SignIn
Kerala Kaumudi Online
Saturday, 26 September 2026 1.25 AM IST

ഇന്ത്യ - ന്യൂസിലൻഡ് വ്യാപാര കരാർ

READ ENGLISH VERSION
a

ഇന്ത്യ- ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ വരുന്ന വിജയദശമി ദിനത്തിൽ പ്രാബല്യത്തിലാവുകയാണ്. ആഗോള വാണിജ്യ രംഗത്ത് ഇന്ത്യ കൈവരിച്ച ചരിത്രപരമായ ഒരു വ്യാപാര കരാറാണിത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഒപ്പുവച്ച ഈ കരാറിന് ഈ മാസം 16ന് ന്യൂസിലൻഡ് പാർലമെന്റ് നിയമപരമായ അംഗീകാരം നൽകിയിരുന്നു. നിലവിൽ 240 കോടി ഡോളറിലുള്ള ഉഭയകക്ഷി വ്യാപാരം പുതിയ കരാർ വരുന്നതോടെ അടുത്ത 5 വർഷത്തിനുള്ളിൽ 500 കോടി യു.എസ് ഡോളറിലേക്കാവും ഉയരുക. ആഗോളതലത്തിൽ സാമ്പത്തിക അരക്ഷിതത്വവും നികുതി യുദ്ധങ്ങളും നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ ഈ കരാർ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് വലിയ ഉൗർജ്ജം പകരാൻ ഇടയാക്കുമെന്ന് തന്നെ പ്രതീക്ഷിക്കാവുന്നതാണ്.

ഇന്ത്യയിൽ നിന്ന് ന്യൂസിലൻഡിലേക്ക് വിവിധ ഉത്‌പന്നങ്ങളുടെ 8284 ഇനങ്ങളാണ് കയറ്റി അയയ്ക്കുന്നത്. ഇതിനൊന്നിനും ഒക്ടോബർ 20 മുതൽ തീരുവ നൽകേണ്ടതില്ല. 2.2 ശതമാനം മുതൽ 10 ശതമാനംവരെ ഇന്ത്യൻ ഉത്‌പന്നങ്ങൾക്ക് ന്യൂസിലൻഡ് നേരത്തേ നികുതി ചുമത്തിയിരുന്നതാണ് ഈ വ്യാപാര കരാറോടെ ഇല്ലാതാകുന്നത്. ഇതിനുപകരം ന്യൂസിലൻഡിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന 70 ഇനങ്ങൾക്കും തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും. ഇത് ഇന്ത്യയിലേക്കുള്ള ഇറക്കുമതി മൂല്യത്തിന്റെ 95 ശതമാനം വരും. കരാർ പ്രാബല്യത്തിലാവുന്ന ആദ്യ ദിവസം തന്നെ ന്യൂസിലൻഡിൽ നിന്നുള്ള 30 ശതമാനം ഉത്പന്നങ്ങൾക്കും തീരുവ പൂർണമായും ഒഴിവാകും. കമ്പിളി, ചെമ്മരിയാടിന്റെ മാംസം, ലെതർ, മരത്തടി തുടങ്ങിയവ ഇതിൽ ഉൾപ്പെടും.

ന്യൂസിലൻഡ് ഉത്‌പന്നങ്ങൾക്ക് ഇന്ത്യ ചുമത്തിവന്നിരുന്ന ശരാശരി തീരുവ 16.2 ശതമാനമായിരുന്നത് ഘട്ടംഘട്ടമായി കുറഞ്ഞ് 9.06 ശതമാനമാകും. കരാർ ഇന്ത്യയ്ക്ക് നിരവധി നേട്ടങ്ങൾ സമ്മാനിക്കുന്നവയാണ്. അടുത്ത 15 വർഷത്തിനുള്ളിൽ ന്യൂസിലൻഡിൽ നിന്ന് 2000 കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം ലഭിക്കുമെന്നതാണ് ഏറ്റവും പ്രധാനം. പ്രതിവർഷം 1,667 ഇന്ത്യക്കാർക്ക് 3 വർഷത്തെ താത്കാലിക തൊഴിൽ വിസകൾ, 1446 വിസകൾ എന്നിവ ലഭിക്കും. പ്രധാനമായും മെഡിക്കൽ, എൻജിനിയറിംഗ് സ്കിൽഡ് മേഖലകളിൽ ലഭിക്കുന്ന വിസ യോഗ്യതയുള്ള മലയാളികൾക്ക് വൻ അവസരമാകും തുറന്നിടുക. ന്യൂസിലൻഡിലുള്ള ഇന്ത്യൻ വിദ്യാർത്ഥികളെ പ്രതിവാരം 20- 25 മണിക്കൂർ ജോലിചെയ്യാനും അനുവദിക്കും. ന്യൂസിലൻഡിലേക്ക് ഹ്രസ്വകാലത്തേക്ക് വന്നു ജോലി ചെയ്യാനായി ഇന്ത്യക്കാർക്ക് ഓരോ വർഷവും 1000 വർക്ക് ആൻഡ് ഹോളിഡേ വിസകളും ലഭ്യമാകും.

ന്യൂസിലൻഡിലേക്ക് കയറ്റുമതി ചെയ്യുന്ന 100 ശതമാനം ഇന്ത്യൻ ഉത്‌‌‌പന്നങ്ങളും തിരുവരഹിതമാകുന്നതോടെ തുണിത്തരങ്ങൾ, ലെതർ, മരുന്നുകൾ, ഐ.ടി സേവനങ്ങൾ തുടങ്ങിയവയ്ക്ക് വലിയ വിപണിയാവും തുറക്കപ്പെടുക. ന്യൂസിലൻഡിലെ ഹെൽത്ത് കെയർ മേഖലയിലെ ഒഴിവുകൾ പ്രയോജനപ്പെടുത്താൻ സാധിക്കുന്നതിലൂടെ മലയാളി നഴ്സുമാർക്കും ആരോഗ്യപ്രവർത്തകർക്കും കൂടുതൽ അവസരങ്ങളാകും കൈവരിക. മുൻകാലങ്ങളെ അപേക്ഷിച്ച് വിസ നടപടിക്രമങ്ങളും യോഗ്യതാ നിർണയങ്ങളും ലളിതമാകും. ന്യൂസിലൻഡിലെ പ്രായമേറുന്ന ജനസംഖ്യ കണക്കിലെടുത്ത് അവിടത്തെ ഹോസ്പിറ്റലുകളിലും കെയർ ഹോമുകളിലും മറ്റും കേരളത്തിലെ നഴ്സുമാർക്ക് ഡിമാൻഡ് കൂടാനാണ് സാദ്ധ്യത. കരാറിന്റെ ഭാഗമായി ഇന്ത്യയുടെ പരമ്പരാഗത വൈദ്യശാസ്ത്ര ശാഖയായ ആയുർവേദത്തിന് അംഗീകാരം നൽകിയതും കേരളത്തിന് നേട്ടമായി ഭവിക്കും. അമേരിക്കയുടെ തീരുവ യുദ്ധത്തിന്റെ പശ്ചാത്തലത്തിലും ആഗോള സാമ്പത്തിക രംഗത്ത് ഇന്ത്യ കൈവരിച്ച ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി തന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറിനെ വിശേഷിപ്പിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION