ന്യൂഡൽഹി: 2026 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ സ്ഥാനം ലഭിക്കാതെ പോയതിന്റെ നിരാശ തുറന്നുപറഞ്ഞ് മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ. ന്യൂസിലൻഡിനെതിരായ പരമ്പരയിലെ മോശം ഫോമും തൊട്ടുപിന്നാലെ ലഭിച്ച അവസരങ്ങൾ മുതലാക്കി ഇഷാൻ കിഷൻ നടത്തിയ മികച്ച പ്രകടനവുമാണ് ടീമിലെ തന്റെ അവസരം നഷ്ടപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ജിയോസ്റ്റാറിന് നൽകിയ അഭിമുഖത്തിലാണ് സഞ്ജു ഇക്കാര്യം വെളിപ്പെടുത്തിയത്.
സഞ്ജുവിന്റെ വാക്കുകൾ:
'ന്യൂസിലൻഡ് പരമ്പരയ്ക്ക് ശേഷം ഇഷാൻ കിഷൻ ടീമിലേക്ക് വന്നു. അദ്ദേഹത്തിന്റെ മുന്നേറ്റം തികച്ചും വ്യത്യസ്തമായിരുന്നു. ആദ്യഘട്ടത്തിൽ ടീമിൽ പോലുമല്ലാതിരുന്ന ഇഷാൻ, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ജാർഖണ്ഡിനെ ഒറ്റയ്ക്ക് ചാമ്പ്യന്മാരാക്കിയാണ് തിരിച്ചെത്തിയത്. ഇന്ത്യൻ ടീമിൽ ലഭിച്ച അവസരങ്ങളിൽ അദ്ദേഹം തകർപ്പൻ ബാറ്റിംഗാണ് പുറത്തെടുത്തത്. ടീമിലെ എന്റെ സ്ഥാനത്തിന് മുകളിലേക്ക് ഇഷാൻ ഉയരുന്നത് എനിക്ക് വ്യക്തമായി കാണാമായിരുന്നു.
ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ 24, 6, 6, 10, 0 എന്നിങ്ങനെയായിരുന്നു റൺസ്. മോശം ഫോം ലോകകപ്പ് സ്വപ്നങ്ങൾക്ക് തിരിച്ചടിയായി. ഉയർന്ന സ്‌കോർ 24 ആവുകയും, പകരം വന്നയാൾ ഇറങ്ങിയ ഉടനെ 70ഓളം റൺസ് അടിക്കുകയും പിന്നാലെ സെഞ്ച്വറിയും നേടി. ഈയൊരു സാഹചര്യത്തിൽ ഏതൊരു മാനേജ്‌മെന്റും മികച്ച ഫോമിലുള്ള കളിക്കാരനെയാവും തിരഞ്ഞെടുക്കുക. ലോകകപ്പിലേക്കുള്ള അവസരം കൈവിട്ടുപോയെന്ന് എനിക്ക് ഉറപ്പായിരുന്നു. സങ്കടമുണ്ടായിരുന്നെങ്കിലും മിണ്ടാതിരുന്ന് കൈയടിക്കുക മാത്രമായിരുന്നു എനിക്ക് അപ്പോൾ ചെയ്യാൻ കഴിഞ്ഞത്.
ഒറ്റ ദിവസം കൊണ്ട് എല്ലാം മാറിമറിയും, അതാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ രീതി. സെഞ്ച്വറികൾ നേടിയപ്പോൾ എന്റെ സ്ഥാനം സുരക്ഷിതമായെന്ന് പലരും പറഞ്ഞു. എന്നാൽ ഞാൻ അത് വിശ്വസിച്ചില്ല. അതിനുശേഷമാണ് ന്യൂസിലൻഡ് പരമ്പര വരുന്നത്. ലോകകപ്പ് മനസിൽ കണ്ട് അതികഠിനമായി പരിശീലനം നടത്തിയിട്ടും കിവീസ് പരമ്പരയിൽ തിളങ്ങാനായില്ല. ഞാൻ കൂടുതൽ പരിശ്രമിക്കുകയാണെന്ന് എനിക്ക് ബോദ്ധ്യപ്പെട്ടു. മണിക്കൂറുകളോളം പരിശീലിക്കുന്നതിനേക്കാൾ പ്രധാനം സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കുകയാണെന്ന ഭാര്യയുടെ വാക്ക് എത്ര ശരിയാണെന്ന് ന്യൂസിലൻഡ് പരമ്പര എന്നെ പഠിപ്പിച്ചു,' സഞ്ജു കൂട്ടിച്ചേർത്തു.
Malayalam wicketkeeper-batter Sanju Samson expressed disappointment over missing out on India's 2026 T20 World Cup playing XI. In a JioStar interview, he attributed this to his poor form during the New Zealand series and Ishan Kishan's subsequent strong performances. Samson acknowledged that team management would naturally select players in better current form for major tournaments.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |