കൊച്ചി: ഒരുമിച്ച് താമസിക്കുന്ന യുവാവും യുവതിയും തമ്മിൽ മദ്യലഹരിയിൽ നടുറോഡിലുണ്ടായ വാക്കുതർക്കം തടയാനെത്തിയ നാല് പൊലീസുകാർക്ക് മർദ്ദനമേറ്റു. കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. മറ്റൊരാൾക്കായി തെരച്ചിൽ.
കളമശേരി സ്റ്റേഷനിലെ എ.എസ്.ഐ എൽ.സാം ലെസ്ലി (55), എസ്.സി.പി.ഒ ശ്രീജിത് (35), സി.പി.ഒമാരായ അർജുൻ (46), ബേസിൽ (37) എന്നിവർക്കാണ് മർദ്ദനമേറ്റത്. ശ്രീജിത്തിന്റെ കൈപ്പത്തിക്കും അർജുന്റെ വലതുകൈക്കുഴയ്ക്കും പരിക്കേറ്റു. സംഭവത്തിൽ വൈപ്പിൻ ഞാറയ്ക്കൽ നികർത്തിത്തറ വീട്ടിൽ വിനോയിയെ (23) അറസ്റ്റ് ചെയ്തു. ഓടി രക്ഷപ്പെട്ട ഇയാളുടെ സുഹൃത്ത് കളമശ്ശേരി സ്വദേശി ബോവിനായി തെരച്ചിലാരംഭിച്ചു. ഒപ്പം താമസിക്കുന്ന സാനിയയെ ഹാജരാകാൻ നിർദ്ദേശിച്ച് വിട്ടയച്ചു.
ഞായറാഴ്ച അർദ്ധരാത്രി കളമശേരി ഞാലകത്തായിരുന്നു സംഭവം. എറണാകുളത്ത് നിന്ന് മദ്യപിച്ച് ബൈക്കിൽ പോകും വഴി കലൂരിൽ വിനോയിയും സാനിയയും അപകടത്തിൽപ്പെട്ടു. പിന്നീട് ഇരുവരും കൂട്ടുകാരുടെ അടുത്തേക്ക് പോയി. അപകടത്തെച്ചൊല്ലി അവിടെവച്ച് തർക്കമുണ്ടായി. വിവരമറിഞ്ഞെത്തി കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കവേ, പൊലീസിനെ ആക്രമിക്കുകയായിരുന്നു.
വിനോയ് ഇടതുവശത്തെ മിറർ അടിച്ചുപൊട്ടിച്ചു. വി.ഐ.പി ആന്റിനയും കേടുവരുത്തി. എസ്.ഐയുടെ തലയ്ക്ക് മൊബൈൽ കൊണ്ട് ഇടിച്ചു. സുഹൃത്ത്, ബോവിനും ആക്രമിച്ചു. പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിന് വിനോയി, ബോവിൻ, സാനിയ എന്നിവരെ പ്രതിചേർത്ത് കേസെടുത്തു. രാസലഹരി ഉപയോഗിച്ചിരുന്നോയെന്നും ക്രിമിനൽ പശ്ചാത്തലമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |