SignIn
Kerala Kaumudi Online
Saturday, 26 September 2026 1.25 AM IST

പിരിമുറുക്കങ്ങൾ ഒഴിവാകട്ടെ

a

ആത്മഹത്യകൾക്കു കാരണമായി മിക്കപ്പോഴും കേൾക്കാറുള്ളത് കുടുംബപ്രശ്നങ്ങളോ സാമ്പത്തിക ബുദ്ധിമുട്ടുകളോ വൈകാരികപ്രശ്നങ്ങളോ ഒക്കെയാണ്. എന്നാൽ വിശ്രമരഹിതമായ ജോലിയും, ഉദ്യോഗവുമായി ബന്ധപ്പെട്ട മറ്റ് പിരിമുറുക്കങ്ങളും ആത്മഹത്യയ്ക്ക് വഴിയൊരുക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് അത്തരം സംഭവങ്ങളുടെ ആവർത്തനം. പൊതുവെ,​ നിശ്ചിതസമയത്ത് ഡ്യൂട്ടി തീർത്ത് വീട്ടിലേക്കു മടങ്ങുവാൻ കഴിയാത്തവരാണ് പൊലീസുകാരും നഴ്സുമാരും ഉൾപ്പെടെ സേവനവിഭാഗങ്ങളിൽ ജോലിചെയ്യുന്നവർ. അതിൽത്തന്നെ പൊലീസുകാരുടെ കാര്യമാണ് മഹാകഷ്ടം. പാറാവും അന്വേഷണവും കോടതി ഡ്യൂട്ടിയും വാഹന പരിശോധനയും വി.ഐ.പി അകമ്പടിയും മാത്രമല്ല ചുമതലകളിൽ വരിക. ജോലി ഒതുക്കിത്തീർത്ത് മക്കളുടെ പിറന്നാൾ ആഘോഷത്തിന് വൈകിയെങ്കിലും പങ്കെടുക്കാമെന്നു കരുതി ഇറങ്ങുമ്പോഴായിരിക്കും ഒരു അപകടമോ ആത്മഹത്യയോ രാഷ്ട്രീയ കക്ഷികളുടെ മാർച്ചോ ഒക്കെ വരുന്നത്. കുടുംബത്തിലെ ഒഴിവാക്കാനാകാത്ത അവസരങ്ങളിൽപ്പോലും വീട്ടിൽ എത്തിച്ചേരാൻ കഴിയാത്ത ജോലിസാഹചര്യം സൃഷ്ടിക്കുന്ന പിരിമുറുക്കം ചെറുതാവില്ല.

അവധികളില്ലാതെ തുടർച്ചയായി ജോലി ചെയ്യേണ്ടിവരുന്നതും,​ ഉറക്കവും വിശ്രമവും പോലുമില്ലാതെ ദിവസവും ദീർഘമണിക്കൂറുകൾ ജോലിയിൽ ചെലവിടേണ്ടിവരുന്നതും പൊലീസുകാരുടെ മാനസികനില തന്നെ തകർത്തുകളയും. എട്ടുവർഷത്തിനിടെ സംസ്ഥാനത്ത് 130 പൊലീസുകാർ ജോലിസമ്മർദ്ദം കാരണം ജീവനൊടുക്കിയെന്ന കണക്കു മാത്രം മതി അതിന്റെ ഗൗരവം മനസ്സിലാകാൻ. ഇതെല്ലാം കണക്കിലെടുത്താണ് പൊലീസുകാർക്ക് ആഴ്ചയിൽ ഒരിക്കൽ നിർബന്ധിത അവധിയും,​ കുടുംബത്തിലെ വിശേഷാവസരങ്ങളിൽ അവർക്കൊപ്പം ചെലവിടാൻ അവധിയും അനുവദിക്കാൻ കഴിഞ്ഞദിവസം എ.ഡി.ജി.പി പി.വിജയൻ നിർദ്ദേശം നല്കിയത്. നേരവും കാലവുമില്ലാതെ ജോലി ചെയ്യേണ്ടിവരുന്ന പൊലീസുകാർ അനുഭവിക്കുന്ന മാനസിക പിരിമുറുക്കത്തെക്കുറിച്ച് പ്രത്യേക ലേഖകൻ എം.എച്ച്.വിഷ്ണു തയ്യാറാക്കിയ വാർത്താ പരമ്പര ഞങ്ങൾ നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. അതിനു പിന്നാലെ ആഭ്യന്തര വകുപ്പ് പൊലീസ് അക്കാഡമിയിലെ ഗവേഷണ വിഭാഗത്തെയും സോഷ്യൽ പൊലീസ് വിഭാഗത്തെയും പഠനത്തിന് നിയോഗിക്കുകയും ചെയ്തിരുന്നു.

ഓരോ സ്റ്രേഷനിലും പൊലീസുകാർ നിർവഹിക്കേണ്ട ഡ്യൂട്ടികളുടെ പട്ടിക പരിശോധിച്ചാൽ 118 പേരെങ്കിലും സ്റ്റേഷനിലുണ്ടാകണം. എന്നാൽ,​ ശരാശരി 44 പേരാണ് ഡ്യൂട്ടിക്കുണ്ടാവുക. സ്റ്രേഷനുകളിൽ ഉദ്യോഗസ്ഥരുടെ അംഗബലം കൂട്ടണമെന്ന് മനുഷ്യവകാശ കമ്മിഷൻ ഉത്തരവിടുകയൊക്കെ ചെയ്തെങ്കിലും കാര്യം നടന്നില്ല. എട്ടു മണിക്കൂർ ഡ്യൂട്ടി സമ്പ്രദായം പാലിക്കത്തക്ക അംഗബലമുള്ള സ്റ്രേഷനുകൾ 52 എണ്ണമേയുള്ളൂ. മറ്റിടങ്ങളിൽ ജോലി തീരുംവരെ ഡ്യൂട്ടിയിൽ തുടരുകയേ നിവൃത്തിയുള്ളൂ. വിശ്രമമില്ലാതെ ജോലി നിർവഹിക്കേണ്ടിവരുന്നതു മൂലം ശാരീരികമായും മാനസികമായും അനുഭവപ്പെടുന്ന തളർച്ചയ്ക്കു മീതെയായിരിക്കും മേലുദ്യോഗസ്ഥരുടെ അധിക്ഷേപവും ശകാരവും. ഇതെല്ലാം അതിജീവിച്ച് ജീവനോടെ തുടരണമെങ്കിൽ അസാമാന്യ മനക്കരുത്തു തന്നെ വേണ്ടിവരും. പൊലീസിന്റെ മുരടൻ പെരുമാറ്റത്തെക്കുറിച്ചും അനാവശ്യ കാർക്കശ്യത്തെക്കുറിച്ചും പലപ്പോഴും ആക്ഷേപങ്ങൾ ഉയരുന്നതിനും പ്രധാന കാരണം അവർ അനുഭവിക്കുന്ന മാനസികസംഘർഷമാണ്.

ഇതിനെല്ലാം വലിയൊരളവ് പരിഹാരമാകുന്ന നിർദ്ദേശമാണ് ഇപ്പോൾ ആഴ്ചയിലെ നിർബന്ധിത അവധിയിലൂടെ ഉണ്ടായിരിക്കുന്നത്. എല്ലാ സ്റ്രേഷനുകളിലെയും എല്ലാ പൊലീസുകാരും ഈ ഭാരമത്രയും ചുമക്കുന്നവരാണെന്ന് കരുതരുത്. രാഷ്ട്രീയ സ്വാധീനമുള്ളവർ സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങാതെ താരതമ്യേന ലഘുവായ ഡ്യൂട്ടികളിൽ തുടരുന്നതാണ് വഴക്കം. ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്ത സ്റ്രേഷനുകളിൽ ഇത്തരം വിശ്രമഡ്യൂട്ടിക്കാർ കൂടിയുണ്ടെങ്കിൽ അനുഭവിക്കേണ്ടത് മറ്റുള്ളവരാകും. സ്റ്രേഷനുകളിലെ ഇത്തരം ബാഹ്യസമ്മർദ്ദങ്ങൾകൂടി തിരുത്തപ്പെടുമ്പോഴേ പൊലീസുകാരുടെ പിരിമുറുക്കത്തിന് കൂടുതൽ അയവുണ്ടാകൂ. പൊലീസിന്റെ പിരിമുറുക്കം കുറയുന്നതിന്റെ ഗുണം സമൂഹത്തിനാകെയാണ് എന്ന് എ.ഡി.ജി.പി പി.വിജയൻ പറഞ്ഞത് പൂർണമായും ഫലവത്താകണമെങ്കിൽ പരിഷ്കാരങ്ങൾ തുടരുക തന്നെ വേണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION