SignIn
Kerala Kaumudi Online
Sunday, 26 July 2026 5.13 AM IST

എന്നിട്ടും വാടാതെ 'തുളസിക്കതിർ...'

ddd

'തുളസിക്കതിർ നുള്ളിയെടുത്തു,​ കണ്ണന്നൊരു മാലയ്ക്കായ്..." എന്നു തുടങ്ങുന്ന കൃഷ്ണ ഭക്തിഗാനം കേൾക്കാത്തതോ, ഒന്നു മൂളാത്തതോ ആയ മലയാളികൾ ഏറെയുണ്ടാകില്ല. എഴുത്തുകാരെക്കാൾ പ്രസിദ്ധമായ ചില ലോക ക്ലാസിക്കുകളെപ്പോലെ,​ എഴുത്തുകാരൻ ആരെന്നറിയാതെ ഹൃദയങ്ങളിൽ നിറഞ്ഞ ഗാനമാണത്. ഒടുവിൽ 'കേരളകൗമുദി"യാണ് ഈ ഗാനത്തിന്റെ രചയിതാവ് ആരെന്ന് മലയാളത്തെ അറിയിച്ചത്. ലക്ഷങ്ങൾ ഇപ്പോഴും പാടിക്കൊണ്ടിരിക്കുന്ന 'തുളസിക്കതിരി"ന്റെ എഴുത്തുകാരൻ, സഹദേവൻ പട്ടശ്ശേരി യാത്രപറഞ്ഞു പോയിട്ട് ആഴ്ചകളേ ആയുള്ളൂ.


35 വർഷത്തിനു മുമ്പ് തന്റെ വീടിനു സമീപമുള്ള വിദ്യാധരൻ സ്വാമിയുടെ കോവിലിൽ ഭജനയ്ക്കു വേണ്ടി സഹദേവൻ പട്ടശ്ശേരി രചിച്ചതായിരുന്നു ഈ കൃഷ്ണ ഭക്തിഗാനം. വിദ്യാധരൻ സ്വാമിയുടെ കോവിലിൽ ദീപാരാധന സമയത്ത് ഒരു സ്ത്രീ പതിവായി ചൊല്ലിയിരുന്ന ഈ ഭജന ആരൊക്കെയോ ഹൃദിസ്ഥമാക്കി. നാടൻപാട്ടുകൾ പോലെ വാമൊഴിയായി പരന്നു. പക്ഷേ അതൊന്നും സഹദേവൻ പട്ടശ്ശേരി അറിഞ്ഞില്ല. ഇതിനിടിയിൽ പലരും ഈ ഗാനം ആലപിച്ച് യു ട്യൂബിൽ അപ് ലോഡ് ചെയ്തു.

അങ്ങനെയിരിക്കെ ഇടക്കുളങ്ങര ചാച്ചാജി പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ആർ. സനജൻ യു ട്യൂബിൽ പാട്ടുകൾ പരതുന്നതിനിടയിൽ 'തുളസിക്കതിർ നുള്ളിയെടുത്തു..." എന്ന ഗാനം കേട്ടു. നല്ല വരികൾ, പക്ഷെ ആലാപനം പോരാ. താളം അല്പമൊന്ന് മാറ്റിപ്പിടിച്ച്, നല്ല ശബ്ദത്തിൽ പാടിയാൽ ഈ ഗാനം കൂടുതൽ മനോഹരമാകുമെന്ന് തോന്നിയ സനജൻ, സ്കൂളിലെ പാട്ടുകാരിയായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ഹന ഫാത്തിമിനോട് ഇക്കാര്യം പറഞ്ഞു.


സനജൻ പറഞ്ഞപാടെ ഹന യു ട്യൂബിൽ പാട്ടുകേട്ട് വരികൾ കുറിച്ചെടുത്തു. തൊട്ടടുത്ത ദിവസം കരുനാഗപ്പള്ളിയിലെ റെക്കാർഡിംഗ് സ്റ്റുഡിയോയിൽ പോയി മധുരശബ്ദത്തിൽ 'തുളസിക്കതിർ" പാടി റെക്കാർഡ് ചെയ്തു. എഡിറ്റിംഗ് പൂർത്തിയാക്കി, യു ട്യൂബിൽ അപ‌്ലോഡ് ചെയ്തു. മിനിറ്റുകൾ പിന്നിട്ടതോടെ,​ തട്ടമിട്ട് ഹന ഫാത്തിം 'തുളസിക്കതിർ..." പാടുന്ന വീഡിയോയ്ക്ക് ലൈക്കും ഷെയറും പെരുകി. 72 മണിക്കൂർ പിന്നിട്ടപ്പോൾ 5500 പേർ ലൈക്ക് ചെയ്തു. രണ്ടുലക്ഷം പേർ വീഡിയോ കണ്ടു.

ഹന പാടിയ 'തുളസിക്കതിർ..." യു ട്യൂബിൽ വൈറലായ വിവരം വാർത്തയാക്കണമെന്ന ആവശ്യവുമായി തൊടിയൂരിലെ ഫോട്ടോഗ്രാഫറായ ഹാരീസ് ഹാരി 2020 ആഗസ്റ്റ് 19-ന് സന്ധ്യയ്ക്ക് 'കേരളകൗമുദി" തൊടിയൂർ ബ്യൂറോയിലെത്തി. എഴുത്തുകാരൻ അരെന്നറിയാത്ത, വൈറലായ ഗാനത്തെക്കുറിച്ചുള്ള വാർത്ത പിറ്റേന്നുതന്നെ ഹന പാടുന്ന ചിത്രം സഹിതം വലിയ പ്രാധാന്യത്തോടെ 'കേരളകൗമുദി" പ്രസിദ്ധീകരിച്ചു.


'തുളസിക്കതിർ" യു ട്യൂബിൽ വൈറലായ വിവരമെന്നും എഴുത്തുകാരനായ സഹദേവൻ പട്ടശ്ശേരി അറിഞ്ഞിരുന്നില്ല. വർഷങ്ങളായി കേരളകൗമുദി വരിക്കാരനായിരുന്ന സഹദേവൻ പട്ടശ്ശേരി പതിവുപോലെ പത്രം വായിക്കുന്നതിനിടെയാണ് ഹന പാടി വൈറലായ ഗാനത്തെക്കുറിച്ചുള്ള വാർത്ത വായിച്ചത്. അതിൽ എടുത്തുചേർത്തിട്ടുള്ള വരികൾ നോക്കിയപ്പോൾ അദ്ദേഹം അമ്പരന്നു ! താൻ പണ്ടെഴുതിയ വരികൾ! ഉടനെ സഹദേവൻ പട്ടശ്ശേരി താൻ വരികൾ കുറിച്ചിരുന്ന ഡയറി പരതിയെടുത്ത്,​ അതുമായി 'കേരളകൗമുദി" തൊടിയൂർ ബ്യൂറോയിലെത്തി. അദ്ദേഹം വലിയ ആവേശത്തോടെ പറഞ്ഞു: ''ഈ കൃഷ്ണ ഭക്തിഗാനം എന്റേതാണ്. ഇതെഴുതിയത് ഞാനാണ്."" വാർത്ത നൽകിയ ലേഖകനായ ഞാൻ ഡയറി പരിശോധിച്ചപ്പോൾ സഹദേവൻ പട്ടശ്ശേരി പറ‌ഞ്ഞത് ശരിതന്നെ. ആദ്യവരിയിലെ ആദ്യ വാക്കു മാത്രമേ മാറ്റമുള്ളൂ. തുളസിക്കതിർ എന്നതിനു പകരം 'പിച്ചിപ്പൂ" എന്നാണ് എഴുതിയിരിക്കുന്നത്. അതു മാത്രമേ മാറ്റമുള്ളൂ.

'തുളസിക്കതിർ നുള്ളിയെടുത്തു" എന്ന വൈറൽ പാട്ടിന്റെ എഴുത്തുകാരനെ കണ്ടെത്തിയ വിവരം ആഗസ്റ്റ് 21-ന് കേരളകൗമുദി വാർത്തയാക്കി. അങ്ങനെ സൂപ്പർഹിറ്റ് വരികളുടെ രചയിതാവായ സഹദേവൻ പട്ടശ്ശേരിയെ ലോകമറിഞ്ഞു. പണമില്ലാത്തതിനാൽ തന്റെ രചനകൾ പുസ്തമാക്കാൻ കഴിയാത്ത കാര്യവും പട്ടശ്ശേരി പറഞ്ഞിരുന്നു. ഇതും 'കേരളകൗമുദി" റിപ്പോർട്ട് ചെയ്തു. വാർത്ത ശ്രദ്ധയിൽപ്പെട്ട കൊല്ലം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ. അനിൽ എസ്. കല്ലേലിഭാഗത്തിന്റെ ഇടപെടലിനെ തുടർന്ന് പുസ്തകം അച്ചടിക്കാൻ ജില്ലാപഞ്ചായത്ത് സഹദേവൻ പട്ടശ്ശേരിക്ക് 50,000 രൂപ അനുവദിച്ചു. അങ്ങനെ ജീവിതപ്രാരാബ്ധങ്ങൾക്കിടയിൽ സഹദേവൻ പട്ടശ്ശേരി എപ്പോഴൊക്കെയോ കുത്തിക്കുറിച്ച ഗാനങ്ങളും കവിതകളും 'കനലിൽ വിരിഞ്ഞ പൂക്കൾ" എന്ന പേരിൽ പുസ്തകമായി.


തന്റെ പുസ്തകം,​ അന്ന് മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണൻ പ്രകാശനം ചെയ്യണമെന്നായിരുന്നു സഹദേവൻ പട്ടശ്ശേരിയുടെ ആഗ്രഹം. 'രാധാകൃഷ്ണൻ വന്നാൽ സഹദേവൻ പട്ടശ്ശേരിയുടെ ആഗ്രഹം പൂവണിയും" എന്ന തലക്കെട്ടിൽ കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചു. വാർത്ത വായിച്ച കെ. രാധാകൃഷ്ണൻ, സഹദേവൻ പട്ടശ്ശേരിയെ ഫോണിൽ വിളിച്ച് താൻ പുസ്തകപ്രകാശനത്തിന് എത്തുമെന്നറിയിച്ചു. അങ്ങനെ 2023 ഏപ്രിൽ 18-ന് കല്ലേലിഭാഗം ജനത ഗ്രന്ഥശാലയുടെ സഹകരണത്തോടെ ഗുരുകുലം അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ആർ. രാമചന്ദ്രൻ എം.എൽ.എയ്ക്ക് മന്ത്രി കെ. രാധാകൃഷ്ണൻ ആദ്യപ്രതി നൽകി പുസ്തകം പ്രകാശനം ചെയ്തു.

കരുനാഗപ്പള്ളി താലൂക്കിൽ കല്ലേലിഭാഗത്തെ പട്ടശ്ശേരിൽ വീട്ടിൽ മരംകയറ്റ തൊഴിലാളിയായ അയ്യപ്പന്റെയും ഉമ്മിണിയുടെയും ആറു മക്കളിൽ രണ്ടാമനാണ് സഹദേവൻ . കരുനാഗപ്പള്ളി ബോയ്സ് ഹൈസ്കൂളിലെ പഠന കാലത്ത് എസ്.എഫിന്റെ പ്രവർത്തകനായിരുന്നു. പിൽക്കാലത്ത് സി.പി.ഐയുടെ സജീവ പ്രവർത്തകനായി മാറിയ സഹദേവൻ സാംസ്കാരിക രംഗത്തും ഗ്രന്ഥശാലാ പ്രവർത്തനങ്ങളിലും സജീവമായി. ജനത ഗ്രന്ഥശാലയുടെ നാടക സമിതിയിൽ അംഗമായിരുന്ന സഹദേവൻ 'മതിലുകൾ" എന്ന നാടകത്തിൽ ഡോക്ടറുടെ വേഷം അഭിനയിച്ചിരുന്നു.

കല്ലേലിഭാഗത്തെ വെൽഫെയർ സ്കൂളിൽ കുറച്ചുകാലം അദ്ധ്യാപകനായിരുന്നു. സാമൂഹ്യക്ഷേമ വകുപ്പിനു കീഴിൽ പെൺകുട്ടികൾക്കു വേണ്ടി ദീർഘകാലം കല്ലേലിഭാഗത്ത് തയ്യൽ പരീശീലന കേന്ദ്രവും നടത്തിയിരുന്നു. അച്ഛന് സഹായിയായി ഒപ്പം കൂടിയ സഹദേവൻ പിന്നീട് മരംകയറ്റം ഉപജീവനമാർഗമായി സ്വീകരിച്ചു. കഴിഞ്ഞ പത്തുവർഷമായി വിശ്രമജീവിതം നയിച്ചുവരികയായിരുന്ന,​ മലയാളികൾ മറക്കാത്ത വരികളുടെ എഴുത്തുകാരൻ കഴിഞ്ഞ മാസം 29- ന് യാത്ര പറഞ്ഞുപോയി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 11
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION