലാണ് സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന പ്രവണതയെ അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
വ്യക്തിവിവരമത്രയും ഒരു ആധാർ നമ്പറിലൂടെ ബന്ധിപ്പിക്കുന്ന ഡിജിറ്റൽ ലോകത്താണ് നാമുള്ളത്. വ്യക്തികളുടെ സ്വകാര്യതയ്ക്ക് നിയമപരമായ പരിരക്ഷയുണ്ടെങ്കിലും നടപ്പാക്കുക ബുദ്ധിമുട്ടാണ്. വ്യക്തിവിവരമെല്ലാം ബഹുരാഷ്ട്ര കമ്പനികളുടെ അധീനതയിലാണ്. അവർക്ക് ഇന്ത്യൻ നിയമം പോലും ബാധകമല്ല. ഡിജിറ്റൽ നിയമലംഘനങ്ങളിൽ നീതികിട്ടാൻ സമയമെടുക്കും. ഇതിന് നല്ലൊരു പരിഹാരമാർഗം ഡിജിറ്റൽ ലോകത്ത് ഒരു മണിക്കൂറെങ്കിലും മാറിനിൽക്കണം എന്നതാണ്. ആ സമയം പത്രം വായിക്കാനായി വിനിയോഗിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ജീവിതത്തിന്റെ ഉന്നത ശ്രേണിയെ അലങ്കരിക്കുന്നവരെല്ലാം പത്രവായനയുടെ സുഖവും പ്രയോജനവും അറിഞ്ഞവരാണ്.
വ്യക്തിത്വ വികാസത്തിനും ഭാഷാസ്വാധീനത്തിനും മറവിയെ ഒരു പരിധിവരെ ചെറുക്കാനും നിത്യേനയുള്ള പത്രപാരായണത്തിന് കഴിയുമെന്ന് ശാസ്ത്രീയ പഠനങ്ങൾ പറയുന്നു. മൊബൈലും ഡിജിറ്റൽ സൗകര്യങ്ങളും ആധുനിക ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു.അതിനെ നിരാകരിക്കുകയല്ല പോസിറ്റീവായി ഉപയോഗിക്കുകയാണ് വേണ്ടത്. യുവതലമുറ മാത്രമല്ല വീട്ടിൽ ഒറ്റപ്പെട്ടു പോകുന്നവരും മൊബൈലിന്റെ നിരന്തര ഉപയോഗത്തിൽപ്പെട്ടുപോകുന്നു. അതു അവരുടെ ശാരീരിക - മാനസികാരോഗ്യത്തെ തന്നെ ബാധിക്കുന്നു. ആശാസ്യമല്ലാത്ത ആ ശീലത്തിൽ നിന്ന് വിമുക്തി നേടാനുള്ള ഔഷധം കൂടിയാണ് പത്രവായന. ജസ്റ്റിസ് മുരളീധറിന്റെ സമൂഹത്തോടുള്ള ക്രിയാത്മകമായ ഉപദേശം ഇപ്പോഴത്തെ പല ദോഷപ്രവണതകൾക്കും പരിഹാരമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |