SignIn
Kerala Kaumudi Online
Thursday, 03 September 2026 3.24 AM IST

സ്ഥലംമാറ്റം, അല്ലെങ്കിൽ മനംമാറ്റം

excise

ബാറുകാരുടെ ചില്ലറ 'വികൃതികളിൽ' എക്സൈസ് കണ്ണടയ്‌ക്കും. ഇതാണ് അഴിമതിയുടെ തുടക്കം. ശമ്പളവും പിന്നെ കിമ്പളവും കൂടിയാവുമ്പോൾ ജീവിതം മാറിമറിയും. ക്രമേണ കിട്ടുന്നത് പോരാതെ വരും. അപ്പോൾ തുടങ്ങും കണക്കുപറച്ചിൽ. വഴങ്ങിയില്ലെങ്കിൽ ബാറുടമകളെ കഴിയുംവിധം ബുദ്ധിമുട്ടിക്കും. ബാറുടമകൾ അവരുടെ വഴി നോക്കുന്നതോടെ കിമ്പള ഉദ്യോഗസ്ഥർക്ക് പണിയും കിട്ടും. എക്സൈസിലെ സത്യസന്ധരെക്കൂടി നാറ്റിക്കുകയാണ് അഴിമതിക്കാരായ ഉദ്യോഗസ്ഥർ.

ചാരായ നിരോധനത്തിന് ശേഷമാണ് നാട്ടിൻ പുറങ്ങളിലെ സാധാരണക്കാരായ മദ്യപരടക്കം ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിലേക്ക് അടുക്കുന്നത്. അന്ന് സ്വകാര്യ ഷാപ്പുകളായിരുന്നു ഏറെയും. ഇതിനിടെ ബാറുകളുടെ എണ്ണവും കൂടി. രാവിലെ ഒരു 'ചെറുത്' കഴിച്ചിട്ട് ജോലിക്ക് പോകുന്ന നിരവധി പേരുണ്ട്. ഇവർക്ക് വീര്യം കുറഞ്ഞ കള്ളിനോട് താത്പര്യമില്ല. വിദേശമദ്യ ചില്ലറ വില്പനശാലകൾ എല്ലാമേഖലകളിലുമില്ല. പിന്നത്തെ വഴി ബാറുകളാണ്. ബാർ തുറക്കുന്ന സമയം വരെ (രാവിലെ 10 മണി) കാത്തുനിൽക്കാനുമാവില്ല. ഇതോടെ ചില ബാറുകൾ രാവിലെ തന്നെ പിൻവാതിലൂടെയും ഒളിഞ്ഞും മറഞ്ഞുമെല്ലാം വില്പന തുടങ്ങും. ഈസമയം കൂടുതൽ വിലവാങ്ങാമെന്നതാണ് ഉടമകളുടെ നേട്ടം. ഇത് കണ്ടില്ലെന്ന് നടിക്കാനാണ് പലേടത്തും ചില ഏമാന്മാർ കിമ്പളം വാങ്ങുന്നത്.

ഡ്രൈ ഡേകളിൽ കച്ചവടം നടത്തുന്ന ബാറുകളുമുണ്ട്. ഇവയ്ക്കുനേരെയും കണ്ണടയ്‌ക്കും. സാമ്പിൾ ശേഖരിക്കലടക്കം ഏതു സമയത്തും ബാറുകൾ പരിശോധിക്കാമെന്ന അധികാരവും പിരിവുകാരായ ഉദ്യോഗസ്ഥർക്ക് തുണയാണ്. പൊട്ടിച്ച കുപ്പികളിൽ നിന്ന് സാമ്പിളെടുക്കാതിരിക്കാനും പടിയുണ്ട്. ബാർ ഹോട്ടലുകൾ ലക്ഷങ്ങൾ മുടക്കിയുള്ള വ്യവസായമാണ്. പരമാവധി ബിസിനസ് ആഗ്രഹിക്കുന്നതിനാൽ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന പടി നൽകാൻ ബാറുകാരും നിർബന്ധിതരാകും.

 പിരിവിന് പൊതുധാരണ

വകുപ്പിലെ പണപ്പിരിവുകാർ തമ്മിലും പൊതുധാരണയുണ്ട്. മുകളിലുള്ള ഉദ്യോഗസ്ഥരുടെയോ രാഷ്ട്രീയ നേതാക്കളുടേയോ പിന്തുണയും ഇക്കൂട്ടർക്ക് വളമാകുന്നുണ്ട്. അതേസമയം നിയമം കർശനമായി നടപ്പാക്കുന്ന ഉദ്യോഗസ്ഥരെ ഏതെങ്കിലും ഓണം കേറാമൂലയിലേക്ക് തട്ടും. അല്ലെങ്കിൽ പിരിവുകാരുടെ വഴിയിലേക്കെത്തിക്കും. കണക്കിൽ കവിഞ്ഞ വരുമാനം കിട്ടുമ്പോൾ അതൊരു ശീലവുമാവും. കർക്കശക്കാരായ ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനകൾ ബാറുകൾക്ക് ചോർത്തിക്കൊടുക്കുന്ന 'സമർത്ഥരുമുണ്ട്'.

ഇടക്കാലത്ത് സ്പിരിറ്റ് ലോബി ശക്തമായിരുന്നു. ഇതിലൂടെ വ്യാജ മദ്യം നിർമ്മിച്ചിരുന്ന സംഘങ്ങളും സജീവമായിരുന്നു. കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറിജിനലിനെ വെല്ലുന്ന മദ്യമാണ് ഇവർ ഉത്പാദിപ്പിച്ച് വിറ്റിരുന്നത്. പടി പറ്റിയിരുന്ന എക്സൈസിലെ ചില ഉദ്യോഗസ്ഥരാണ് ഇത്തരം സ്പിരിറ്റ് കടത്തുകാർക്ക് ഒത്താശ ചെയ്‌തിരുന്നത്. എന്നാൽ അഴിമതിക്കാരല്ലാത്ത ഉദ്യോഗസ്ഥരുടെ കർശന നിലപാടും, സ്പിരിറ്റു കടത്തിൽ നിന്നുള്ള ലാഭം കുറഞ്ഞതും കാരണം അത്തരം ലോബികളുടെ പ്രവർത്തനം ഏറക്കുറെ നിലച്ചു.

ഭൂരിഭാഗം ബാറുകളും നേരായ മാർഗത്തിൽ നടത്തുന്നവയാണ്. ഇവരെക്കൂടി വഴിതെറ്റിക്കാൻ ശ്രമിക്കുന്ന വിരുതൻമാരും എക്സൈസിലുണ്ട്. മദ്യത്തിൽ നിന്ന് രാസലഹരിലേക്ക് ഒരു വിഭാഗം സഞ്ചരിച്ചു തുടങ്ങിയതോടെ പണപ്പിരിവിനുള്ള പുതിയൊരു മേഖല കൂടി തുറക്കുകയായിരുന്നു. (തുടരും)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EXCISE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA