
ഗൾഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതൽ ദൃഢമാക്കുന്നതിൽ മലയാളികളുടെ ഇടപെടൽ നിർണായാകമായതിന് അനവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാൻ കഴിയും. ഈ രാജ്യങ്ങളുടെ വികസന പ്രക്രിയയിൽ കേരളീയർ വലിയ പങ്കുവഹിച്ചിരുന്നു
''കരകാണാക്കടലല മേലെ മോഹപ്പൂങ്കുരുവി പറന്നേ"...
നാടോടിക്കാറ്റ് എന്ന സത്യൻ അന്തിക്കാട് ചിത്രത്തിൽ പത്തേമാരിയിൽ ഗൾഫിലേക്ക് കടക്കാൻ ശ്രമിക്കുന്ന മോഹൻലാലിന്റെയും ശ്രീനിവാസന്റെയും കഥാപാത്രങ്ങളെ ഓർമ്മിക്കുന്നവരുണ്ടാകും. ഗൾഫിലേക്കെന്ന് പറഞ്ഞ് തമിഴ്‌നാട് തീരത്ത് ഇറക്കിവിടുന്നതാണ് സിനിമാക്കഥയെങ്കിൽ യഥാർത്ഥത്തിൽ അങ്ങനെയല്ല. അറബിക്കടൽ വഴി പശ്ചിമേഷ്യയിലേക്കുള്ള ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ സഞ്ചാരത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ഗൾഫിൽ നിന്നും മലബാറിലേക്ക് വിലപിടിപ്പുള്ള സുഗന്ധവ്യഞ്ജനങ്ങളും വസ്‌ത്രങ്ങളും തേടി വ്യാപാരികൾ എത്തിയതും ചരിത്രം. ഇന്നാകട്ടെ ഈ ചരിത്രപരമായ ബന്ധം ഇന്ത്യയുടെ വിദേശ നയതന്ത്രരംഗത്തെ നിർണായക വഴിത്തിരിവായി മാറിയിരിക്കുകയാണ്. ഗൾഫ് മേഖലയുമായിട്ടുള്ള ബന്ധം ഇന്ത്യ സുദൃഢമാക്കുമ്പോൾ അതിന്റെ പ്രത്യേകിച്ച് മിഡിൽ ഈസ്റ്റ് നയതന്ത്രത്തിന്റെ നെടും തൂണായി മാറിയിരിക്കുകയാണ് കേരളം. ഗൾഫിലെ വിപുലമായ മലയാളി സാന്നിദ്ധ്യം, മാരിടൈം ലൊക്കേഷൻ, വ്യാപാരത്തിലും ലോജിസ്റ്റിക്സിലുമുള്ള ഇടപെടലുകൾ. എല്ലാറ്റിനും ഉപരി വ്യക്തികൾ തമ്മിലുള്ള ബന്ധങ്ങൾ എല്ലാം ചേർന്ന് ഇന്ത്യയും ഗൾഫും തമ്മിലുള്ള ബന്ധത്തിലെ ഒരു പാലമായി കേരളം മാറി.
വിദേശ രാജ്യങ്ങളിൽ ഏകദേശം 1.80 കോടി ഇന്ത്യക്കാർ വസിക്കുമ്പോൾ അതിൽ 90 ലക്ഷത്തോളം പേർ ജി.സി.സി രാഷ്ട്രങ്ങളായ സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, കുവൈറ്റ്, ഒമാൻ, ബഹറിൻ എന്നിവിടങ്ങളിൽ കഴിയുന്നു. ഗൾഫ് മേഖലയിൽ ഏകദേശം 25 ലക്ഷത്തോളം കേരളീയർ കഴിയുന്നുണ്ട്. ആ നിലയ്‌ക്കു ഏറ്റവും വലിയ കുടിയേറ്റ വിഭാഗമായി മലയാളികൾ മാറുന്നു. ഇതിന്റെ സാമ്പത്തിക വശം അതിപ്രധാനമാണ്. ഇന്ത്യയിലേക്കുള്ള ഈ മേഖലയിലെ വിദേശ നാണ്യ നിക്ഷേപം 2024-ൽ മാത്രം 129 ബില്യൺ ഡോളറായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ നിക്ഷേപ കൈമാറ്റമായി ഇതിനെ കണക്കാക്കാം. ഗൾഫിന് മുൻതൂക്കമുള്ള ഇടപാടുകളുടെ ഏറ്റവും വലിയ ഗുണഭോക്താവായി കേരളം മുന്നിൽ നിൽക്കുന്നു. ഇത് പഠനവിധേയമാക്കുമ്പോൾ കേരളത്തിന്റെ സമ്പദ്‌ഘടനയിലെ 20 മുതൽ 30 ശതമാനം വരെ ഈ നിലയിലുള്ള നിക്ഷേപങ്ങളിൽ നിന്നും വന്നിട്ടുള്ളതായി കാണാം. ലക്ഷക്കണക്കിനു കുടുംബങ്ങളുടെ വരുമാന സ്രോതസ്സാണിത്. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, റിയൽ എസ്റ്റേറ്റ് എന്നിവയ്ക്കു പുറമെ ഇന്ത്യയുടെ മുഖ്യ ഊർജ്ജ കൈമാറ്റ പങ്കാളി കൂടിയാണ് ഗൾഫ്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന 85 ശതമാനത്തോളം ക്രൂഡ് ഓയിലിന്റെ പകുതിയോളം പശ്ചിമേഷ്യയിൽ നിന്നുമാണ്. ഇന്ത്യയുടെ ഊർജ്ജ സുരക്ഷിതത്വത്തിൽ സൗദി അറേബ്യ, യു.എ.ഇ, ഇറാഖ്, കുവൈറ്റ്, ഖത്തർ എന്നീ രാഷ്ട്രങ്ങൾ നിർണായക പങ്കുവഹിക്കുന്നു. ഈ ഊർജ്ജ വ്യാപാരത്തിന്റെ വാതിലായി കേരളത്തിലെ തുറമുഖങ്ങളും തീരദേശവും മാറുന്നു. കഴിഞ്ഞ ദശാബ്ദങ്ങളിൽ ഈ മേഖലയിൽ നിന്നുള്ള വ്യാപാരം വളരെയധികം മുന്നോട്ടുപോയിരിക്കുകയാണ്.
ജി.സി.സി രാഷ്ട്രങ്ങളും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം പ്രതിവർഷം 180 ബില്യൺ കടന്നിരിക്കുകയാണ്. ഇതിൽ യു.എ. ഇ മാത്രം 80 ബില്യൺ വരും. സൗദി അറേബ്യയാണ് ഇതിൽ ചാമ്പ്യനായി നിൽക്കുന്നത്. 2022ൽ ഇതിൽ ഒരു വഴിത്തിരിവുണ്ടായി. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള സമ്പൂർണ സാമ്പത്തിക പങ്കാളിത്ത കരാർ ഒപ്പുവച്ചു. ഉഭയകക്ഷി വ്യാപാരം 100 ബില്ല്യൺ ഡോളറിലെത്തിക്കുകയെന്ന തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. അടുത്തുതന്നെ അത് 15 ബില്ല്യൺ ഡോളറിലെത്തും. ഭക്ഷ്യസംസ്‌കരണം, വസ്‌ത്രനിർമ്മാണം, എൻജിനിയറിംഗ് ഗുഡ്‌സ്, ഫാർമസ്യൂട്ടിക്കൽസ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യവസായികൾക്ക് വിപണി പങ്കാളിത്തം വലിയ തോതിൽ ഗുണം ചെയ്തു. കേരളത്തെ സംബന്ധിച്ചിടത്തോളം അവസരങ്ങൾ ഗുണകരമായി. സമുദ്രോത്‌പ്പന്ന കയറ്റുമതി, സുഗന്ധദ്രവ്യ കയറ്റുമതി, മൂല്യവർദ്ധിത ഉത‌്‌പന്നങ്ങളുടെയും സംസ്കരിച്ച ഭക്ഷ്യവസ്തുക്കളുടെയും കയറ്റുമതി ഇവയൊക്കെ കേരളത്തിന് അതിവേഗം മുന്നേറാനുള്ള മേഖലകൾ ആയി മാറി. ഗൾഫിലെ വിപണികളിൽ കേരളത്തിന്റെ ഉത‌്‌പന്നങ്ങൾക്ക് വൻ ഡിമാൻഡുണ്ടായി. ചെറുകിട വ്യവസായികൾക്കും ഇത് അവസരമൊരുക്കി. ലോജിസ്റ്റിക്സ് രംഗത്തും കേരളത്തിന് നല്ല തോതിൽ മുന്നേറ്റം സൃഷ്ടിക്കാൻ കഴിഞ്ഞു. തിരുവനന്തപുരത്ത് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രവർത്തനക്ഷമമായതോടെ വൻ വികസനത്തിന് വഴിതുറന്നിരിക്കുകയാണ്. ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര കപ്പൽപ്പാതയിലാണ് ഇതെന്നത് വിഴിഞ്ഞതിന്റെ പ്രാധാന്യം ഇരട്ടിയാക്കുന്നു. അതുപോലെ കൂറ്റൻ മദർഷിപ്പുകൾക്ക് നങ്കൂരമിടാൻ വിഴിഞ്ഞം തുറമുഖത്ത് കഴിയും. ഇന്ത്യയുടെ ട്രാൻസ്‌ഷിപ്പ്‌മെന്റ് ഹബ്ബായി ഒരർത്ഥത്തിൽ വിഴിഞ്ഞം മാറിക്കഴിഞ്ഞു. ഗൾഫ് വിപണിയിൽ എത്തുംമുമ്പ് ഇന്ത്യയുടെ 75 ശതമാനത്തോളം കപ്പൽ ചരക്ക് ഗതാഗതം കൊളംബോ, സിംഗപ്പൂർ, ദുബായ് എന്നീ തുറമുഖങ്ങൾ മുഖേനയാണ് കടന്നുപോയിരുന്നത്. ഈ മാരിടൈം ട്രാഫിക്കിൽ പങ്കാളിത്തം വർദ്ധിപ്പിക്കാനും കൂടുതൽ പിടിച്ചെടുക്കാനും വിഴിഞ്ഞത്തിനു കഴിയുമെന്നതിൽ സംശയമില്ല. ഇന്ത്യ, പശ്ചിമേഷ്യ, യൂറോപ്പ് മേഖലകളിലേക്കുള്ള സാമ്പത്തിക ഇടനാഴിയിൽ ഇത് തന്ത്രപ്രധാനമാകും. 2023-ൽ ഡൽഹിയിൽ നടന്ന ജി 20 ഉച്ചകോടിയിൽ തുറമുഖം, റെയിൽവേ, ലോജിസ്റ്റിക്സ്, ഊർജ്ജ കൈമാറ്റം, ഡിജിറ്റൽ കണക്ടിവിറ്റി തുടങ്ങിയ രംഗങ്ങളിൽ പരസ്പര പങ്കാളിത്തം ഈ രാഷ്ട്രങ്ങൾ ചർച്ചചെയ്തു. ഗതാഗതച്ചെലവ് നാൽപ്പത് ശതമാനത്തോളം ചുരുക്കാൻ ഇതിടയാക്കും. ഈ മാറ്റത്തിലെല്ലാം കേരളത്തിന് വൻ പ്രാധാന്യമുണ്ടാകും. കേരളത്തിന് ദക്ഷിണേന്ത്യയിൽ നിന്ന് ഗൾഫ്, യൂറോപ്പ് സെക്ടറുകളിലേക്കുള്ള വ്യാപാര ഇടപാടുകളിൽ താക്കോൽ സ്ഥാനം വഹിക്കാൻ കഴിയും.
ഗൾഫ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം കൂടുതൽ ദൃഢമാക്കുന്നതിൽ മലയാളികളുടെ ഇടപെടൽ നിർണായാകമായതിന് അനവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാൻ കഴിയും. ഈ രാജ്യങ്ങളുടെ വികസന പ്രക്രിയയിൽ കേരളീയർ വലിയ പങ്കുവഹിച്ചിരുന്നു. കൊവിഡ് വ്യാപനത്തിനിടെ ജനങ്ങളെ നാട്ടിലെത്തിക്കുന്നതിൽ ഒക്കെ ഈ ബന്ധങ്ങൾ വലിയതോതിൽ ഉപകരിച്ചു. ഇതടക്കം ഇന്ത്യക്കാരെ നാട്ടിലേക്ക് ഒഴിപ്പിക്കേണ്ടിവരുന്ന ഘട്ടങ്ങളിലൊക്കെ ഈ സൗഹൃദബന്ധങ്ങളും ഗുണകരമായി ഓപ്പറേഷൻ വന്ദേഭാരതൊക്കെ ഉദാഹരണങ്ങളാണ്.
ഇന്ത്യയുടെ പശ്ചിമേഷ്യൻ ബന്ധത്തിന്റെ ഭാവി നിശ്ചയിക്കുന്നതിൽ അബുദാബി, റിയാദ്, ദോഹ എന്നീ മേഖലകൾ നിർണായക റോൾ വഹിക്കും. ഒപ്പം തന്നെ തിരുവനന്തപുരവും കൊച്ചിയുമെല്ലാം അതിന്റെ പ്രാധാന്യം നിർണായകമായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |