SignIn
Kerala Kaumudi Online
Saturday, 05 September 2026 12.28 AM IST

അദൃശ്യബന്ധങ്ങളുടെ ശക്തി

seemaar

സ്പിരിറ്റ് കടത്തായാലും വ്യാജമദ്യ കടത്തായാലും എക്സൈസിന് കൃത്യമായ വിവരം കിട്ടും. കാരണം ഈ രണ്ട് മേഖലകളിലും ഒന്നിലധികം സംഘങ്ങളുണ്ടാവും. ഇവരുടെ കുടിപ്പകയിലൂടെയാണ് കടത്തിന്റെ വിവരം ചോരുക. പക്ഷേ, ഇങ്ങനെ പിടികൂടിയാലും കിട്ടാവുന്നത്ര വാങ്ങിയെടുത്ത് പ്രതികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കുകയാണ് ചില ഉദ്യോഗസ്ഥരുടെ പതിവ്. ഇങ്ങനെയുള്ള ചില കേസുകൾ വിവാദമാവുകയും ഉദ്യോഗസ്ഥർക്കെതിരെ കേസും നടപടികളും ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. എന്നാൽ കേസിൽപ്പെടുന്ന ഉദ്യോഗസ്ഥർ പൂർവാധികം ശക്തിയോടെ സർവീസിൽ തിരികെയെത്തുകയോ,​ കേസിൽ നിന്ന് തലയൂരി സ്വസ്ഥമായി ജീവിക്കുകയോ ചെയ്യുന്ന കാഴ്ചയാണ് പലപ്പോഴും കാണാനാവുക.

ബാർ ഹോട്ടൽ വ്യവസായ രംഗത്തെ പ്രബലരായ ചില ആളുടെ സ്വന്തക്കാരായി നിലകൊള്ളുന്ന ചില ഉദ്യോഗസ്ഥരുണ്ട്. ഇതേ ബാറുടമകൾ പല രാഷ്ട്രീയക്കാരുടെയും മിത്രങ്ങളുമായിരിക്കും. ഉദ്യോഗസ്ഥർ പലപ്പോഴും പരിശോധന നടത്തുന്നതും നടപടി സ്വീകരിക്കുന്നതും തങ്ങളുടെ ഇഷ്ടക്കാർക്ക് വേണ്ടിയാവും. ഇതിന്റെ ഫലമായി ഒരേ നിയമലംഘനം നടത്തിയാലും ഒരു കൂട്ടർ മാത്രം പിടിക്കപ്പെടുന്ന സ്ഥിതിയുണ്ടാവും.

കോട്ടയം കോഴക്കേസ് ഇതിന് നല്ല ഉദാഹരണമാണ്. സമയപരിധി ലംഘിച്ച് ബാർ പ്രവർത്തിക്കാൻ ഒത്താശ ചെയ്തതിന് പടി വാങ്ങിയ കേസിലാണ് ഒരു ഡെപ്യൂട്ടി കമ്മിഷണർ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥർ സസ്പെൻഷനിലായത്. ഈ ഉദ്യോഗസ്ഥർക്ക് പടി വാങ്ങി നൽകാൻ ഇടനില നിന്ന് പ്രവർത്തിച്ചതാവട്ടെ ഒരു ബാറിന്റെ ഉടമസ്ഥതയിൽ ഉൾപ്പെട്ട വ്യക്തിയും. അതേസമയം, ഒരുവിധ സ്വാധീനത്തിനും വഴങ്ങാത്ത നല്ലൊരു ശതമാനം ഉദ്യോഗസ്ഥരും വകുപ്പിലുണ്ട്. സർവീസ് കാലയളവിൽ ഒരിക്കലും മനഃസമാധാനത്തോടെ ഇക്കൂട്ടർക്ക് ജോലി ചെയ്യാൻ കഴിയാറില്ല.

..................................................................

ശക്തമായ നടപടി തുടരും

സീറാം സാംബശിവറാവു,

എക്സൈസ് കമ്മിഷണർ

?കോട്ടയം സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ നടപടിയുണ്ടാവുമോ.

ഒരു പഴുതുമില്ലാതെ നടത്തിയ പരിശോധനയിലാണ് ഇപ്പോഴത്തെ കേസുകൾ കണ്ടെത്തിയത്. തുടരന്വേഷണത്തിന് വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്. തെറ്റായ പ്രവർത്തനം അവസാനിപ്പിക്കാൻ തന്നെയാണ് തീരുമാനം. ഉദ്യോഗസ്ഥ അഴിമതിക്ക് നേരെ കണ്ണടയ്ക്കില്ല.

?ലഹരി വ്യാപനമാണല്ലോ സംസ്ഥാനം നേരിടുന്ന വലിയ വിപത്ത്. തടയാനുള്ള പ്രവർത്തനങ്ങൾ.

സംസ്ഥാനത്തിന്റെ നൂറുദിന കർമ്മപദ്ധതിയിൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ അഞ്ച് പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നു. വാർഡുതല ജനജാഗ്രതാ സമിതികളാണ് ഏറ്റവും പ്രധാനം. മയക്കുമരുന്നിനെതിരെ 'മയങ്ങില്ല കേരളം 'എന്നൊരു സമഗ്രപദ്ധതി തയ്യാറാക്കിയിട്ടുണ്ട്.ബോധവത്കരണം, പ്രതിരോധം, നിയമനിർവഹണം, പുനരധിവാസം, ജനപങ്കാളിത്തം എന്നിങ്ങനെയാണ് നടപ്പാക്കുന്നത്. സംസ്ഥാനത്തെ എല്ലാ വാർഡിലും രണ്ടുപേർ വീതം ഉൾപ്പെടുന്ന തണ്ടർ വോളണ്ടിയർ ഫോറം രൂപീകരിക്കും. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് തണ്ടർ ക്ളബ്ബും രൂപീകരിക്കും.

?പുതിയ സർക്കാർ വന്ന ശേഷമുള്ള കേസുകൾ

മേയ് 18ന് പുതിയ സർക്കാർ അധികാരമേറ്റത് മുതൽ ആഗസ്റ്റ് 31 വരെ 39,087 കേസുകൾ രജിസ്റ്റർ ചെയ്തു.1,620.30 ഗ്രാം എം.ഡി.എം.എയും 1,365.54 ഗ്രാം മെത്താംഫിറ്റമിനും പിടികൂടി. അബ്കാരി കേസുകൾ-6664 എൻ.ഡി.പി.എസ്- 3687, കോട്പ കേസുകൾ-28,736. ആകെ അറസ്റ്റിലായവർ- 8639. കോട്പ പിഴയിനത്തിൽ കിട്ടിയത്- 57,41,708 രൂപ.

(പരമ്പര അവസാനിച്ചു)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EXCISE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA