
അഭിമുഖം തയ്യാറാക്കിയത്
എസ്. ഷാജിലാൽ
സംസ്ഥാനത്ത് കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള പരാതികൾ പരിഹരിക്കാൻ മുൻഗണന നൽകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. ശുദ്ധമായ കുടിവെള്ളം പലയിടത്തും ലഭ്യമാക്കാൻ കഴിയാത്തതുമൂലം ജനം അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ സർക്കാരിന്റെ ശ്രദ്ധയിലുണ്ട്. മോൻസ് ജോസഫ് 'കേരളകൗമുദി'യോട് സംസാരിക്കുന്നു.
?ജലവിഭവ വകുപ്പിൽ അടിയന്തരമായി ചെയ്യാനുദ്ദേശിക്കുന്നവ
മന്ത്രിയായശേഷം ജലവിഭവകുപ്പിന്റെ കീഴിലുള്ള എല്ലാ വിഭാഗങ്ങളുടേയും പ്രവർത്തനങ്ങൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. എല്ലാ രംഗത്തും നിരവധി പ്രതിസന്ധികൾ നിലനിൽക്കുന്നതായി ബോദ്ധ്യപ്പെട്ടു. സമഗ്ര നവീകരണമാണ് ആവശ്യം. അത് വകുപ്പിന്റെ എല്ലാതലങ്ങളിലും നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതി കേരളം ഒട്ടാകെയുണ്ട്. ഇക്കാര്യത്തിൽ സാദ്ധ്യമായ ഇടപെടലുകൾക്ക് സർക്കാർ നേതൃത്വം കൊടുക്കും.
?വാട്ടർഅതോറിട്ടിയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ നടപടി സ്വീകരിക്കുമോ
വാട്ടർ അതോറിട്ടിയുടെ നിലവിലുള്ള പദ്ധതികളെല്ലാം പരിശോധനയ്ക്ക് വിധേയമാക്കും. ജലവിതരണ പദ്ധതികളുടെ സ്ഥിതി ജില്ലതിരിച്ച് പരിശോധിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ മുൻഗണന നൽകും. വാട്ടർ അതോറിട്ടി പ്രവർത്തനം കുറ്റമറ്റതാക്കുക മുഖ്യലക്ഷ്യം തന്നെയാണ്. ജലവിതരണം ഫലപ്രദമായി നടപ്പാക്കണമെങ്കിൽ മുടങ്ങിക്കിടക്കുന്ന കുടിവെള്ള പദ്ധതികൾ പുനരാരംഭിക്കാനും നിർമ്മാണത്തിലുള്ളത് വേഗത്തിലാക്കാനുമാകണം. സാമ്പത്തിക പ്രതിസന്ധിമൂലം ഭൂരിഭാഗം പദ്ധതികളും സ്തംഭനാവസ്ഥയിലാണ്. ഒരോ പദ്ധതിയും പ്രത്യേകമായി പരിശോധിച്ച് പരിഹാര നടപടികൾ നിർദ്ദേശിക്കാൻ പ്രധാന ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുകയാണ്.
?ജൽജീവൻ മിഷനെ കുറിച്ച്
കാലാവധി കഴിഞ്ഞിട്ടും പാതിവഴിയിൽ മുടങ്ങിക്കിടക്കുന്ന ജൽജീവൻ പദ്ധതിയാണ് ഇപ്പോൾ ഭരണതലത്തിലും ജനങ്ങൾക്ക് മുന്നിലുമുള്ള ഏറ്റവും വലിയ പ്രതിസന്ധി. പദ്ധതി നടപ്പാക്കിയ ഭൂരിപക്ഷം സ്ഥലങ്ങളിലും പൈപ്പ് കുഴിച്ചിടൽ മാത്രമാണ് നടന്നിട്ടുള്ളത്. പൈപ്പ് വാങ്ങി വഴിയോരത്തിടും, അല്ലെങ്കിൽ കുഴിച്ചിടും എന്ന അവസ്ഥയായിരുന്നു. ഇതിന് അനുബന്ധമായുള്ള മറ്റ് പ്രധാന നിർമ്മാണ പ്രവർത്തനങ്ങളെല്ലാം മുടങ്ങിക്കിടക്കുകയാണ്. കുടിവെള്ള വിതരണം ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്നവിധം പദ്ധതിയുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രോജക്ടുകളും പൂർത്തിയാക്കേണ്ടതുണ്ട്. ഇതിനുള്ള നടപടികൾ ഉടൻ ഉണ്ടാകും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതി എന്നനിലയിൽ രണ്ട് വർഷത്തേക്ക് എക്സ്റ്റൻഷൻ ലഭ്യമായി. ഇത് പ്രയോജനപ്പെടുത്തി പദ്ധതി പ്രവർത്തനം പൂർത്തിയാക്കാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു.
?പലയിടത്തും കുടിവെള്ളം ശുദ്ധമല്ലെന്ന പരാതികളുണ്ടല്ലോ
ശുദ്ധമായ കുടിവെള്ളം ഭൂരിഭാഗം സ്ഥലങ്ങളിലും ലഭ്യമാക്കുവാൻ കഴിയാത്തതുമൂലം ജനം അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ സർക്കാരിന്റെ ശ്രദ്ധയിലുണ്ട്. ഇതുമൂലം പകർച്ചവ്യാധികളും മറ്റും റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഗൗരവമായി കാണുന്നു. ഇത് പരിഹരിക്കാനാണ് ശ്രമിക്കുന്നത്. ശുദ്ധീകരിച്ച കുടിവെള്ളം കൃത്യമായി വിതരണം ചെയ്യണം. ഇതിനായി ജലസ്രോതസുകളുടെയും സംഭരണത്തിന്റേയും കാര്യത്തിൽ പുതിയ സാദ്ധ്യതകൾ കണ്ടെത്തേണ്ടതുണ്ട്. ഇക്കാര്യം പരിശോധിക്കാൻ വിദഗ്ദ്ധരെ ഉൾപ്പെടുത്തി ടെക്‌നിക്കൽ കമ്മിറ്റിക്ക് രൂപം നൽകും. ജില്ലതിരിച്ചുള്ള പ്രാഥമിക റിപ്പോർട്ട് കിട്ടിയാലുടൻ ഈ കമ്മിറ്റി പരിശോധിച്ച് മുൻഗണനാക്രമത്തിൽ എല്ലാ കുടിവെള്ള പദ്ധതികളും കാര്യക്ഷമമായി നടപ്പിലാക്കും.
?ജലസ്രോതസുകളുടെ സംരക്ഷണം ഉറപ്പാക്കേണ്ടതല്ലേ
ജലസ്രോതസുകൾ സംരക്ഷിക്കാൻ ഫലപ്രദമായ നടപടി ഇല്ലാത്തത് ഗുരുതര പ്രശ്നം തന്നെയാണ്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കും. പുഴകളും തോടുകളും ഉൾനാടൻ ജലാശയങ്ങളുമടക്കമുള്ള ജലസ്രോതസുകൾ പലതും മലിനമാണ്. ജലാശയങ്ങളുടെ ശുദ്ധീകരണത്തിനും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും വിവിധ പദ്ധതികളുടെ സാദ്ധ്യത പരിശോധിക്കും. ആഫ്രിക്കൻ പായൽ പോലുള്ളവയുടെ നിർമ്മാർജ്ജനം പ്രധാനമാണ്. ഇതിന് കേന്ദ്ര സർക്കാരിന്റേയും മറ്റ് ഏജൻസികളുടേയും സാങ്കേതിക സഹായം ലഭ്യമാക്കാനാകുമോ എന്ന് സാദ്ധ്യതാ പഠനം നടത്തി വേണ്ടതു ചെയ്യും.
?കടലാക്രമണം, തീരസുരക്ഷ എന്നിവ ഉറപ്പാക്കുന്ന ഇടപെടലുകൾ
കടലാക്രമണം രൂക്ഷമാകുന്നത് ഗൗരവമായ വിഷയമാണ്. ഇതിനായി എ.ഡി.ബി, ലോക ബാങ്ക് ഉൾപ്പെടെയുള്ള ഏജൻസികളുടെ സഹായത്തോടെ വിവിധ പദ്ധതികൾ ആവിഷ്‌കരിക്കേണ്ടതുണ്ട്. കടലാക്രമണത്തെ പ്രതിരോധിക്കാനും തീരനിവാസികൾക്ക് സുരക്ഷ ഉറപ്പാക്കാനും യുദ്ധകാലാടിസ്ഥാനത്തിൽ ക്രമീകരണങ്ങളൊരുക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ശാശ്വത പരിഹാരത്തിന് ദീർഘകാലപദ്ധതിക്ക് രൂപം നൽകേണ്ടിവരും. രൂക്ഷമായ കടലാക്രമണം നടക്കുന്ന 10 ഹോട്ട് സ്‌പോട്ടുകൾ പ്രാഥമിക പഠനത്തിൽ കണ്ടെത്തി. കടലോര സംരക്ഷണത്തിന് സംസ്ഥാനമാകെ ബൃഹത്തായ പദ്ധതി ആവിഷ്‌കരിക്കും.
?തീരദേശമേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനുളള പദ്ധതികൾ
ഇത് മറ്റൊരു പ്രധാന ജനകീയവിഷയമായി സർക്കാർ കാണുന്നു. ഒരുതുള്ളി വെളളം കിട്ടാത്ത നിരവധി പ്രദേശങ്ങളുണ്ട്. കടൽ വെള്ളം ശുദ്ധീകരിച്ച് കുടിവെള്ള വിതരണം സാദ്ധ്യമാകുമോയെന്ന സാദ്ധ്യതയടക്കം പരിശോധിക്കേണ്ടതുണ്ട്. ഇത്തരം പദ്ധതികൾ വിജയകരമാണെന്ന് ഇതേക്കുറിച്ച് പഠനം നടത്തിയവർ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. വൻതുക മുടക്കേണ്ടിവരുന്നതിനാലാണ് ഇത്തരം പദ്ധതികൾ കേരളം പലപ്പോഴും പരിഗണിക്കാത്തത്. എന്നാൽ അനിവാര്യത കണക്കിലെടുത്ത് ഇതുപോലുള്ള ബദൽ പദ്ധതികളും ആലോചിക്കേണ്ടിയിരിക്കുന്നു.
?ജലനയ രൂപീകരണത്തെ കുറിച്ച്
ജലവിഭവ മേഖല മെച്ചപ്പെടുത്തുന്നതിനായി 5 വർഷംകൊണ്ട് ഫലപ്രദമായ പദ്ധതികൾ നടപ്പാക്കുകയാണ് ലക്ഷ്യം. അതിനായാണ് സമഗ്രമായ ജലനയത്തിന് രൂപം നൽകാൻ തീരുമാനിച്ചത്. ജലവിഭവ വകുപ്പിന്റെ ഇന്നത്തെ ദുരവസ്ഥ മാറ്റിയെടുക്കുമെന്നതിൽ സംശയം വേണ്ട.
?മുല്ലപ്പെരിയാർ പ്രശ്നത്തിൽ സർക്കാരിന്റെ നിലപാടുകളും തുടർനടപടികളും
കേരളവും തമിഴ്‌നാടും അഭിപ്രായ സമന്വയത്തോടെ മുല്ലപ്പെരിയാർ പ്രശ്‌നം പരിഹരിക്കാനുള്ള സാദ്ധ്യതകൾക്ക് തന്നെയാണ് മുൻഗണന. അതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് സാദ്ധ്യതയുണ്ടോയെന്ന് പരിശോധിക്കും.സുപ്രീംകോടതിയിലുള്ള കേസിൽ കേരളത്തിന്റെ ആവശ്യങ്ങൾ കൃത്യതതോടെ രേഖപ്പടുത്താൻ കഴിയാതെപോകുന്ന അവസ്ഥ മുൻകാലങ്ങളിൽ ഉണ്ടായിട്ടുണ്ട്. കേസ് നടത്തിപ്പിൽ ജാഗ്രതയോടെയുളള ഇടപെടൽ ഉണ്ടാകും. അതിനുള്ള വിലയിരുത്തൽ ഉദ്യോഗസ്ഥതലത്തിൽ നടത്തിയിട്ടുണ്ട്. സുപ്രീംകോടതി നിർദ്ദേശിച്ച ചില കാര്യങ്ങൾ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൂർത്തീകരിക്കാനായിരുന്നില്ല. ഇതെല്ലാം പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ജലവിഭവ വകുപ്പും വനംവകുപ്പും ചർച്ച ചെയ്ത് ധാരണയിലെത്തി. കേരളത്തിലെ ജനങ്ങളുടെ സുരക്ഷയ്ക്കായി മുല്ലപ്പെരിയാറിൽ പുതിയ ഡാം തമിഴ്നാട്ടിലെ ജനങ്ങൾക്ക് വെള്ളം എന്ന നിലപാട് തന്നെയാണ് നമുക്കുള്ളത്. പുതിയ ഡാമിനായി കേന്ദ്ര സർക്കാരിന്റെ സഹായംകൂടി തേടാൻ തീരുമാനിച്ചിട്ടുണ്ട്.
?ഭവനനിർമ്മാണ വകുപ്പ് പ്രവർത്തനം കാര്യക്ഷമമാക്കുമോ
ഭവന നിർമ്മാണ ബോർഡ് പ്രവർത്തനം മെച്ചപ്പെടുത്തേണ്ടതുണ്ട്. എന്തൊക്കെ ചെയ്യാമെന്ന് പ്രാഥമിക പരിശോധന നടത്തിയിട്ടുണ്ട്. ഇപ്പോൾ സർക്കാർ സഹായമില്ലാതെ ശമ്പളം കൊടുക്കാൻ കഴിയുന്നില്ല. ഈ ദുരവസ്ഥ മാറണം. കോടികളുടെ ആസ്തി ബോർഡിനുണ്ട്. ഇവയിൽ പലതും പ്രയോജനപ്പെടുത്താതെ അന്യാധീനപ്പെടുന്നു. ഭവനരഹിതർക്കെല്ലാം ഗുണകരമാവുന്നവിധം ഒരു വർഷത്തിനകം ഭവനനിർമ്മാണ മേഖലയിൽ മാറ്റമുണ്ടാക്കാനാകുമെന്നാണ് കരുതുന്നത്.
..............................
ബോക്സ്
...........................................
ഡാമുകളുടെ സുരക്ഷ,
മണൽവാരൽ
സംസ്ഥാനത്തെ ഡാമുകളുടെ സുരക്ഷ, അന്തർസംസ്ഥാന നദികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവ പരിശോധിച്ച് റിപ്പോർട്ട് ചെയ്യാൻ ഉന്നത ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. അതിന്റെ അടിസ്ഥാനത്തിൽ ഒരോ ഡാമുകളുടേയും കാര്യത്തിൽ വേണ്ട നടപടികൾ സ്വീകരിക്കും. ഡാമുകളിലെ മണൽ വാരൽ അടക്കം മുൻകാലത്ത് നടന്ന പ്രവർത്തനങ്ങൾ പരിശോധിക്കും. ഡാമുകളുമായി ബന്ധപ്പെട്ട് സുതാര്യമല്ലാത്തതോ നിയമവിരുദ്ധമായതോ ആയ കാര്യങ്ങൾ നടന്നിട്ടുണ്ടെങ്കിൽ കർശന നിലപാടെടുക്കും. ഡാമുകളുടെ സുരക്ഷ ഉറപ്പാക്കി, കൂടുതൽ ജലസംഭരണത്തിനുള്ള ക്രമീകരണങ്ങളും ഒരുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |