SignIn
Kerala Kaumudi Online
Wednesday, 02 September 2026 2.50 AM IST

എക്സൈസിലെ അഴിമതി

READ ENGLISH VERSION
ss

എക്‌സൈസ് വകുപ്പിലെ മാസപ്പടി ഒരു പുതിയ കാര്യമല്ല. ഏതു മുന്നണി ഭരിക്കുമ്പോഴും നിർബാധം നടന്നുകൊണ്ടിരിക്കുന്ന ഒരു സംഗതിയാണത്. കൈക്കൂലി വാങ്ങിയവർ പലതവണ പിടിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതൊന്നും ഈ വകുപ്പിലെ അഴിമതിയുടെ മുന്നോട്ടുള്ള ഗതിയെ ബാധിച്ചിട്ടില്ല. എന്നിരുന്നാലും കോട്ടയം ജില്ലയിലെ എക്സൈസ് വകുപ്പിൽ നിന്ന് അടുത്തിടെ പുറത്തുവന്ന പ്രതിമാസ കൈക്കൂലിക്കഥ ഞെട്ടിപ്പിക്കുന്നതാണ്. കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ എസ്. അശോക്‌കുമാർ ഉൾപ്പെടെയുള്ള ഉയർന്ന ഉദ്യോഗസ്ഥർ പിടിക്കപ്പെട്ട വാർത്ത ഏറെ ശ്രദ്ധേയമായി മാറിയത് വിശദമായ തെളിവ് ശേഖരണത്തിനുശേഷം എക്സൈസ് കമ്മിഷണർ സീറാം സാംബശിവറാവു തന്നെ അവരെ പിടികൂടിയതിനാലാണ്. 'ഓപ്പറേഷൻ ബിജാപൂർ' എന്ന പേരിൽ കമ്മിഷണർ നടത്തിയ മിന്നൽ പരിശോധനയിലൂടെ ഒരു വൻ അഴിമതിയുടെ ചുരുളാണ് അഴിഞ്ഞിരിക്കുന്നത്.

അശോക്‌ കുമാർ ഉൾപ്പെടെ ഏഴ് എക്സൈസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഒരു ബാറിൽ നിന്ന് പ്രതിമാസം 15,000 രൂപ വരെ മാസപ്പടി കൈപ്പറ്റിയിരുന്നതായും ജില്ലയിലെ ഇരുപത്തേഴോളം ബാറുകളിൽ നിന്ന് ഇത്തരത്തിൽ ലക്ഷങ്ങൾ ഉദ്യോഗസ്ഥരുടെ കൈകളിൽ എത്തിയിരുന്നതായും തെളിവുകൾ വ്യക്തമാക്കുന്നു.

ബാറുടമകൾ മാസപ്പടി നൽകുന്നത് പ്രധാനമായും ചില നിയമലംഘനങ്ങൾ നടത്താനാണ്. ഇതിൽ ഏറ്റവും പ്രധാനം സമയക്രമം അട്ടിമറിക്കുക എന്നതാണ്. ബാറുകൾ നേരത്തേ തുറക്കുന്നതിനും നിശ്ചിത സമയം കഴിഞ്ഞും രാത്രിയിൽ പ്രവർത്തിക്കുന്നതിനും ഉദ്യോഗസ്ഥർ സൗകര്യങ്ങൾ ചെയ്തു കൊടുത്തു. കൃത്യമായി മാസപ്പടി നൽകുന്ന ബാറുകളിൽ ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് കയറില്ല. അഥവാ കയറിയാലും നിയമവിരുദ്ധമായ ഒന്നും നടക്കുന്നില്ലെന്ന റിപ്പോർട്ടാവും നൽകുക. അഴിമതിപ്പണം ഉദ്യോഗസ്ഥരുടെ ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് വരെ മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്.

മദ്യശാലകൾ അടഞ്ഞുകിടന്ന ചതയ ദിനത്തിൽ പോലും ബാറിൽ നിന്ന് മദ്യം വാങ്ങാൻ കമ്മിഷണർക്ക് തന്നെ നേരിട്ട് കഴിഞ്ഞു എന്നതും ഈ അഴിമതി രീതികളുടെ വ്യാപ്തി വെളിവാക്കുന്നതാണ്. എക്സൈസിൽ ഉള്ള എല്ലാ ഉദ്യോഗസ്ഥരും അഴിമതിക്ക് കുടപിടിക്കുന്നവരല്ല എന്ന യാഥാർത്ഥ്യവും നമ്മൾ മനസിലാക്കാതെയിരിക്കരുത്. പക്ഷേ മുകളിൽ ഇരിക്കുന്നവർ തന്നെ മാസപ്പടി വാങ്ങുന്നവരാണെന്ന അറിവുള്ളതിനാൽ സത്യസന്ധരായവർക്ക് വേണ്ടരീതിയിൽ പ്രവർത്തിക്കാൻ കഴിയാറില്ല. ഈ അഴിമതിയെക്കുറിച്ച് സത്യസന്ധരായ ചില ഉദ്യോഗസ്ഥർ രഹസ്യമായി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷണർ നേരിട്ട് കമ്മിഷണറാണെന്ന കാര്യം വെളിപ്പെടുത്താതെയുള്ള ഓപ്പറേഷൻ കോട്ടയത്ത് നടത്തിയത്. ഏതായാലും ഈ നടപടിക്കുമുതിർന്ന കമ്മിഷണർ സാംബശിവറാവു തീർച്ചയായും അഭിനന്ദനമർഹിക്കുന്നു.

എക്സൈസിലെ അഴിമതി ഒരു ജില്ലയിൽ മാത്രം ഒതുങ്ങുന്നതല്ല. ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുന്ന ഒരു സർക്കാരാണിതെന്ന തോന്നൽ നിലവിലുണ്ട്. അതിന് തുരങ്കം വയ്ക്കുന്ന അഴിമതിക്കാരെ ഒരു കാരണവശാലും വച്ചു പൊറുപ്പിക്കരുത്. അഴിമതിക്ക് പിടിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ വരവിൽ കവിഞ്ഞ സ്വത്തുക്കൾ പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള ശക്തമായ നടപടികൾ ഉണ്ടാകേണ്ടതുണ്ട്. പലപ്പോഴും തെളിവുകളുടെ അഭാവമാണ് കൈക്കൂലിക്കാർ രക്ഷപ്പെടുന്നതിന് ഇടയാക്കുന്നത്. എന്നാൽ, കോട്ടയത്ത് എല്ലാ ആധുനിക തെളിവുകളും ശേഖരിച്ചതിന് ശേഷമാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായത്. എക്സൈസിലെ സത്യസന്ധരായ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇത്തരം ഓപ്പറേഷൻ എല്ലാ ജില്ലകളിലും നടത്തേണ്ടതുമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EXCISE, CURRUPTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY