SignIn
Kerala Kaumudi Online
Sunday, 19 July 2026 3.00 AM IST

'സംപൂജ്യ'നിയമനവുമായി റാങ്ക് പട്ടികകൾ

READ ENGLISH VERSION
s

പി.എസ്.സി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയിട്ടും സർക്കാർ ജോലി എന്നത് ഒരിക്കലും നടക്കാത്ത 'മനോഹരമായ സ്വപ്ന"മായി മാറുകയാണെന്നു വേണം സംശയിക്കാൻ. ഈ വർഷം കാലാവധി തീരുന്ന അസി. പ്രൊഫസർ റാങ്ക് ലിസ്റ്റുകളിലെ ഒന്നാം റാങ്കുകാർക്കു പോലും ഇതുവരെ നിയമനം ലഭിക്കാത്തത് പി.എസ്.സി റാങ്ക് ലിസ്റ്റുകളെ നോക്കുകുത്തികളാക്കുന്നതിന് സമമാണ്. സാമ്പത്തിക ശേഷിയുള്ളവർ കോളേജ് അദ്ധ്യാപക നിയമനത്തിന് എയ്ഡഡ് കോളേജുകളെയാണ് പൊതുവെ ആശ്രയിക്കുന്നത്. എന്നാൽ,​ അതില്ലാത്തവരാണ് സ്വന്തം കഴിവിന്റെ അടിസ്ഥാനത്തിൽ പി.എസ്.സി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിൽ കയറിക്കൂടി കാത്തിരിക്കുന്നത്. ഒരു റാങ്ക് ലിസ്റ്റിൽ നിന്ന് ഒരാളെയെങ്കിലും നിയമിച്ചില്ലെങ്കിൽ ഈ പട്ടിക പ്രസിദ്ധീകരിക്കുന്നത് എന്തിനാണെന്നാണ് ഉദ്യോഗാർത്ഥികൾ ചോദിക്കുന്നത്.

ഡിഗ്രി, പി.ജി, ബി.എഡ്, എം.ഫിൽ പരീക്ഷകൾ ഒന്നാം റാങ്കിൽ വിജയിച്ച മലപ്പുറം സ്വദേശി റഷീദ,​ പി.എസ്.സി ഉറുദു അസി. പ്രൊഫസർ പരീക്ഷയിലും ഒന്നാം റാങ്ക് നേടി. 2023-ൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ നിന്ന് ഒന്നാം റാങ്കുകാരിയായ റഷീദയ്ക്കു പോലും നിയമനം നൽകിയില്ല. ഏതാനും ദിവസങ്ങൾക്കു മുമ്പ് റാങ്ക് ലിസ്റ്റ് കാലഹരണപ്പെടുകയുണ്ടായി. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതാണ് പലപ്പോഴും നിയമനം നടക്കാത്തതിന് കാരണമായി പി.എസ്.സി പറയുന്നത്. ഒഴിവുകൾ ഇല്ലാത്ത തസ്തികയ്ക്കു വേണ്ടി പിന്നെയെന്തിനാണ് പി.എസ്.സി പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്?​ പഴയ കാലത്ത് പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലൊക്കെ വരുന്നവർക്ക് ഉറപ്പായും ജോലി കിട്ടുമായിരുന്നു. പുതിയ കാലത്ത് അതും ഇല്ലാതായിരിക്കുന്നു.

പല അസി. പ്രൊഫസർ പട്ടികകളിലും പേരിനു മാത്രമാണ് നിയമനം നടന്നിട്ടുള്ളത്. ഈ പട്ടികയിലുള്ളവർ മഴയ്ക്കായി കാത്തിരിക്കുന്ന വേഴാമ്പലുകളെപ്പോലെ ജോലിക്കായി കാത്തിരിക്കുകയാണ്. വിവിധ വകുപ്പുകളിൽ ക്ലാർക്ക് റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് ആറുമാസം കഴിഞ്ഞിട്ടും ഇതുവരെയായി രണ്ട് ശതമാനം നിയമനം മാത്രമാണ് നടന്നിട്ടുള്ളത്. പിൻവാതിലിലൂടെ രാഷ്ട്രീയ പിൻബലത്തിന്റെ പേരിൽ കരാർ നിയമനങ്ങൾ നടക്കുന്നതാണ് പി.എസ്.സി റാങ്ക് ലിസ്റ്റിലെ പേരുകാർക്ക് നിയമനം ലഭിക്കാത്തതിന് പ്രധാന കാരണം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നിയമനം നടത്തുന്ന സ്ഥാപനമാണ് കേരള പി.എസ്.സി എന്ന് പറയുമ്പോഴും പല റാങ്ക് ലിസ്റ്റുകളും വെറും പടമായി മാറുന്നു എന്നതാണ് വസ്തുത. അതുപോലെ തന്നെ,​ പ്രസിദ്ധീകരിച്ച് ഒരു വർഷം ആകുമ്പോഴും പ്രൈമറി സ്‌കൂൾ അദ്ധ്യാപക റാങ്ക് പട്ടികയിൽ നിന്ന് നിയമനങ്ങൾ നടത്തിയിട്ടില്ല. ഒമ്പതു ജില്ലകളിലെ യു.പി സ്‌കൂൾ അദ്ധ്യാപക റാങ്ക് പട്ടികയിൽ നിന്നും,​ ഏഴ് ജില്ലകളിലെ എൽ.പി സ്‌കൂൾ റാങ്ക് പട്ടികയിൽ നിന്നുമാണ് ഒരു നിയമനവും ഇതുവരെ നടന്നിട്ടില്ലാത്തത്.

മറ്റ് ജില്ലകളിൽ വിരലിലെണ്ണാവുന്നവർക്കു മാത്രമാണ് നിയമനം ലഭിച്ചിട്ടുള്ളത്. യു.പി.എസ്.ടി തസ്തികയിലേക്ക് ഏറ്റവും കൂടുതൽ ഉദ്യോഗാർത്ഥികൾ ഉൾപ്പെട്ട റാങ്ക് പട്ടിക മലപ്പുറത്താണ്- 641 പേർ. ഇവിടെ ഒരാൾക്കു പോലും നിയമനം നൽകിയിട്ടില്ല. എൽ.പി.എസ്.ടി തസ്തികയിലേക്ക് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഒരാൾക്കു പോലും നിയമനം നൽകാത്തത്.

സർക്കാർ ജോലി സ്വപ്നം കണ്ട്,​ കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസ്റ്റിൽ കയറിക്കൂടി കാത്തിരിക്കുന്നവരെ നിയമനം നൽകാതെ വഞ്ചിക്കുന്നത് ഒരു പി.എസ്.സിക്കും ഒരു സർക്കാരിനും ഭൂഷണമല്ല. ഇങ്ങനെ ചെയ്യുന്നതിലും ഭേദം ഇത്തരം പട്ടികകൾ പ്രസിദ്ധീകരിക്കാതിരിക്കുന്നതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC JOB, RANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY