
സുൽത്താൻ ബത്തേരി: കോടതി തൊണ്ടി മുതലായി ഏൽപ്പിച്ച ഏഴ് ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് മോഷ്ടിച്ചത് ഇതേ സ്റ്റേഷനിലെ പൊലീസുകാരൻ. സീനിയർ പൊലീസ് ഓഫീസർ ടി. സബിത്താണ് തൂഫാൻ പദ്ധതിക്കിടെ ഈ അതിക്രമം കാട്ടിയത്. ജില്ലാ പൊലീസ് മേധാവി എസ്.ദേവ്മനോഹർ ഇയാളെ സസ്പെൻഡ് ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി എം.എം. അബ്ദുൾകരീം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മോഷണവിവരം പുറത്തറിഞ്ഞത് മുതൽ പ്രതി ഒളിവിലാണ്. ഈ മാസം പത്തിനാണ് സ്റ്റേഷൻ കോമ്പൗണ്ടിലെ സ്റ്റോർ റൂമിൽ തൊണ്ടി മുതലായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ മോഷണം പോയത്. സ്റ്റേഷൻ റൈറ്ററുടെ മേശയിൽ സൂക്ഷിച്ചിരുന്ന സ്റ്റോർ റൂമിന്റെ താക്കോൽ എടുത്താണ് പുകയില ഉത്പന്നങ്ങൾ കടത്തിയത്. ഫോറൻസിക് ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും പരിശോധന നടത്തുകയും സ്റ്റേഷനിലെ പൊലീസുകാരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. സി.സി.ടി.വി പരിശോധന നടത്തിയതോടെയാണ് പ്രതി സബിത്താണെന്ന സൂചന ലഭിച്ചത്. ജൂലായ് 19-ന് രാത്രി സബിത്തിന് സ്റ്റേഷന്റെ ജി.ഡി ചാർജായിരുന്നു. പുലർച്ചെ സ്റ്റോർ റൂം തുറന്ന് സ്വന്തം കാറിൽ തൊണ്ടിമുതൽ കയറ്റിക്കൊണ്ടുപോകുന്നതായിരുന്നു സി.സി.ടി.വി ദൃശ്യം.
വിവരമറിഞ്ഞപ്പോൾ മുങ്ങി
ഒരാഴ്ചയായി മെഡിക്കൽ ലീവിൽ പോയിരുന്ന ഇയാൾ മോഷണവിവരം പുറത്തറിഞ്ഞതോടെ രണ്ടുദിവസം മുമ്പ് ഇവിടെ നിന്ന് മുങ്ങി. അവസാനമായി ഫോൺ ടവർ ലോക്കേഷൻ കാണിച്ചത് അമ്പലവയലിലാണ്. വീട്ടിൽ പൊലീസ് അന്വേഷിച്ച് ചെന്നെങ്കിലും കണ്ടെത്താനായില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. കഴിഞ്ഞ ജൂൺ 26-നാണ് സുൽത്താൻ ബത്തേരി പൊലീസ് ദൊട്ടപ്പൻകുളത്തെ ഒരു വീട്ടിൽ നിന്ന് നിരോധിതപുകയില ഉത്പന്നങ്ങൾ പിടികൂടിയത്. ബത്തേരി കോടതിയിൽ ഹാജരാക്കിയ തൊണ്ടി മുതൽ സൂക്ഷിക്കാനായി കോടതി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. പ്രതി ഒളിവിലായതിനാൽ തൊണ്ടിമുതൽ മോഷണത്തിന് പിന്നിലെ താത്പര്യങ്ങൾ വ്യക്തമായിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |