
എഴുതി പൂർത്തിയാക്കിയ നോവലുമായി പ്രസാധകരെ കിട്ടാതലഞ്ഞൊരു കാലമുണ്ട് കിടങ്ങൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അഭിജിത് പ്രകാശിന്. ആദ്യ നോവൽ 'ഓട്ടപ്പന്തയം" വെളിച്ചം കാണാൻ അത്രയേറെ പാടുപെട്ടു. മൂന്നാം നോവലായ 'ലീവ്"ലെത്തിയപ്പോഴേയ്ക്കും പല പ്രസാധകരും ഇങ്ങോട്ടുവിളിച്ചു. പുതിയകാലത്തെ എഴുത്തുകാരന് കിട്ടിയ ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്ന്. നല്ലെഴുത്തിനാൽ നവതലമുറയുടെ ആരാധനാ പാത്രമാകാൻ കഴിയുന്നതിന്റെ സന്തോഷമുണ്ട് അഭിജിത്തിന്.
സോഷ്യൽ മീഡിയ റിവ്യൂസാണ് അഭിജിത്തിന്റെ പുസ്തകങ്ങൾക്ക് പേരും പെരുമയുമുണ്ടാക്കിയത്. 'ഓട്ടപ്പന്തയം", 'വീണ്ടും തളിർക്കുന്ന ചില്ലകൾ", 'ലീവ്"... കാക്കിയും ലാത്തിയും അഭിജിത്തിന്റെ ജീവിതമാണ്; അക്ഷരങ്ങൾ ജീവനും. പൂവുപോലുമറിയാതെ സൂചിമുഖിക്കുരുവി തേൻ നുകരുംപോലെ, ജോലിയിലെ സമ്മർദ്ദങ്ങൾക്കിടയിലും വാക്കുകളുടെ മാധുര്യമറിഞ്ഞുള്ള എഴുത്തുകൾ. അനുഭവത്തിന്റെ ആഴവും ഭാഷയുടെ സൗന്ദര്യവും ഓരോ വരിയിലും ഒരുപോലെ തെളിഞ്ഞുനിൽക്കുന്നു. 'ലീവ് " അതിന്റെ രണ്ടാം പതിപ്പിന്റെ പടിവാതിലും കടന്നു. വ്യത്യസ്തവും സത്യസന്ധവുമായ പൊലീസ് കഥയാണ് ഇതിവൃത്തം.
2014ലാണ് 'ഓട്ടപ്പന്തയം" എഴുതുന്നത്. സർവീസിൽ കയറിയതിന് പിന്നാലെ എഴുത്ത് പൂർത്തിയാക്കി. കഥയുമായി ഒരുപാട് പ്രസാധകരെ കണ്ടു. കന്നിയെഴുത്തുകൾക്ക് വായനക്കാരുണ്ടാവില്ലെന്ന് പറഞ്ഞ് പലരും നിർദാക്ഷണ്യം തിരസ്കരിച്ചു. പ്രതീക്ഷ കൈവിടാതെ കാത്തിരുന്നു. 2019ൽ ചെന്നൈ കേന്ദ്രമായുള്ള പ്രസാധകർ വഴി നാമമാത്ര പുസ്തകമിറക്കി. ആരും കാണാതെ അഞ്ചു വർഷത്തോളം പുസ്തകങ്ങൾ പൊടിപിടിച്ചു കിടന്നു. മനസിൽ നിരാശ നിഴലിക്കുമ്പോഴും അക്ഷരങ്ങൾ കൈവിടില്ലെന്ന ആത്മവിശ്വാസമായിരുന്നു തുണ. അപ്രതീക്ഷിതമായി ആരോ സോഷ്യൽ മീഡിയയിൽ എഴുതിയ കുറുപ്പാണ് അഭിജിത്തിലെ എഴുത്തുകാരന് പുതുജീവനേകിയത്. അതിവേഗം കോപ്പികൾ വിറ്റുതീർന്നു. ഇതോടെ 2024ൽ മാൻകൈൻഡ് പബ്ളിഷേഴ്സ് പുന:പ്രസിദ്ധീകരിച്ചു. പുസ്തകത്തിന്റെ പത്തുപതിപ്പാണിറങ്ങിയത്. അത് ഊർജ്ജമായി. അടുത്ത എഴുത്തിനായി മനസിൽ കൂട്ടിയതൊക്കെ ഒഴുകിയിറങ്ങാൻ അധികകാലം വേണ്ടി വന്നില്ല. സൗഹൃദത്തിന്റെ കഥയാണ് ഓട്ടപ്പന്തയം പറഞ്ഞതെങ്കിൽ സ്ത്രീപക്ഷ രചനയാണ് രണ്ടാം പുസ്തകമായ 'വീണ്ടും തളിർക്കുന്ന ചില്ലകൾ". ആധുനിക സമൂഹത്തിൽ സ്ത്രീകളുടേയും ട്രാൻസ് വിഭാഗങ്ങളുടേയും പ്രണയവും സംഘർവും അരക്ഷിതാവസ്ഥയുമൊക്കെയായിരുന്നു പ്രമേയം. ചുരുങ്ങിയ കാലം കൊണ്ട് 'വീണ്ടും തളിർക്കുന്ന ചില്ലകളും" പത്ത് പതിപ്പിറങ്ങി.
കലോത്സവങ്ങളിലെ
കുട്ടിയെഴുത്തുകൾ
റിട്ട.ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ കോട്ടയം മധുരവേലി അറയ്ക്കൽ എ.വി.പ്രകാശന്റെയും റിട്ട.അദ്ധ്യാപിക ടി.എം.വിലാസിനിയുടെയും മകൻ അഭിജിത്തിന് കുട്ടിക്കാലം മുതലേ പുസ്തകങ്ങളായിരുന്നു കൂട്ട്. ഇടുക്കി അടിമാലിയിലായിരുന്നു അച്ഛനും അമ്മയ്ക്കും ജോലി. നാട്ടിൻപുറത്തെ വായനശാലകളിൽ നിന്ന് അക്ഷരം പെറുക്കിയെടുത്ത് വായിച്ചു തുടങ്ങിയതാണ്. സ്കൂൾ കലോത്സവങ്ങളിലെ എഴുത്തുകളിലൂടെയായിരുന്നു തുടക്കം. ബി.കോം പൂർത്തിയാക്കി സർക്കാർ ജോലിക്ക് ശ്രമിക്കുമ്പോഴും വായനയെ കൈവിട്ടില്ല. എപ്പോഴും ബാഗിലൊരു പുസ്തകമുണ്ടാവും. ഒഴിവ് സമയം കിട്ടിയാൽ ഇപ്പോഴും വായനയിൽ ലയിക്കും. എഴുത്തിനും വായനയ്ക്കും സമയം നീക്കിവയ്ക്കുമ്പോൾ പരിഭവമേതുമില്ലാതെ ഭാര്യ വിഷ്ണുപ്രിയയും കൂടെയുണ്ട്.
ഓട്ടപ്പാച്ചിലിലെ
എഴുത്തുകൾ
ഇത്രയും തിരക്കു പിടിച്ച ജോലിക്കിടെ എങ്ങനെ എഴുതുന്നു? എല്ലാവരും അഭിജിത്തിനോട് ഒരേ പോലെ ചോദിക്കുന്നു. ''സമയമില്ലെന്ന കാരണം പറഞ്ഞ് ഞാൻ മാറിനിൽക്കാറില്ല""- അഭിജിത്തിന് കൃത്യമായ മറുപടിയുണ്ട്. ഉറക്കം കുറച്ചും പല ഇഷ്ടങ്ങളും മാറ്റിവച്ചുമാണ് സമയം കണ്ടെത്തുന്നത്. പ്രത്യേക സമയത്ത് കുത്തിയിരുന്ന് എഴുതുന്ന ശീലമില്ല. നിരന്തര നിരീക്ഷണവും അന്വേഷണവും. ചുറ്റും കാണുന്ന മനുഷ്യരിൽ നിന്ന് കഥ മനസിലേയ്ക്ക് ആവാഹിക്കും. ആശയം കുത്തിക്കുറിച്ചുവയ്ക്കും. ലീവിന്റെ കഥ രൂപപ്പെടുത്താൻ ഏഴ് വർഷമെടുത്തു. എഴുത്ത് തീർക്കാൻ രണ്ട് വർഷവും. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച 'ലീവ്" എന്താണ് ?- '' പതിവ് കുറ്റാന്വേഷണ കഥയല്ല. കാക്കി ഒരുപാട് പേരുടെ സ്വപ്നമാണ്. ചിലരുടെ പേടി സ്വപ്നവും. കുടുംബവും പ്രണയവും ക്രോധവും കാമവും സംഘർവുമൊക്കെയായി സമൂഹം അറിയാത്ത പൊലീസുകാരുടെ ജീവിത കഥയാണിത്"" -അഭിജിത് പറയുന്നു. പൊലീസുകാരനിലെ എഴുത്തുകാരന് ജനസമ്മതി കൂടതലെന്നാണ് അഭിജിത്തിന്റെ അനുഭവം. അനസ്യൂതമുള്ള എഴുത്തിന് തുണയാകുന്നത് മേലുദ്യോഗസ്ഥരുടെ പിന്തുണയും.
സിനിമയെന്ന സ്വപ്നം
മനസിൽ സിനിമാ സ്വപ്നവുമുണ്ട്. തിരക്കഥയുടെ പണിത്തിരക്കിലാണിപ്പോൾ. നല്ല ക്രൂവാണെങ്കിൽ സിനിമയിൽ കൈ നോക്കാനുള്ള ആഗ്രഹവും അഭിജിത് പങ്കുവയ്ക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |