SignIn
Kerala Kaumudi Online
Sunday, 13 September 2026 3.42 AM IST

ബമ്പർ അടിച്ചപ്പോൾ; നോട്ടത്തിലും സംസാരത്തിലും ശരീരഭാഷയിലും വേറിട്ട അഭിനയതലം

ashokan

ഓണം ബമ്പർ പോലെയാണ് അശോകന് ഐ നോബഡിയിലെ കഥാപാത്രം. ആ കഥാപാത്രത്തിന് അപ്രതീക്ഷിതമായി ലോട്ടറി അടിച്ചതുപോലെ പണം ലഭിക്കുന്നു. അപ്രതീക്ഷിതമായി അശോകനിലേക്ക് വന്നു ചേർന്നതാണ് 'ഇതുവരെ കാണാത്ത മുഖവുമായി എത്തിയ കഥാപാത്രം . തിയേറ്ററിൽ ചർച്ചയായ കഥാപാത്രം ഒ.ടി.ടിയിൽ വൻസ്വീകാര്യത നേടുന്ന പശ്ചാത്തലത്തിൽ അശോകൻ സംസാരിക്കുന്നു.

നോബഡി'യിലെ കഥാപാത്രത്തിന്റെ നോട്ടത്തിലും സംസാരത്തിലും ശരീരഭാഷയിലും എല്ലാം വേറിട്ടൊരു അഭിനയതലം പ്രകടമായപ്പോൾ എന്തെല്ലാം ആണ് സന്തോഷങ്ങൾ ?

നിസാം ഷബീർ കഥയും കഥാപാത്രവും വിശദമായി പറഞ്ഞു. സിനിമയിലെ വളരെ പ്രധാന കഥാപാത്രമാണിതെന്ന് പറഞ്ഞതിനാൽ തുടക്കത്തിൽ തന്നെ പ്രത്യേക അടുപ്പം തോന്നി. പിന്നെ, കഥാപാത്രത്തിന്റെ ഗെറ്റപ്പും വ്യത്യസ്തമായിരുന്നു. മുടി മുറിച്ചു, മീശ ട്രിം ചെയ്ത് നരപ്പിച്ചു, മുഖത്ത് കുറച്ച് പ്രായത്തിന്റെ ഭാവം വരുത്തി. വേഷവിധാനവും കഥാപാത്രത്തിന്റെ ജീവിതസാഹചര്യത്തിന് യോജിക്കുന്ന രീതിയിലായിരുന്നു. അതുകൊണ്ടുതന്നെ ആ ലുക്കിന് കഥാപാത്രത്തെ കൂടുതൽ വിശ്വസനീയമാക്കാൻ കഴിഞ്ഞു. അതിലുപരി, കഥാപാത്രത്തിന് ഒരു നന്മയുണ്ട്. കഥാപാത്രത്തെ വ്യത്യസ്തമായി അവതരിപ്പിക്കുക എന്നത് സംവിധായകന്റെയും നടന്റെയും ഒരുപോലെയുള്ള ഉത്തരവാദിത്തമാണ്. പകുതി ജോലി മേക്കപ്പും ഗെറ്റപ്പും ചെയ്തുതരും. ബാക്കി നടനാണ് തന്റെ പ്രകടനത്തിലൂടെ പൂർത്തിയാക്കേണ്ടത്. ഈ കഥാപാത്രത്തിൽ എനിക്ക് അങ്ങനെ ചെയ്യാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ സന്തോഷം. . ചില കഥാപാത്രങ്ങൾ ഉള്ളിലേക്ക് കൂടുതൽ കയറിവരും. അപ്പോൾ അത് നന്നാകണം എന്നൊരു ചിന്ത സ്വാഭാവികമായി ഉണ്ടാകും. കഥാപാത്രത്തിന് പ്രേക്ഷകരിലേക്ക് എത്തുന്ന ഒരു സന്ദേശമെങ്കിലും ഉണ്ടായിരിക്കണം. ഈ കഥാപാത്രത്തിൽ അതെല്ലാം ഉണ്ടായിരുന്നു.

നാലര പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിനിടെ പുരസ്കാരങ്ങൾ ഒന്നും ലഭിച്ചു കണ്ടില്ല ?

ഒരു പുരസ്കാരവും ലഭിച്ചിട്ടില്ല. മൂന്ന് തവണ എന്റെ പേര് അവാർഡ് കമ്മിറ്റിയുടെ അവസാനഘട്ടം വരെ എത്തിയിട്ടുണ്ടെന്ന് ഞാൻ അറിഞ്ഞിട്ടുണ്ട്. 'പെരുവഴിയമ്പലം' സിനിമയുടെ സമയത്ത് ദേശീയ അവാർഡിന് പേര് വന്നിരുന്നുവെന്ന് സംവിധായകനും നിർമ്മാതാവും തന്നെയാണ് പറഞ്ഞത്. അന്ന് എനിക്ക് പതിനേഴ് വയസേ ഉണ്ടായിരുന്നുള്ളൂ. പ്രായത്തിന്റെ കുറവുമൂലമാണ് അവാർഡ് തള്ളിപ്പോയതെന്ന് പിന്നീട് അറിഞ്ഞു. 'അനന്തരം', 'പൊന്ന്', 'ജാലകം' എന്നീ സിനിമകളുടെ സമയത്തും മികച്ച നടനുള്ള അവാർഡിന്റെ അവസാനഘട്ടം വരെ എത്തി . 'അമരം' പുറത്തിറങ്ങിയപ്പോൾ അന്നത്തെ മന്ത്രി ടി.എം. ജേക്കബ് എന്നെ കണ്ടിട്ട്, "ഈ സിനിമയിലെ പ്രകടനത്തിന് സഹനടനുള്ള അവാർഡ് കിട്ടുമെന്ന് കരുതിയിരുന്നു" എന്ന് പറഞ്ഞു. ജൂറിയിലുണ്ടായിരുന്ന പ്രമുഖ നടനും എന്നെ നേരിൽ കണ്ടപ്പോൾ പ്രകടനം ഗംഭീരമായിരുന്നു എന്ന് അഭിപ്രായപ്പെട്ടു. അപ്പോൾ എന്തുകൊണ്ട് അവാർഡ് തന്നില്ല എന്ന് ചോദിച്ചപ്പോൾ മറുപടിയുണ്ടായിരുന്നില്ല. അവാർഡുകൾ ലഭിക്കാത്തതിൽ പരാതിയൊന്നുമില്ല. സമയം വരുമ്പോൾ ലഭിക്കുകയാണെങ്കിൽ കിട്ടട്ടെ. ലഭിച്ചില്ലെങ്കിലും കുഴപ്പമില്ല. നമ്മൾ ഇങ്ങനെ കടന്നുപോകും.

ക്യാരക്ടർ വേഷങ്ങൾ ചെയ്യാനാണോ കൂടുതൽ ഇഷ്ടം?

അങ്ങനെയൊന്നുമില്ല. ആദ്യ സിനിമ 'പെരുവഴിയമ്പല'ത്തിൽ നായകൻ തന്നെയായിരുന്നു. പിന്നീട് 'ഇടവേള'യിൽ പ്രധാനപ്പെട്ട വില്ലൻ വേഷം ചെയ്തു. 'അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ' നായകനായി. 'അമര'ത്തിലും 'പ്രണാമ'ത്തിലും നായകതുല്യമായ വേഷങ്ങളായിരുന്നു. 'അനന്തര'ത്തിൽ മമ്മൂട്ടിയോടൊപ്പം ഞാനും നായകനായിരുന്നു. 'ഹരിഹർ നഗറി'ലും നായകന്മാരിൽ ഒരാളായിരുന്നു. നായകനായാലും ക്യാരക്ടർ വേഷമായാലും നല്ലൊരു കഥാപാത്രമാണെങ്കിൽ അത് സന്തോഷത്തോടെ ചെയ്യാൻ പറ്റും. അതിന് സംവിധായകനും തിരക്കഥാകൃത്തും ആ കഥാപാത്രത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരായിരിക്കണം. അങ്ങനെയുണ്ടാകുമ്പോഴേ മികച്ച കഥാപാത്രങ്ങൾ ജനിക്കൂ.

ഇൻ ഹരിഹർ നഗറിലെ തോമസ് കുട്ടിയെ മലയാളി കൂടുതൽ സ്നേഹിക്കാൻ എന്തായിരിക്കും കാരണം?

ഒന്നാമതായി, മലയാളികൾ ഉള്ളിടത്തെല്ലാം ആ പേര് വളരെ ഏറെ പരിചിതമായി. ആ കഥാപാത്രത്തിന് ഒരു നിഷ്കളങ്കതയും അതേസമയം ചെറിയൊരു കുസൃതിയുമുണ്ട്. പക്ഷേ, ആ കഥാപാത്രം മാത്രം കൊണ്ടല്ല അത് ഇത്രയും ജനപ്രിയമായത്. മറ്ര് മൂന്ന് കഥാപാത്രങ്ങളും അത്രമാത്രം മികച്ചതായിരുന്നു. ആ നാലുപേരുടെയും കൂട്ടായ്മയും കോമ്പിനേഷനുമാണ് സിനിമയുടെ ഏറ്റവും വലിയ ശക്തി. സിദ്ധിഖ്-ലാൽ ഓരോ കഥാപാത്രത്തിന്റെയും സ്വഭാവം വളരെ വ്യക്തമായി മനസിലാക്കി എഴുതുകയും അവതരിപ്പിക്കുകയും ചെയ്ത സംവിധായകരാണ്. ഇന്നും ആ സിനിമ കണ്ടാൽ ആളുകൾ ചിരിക്കും. അശ്ലീലമോ അതിഭാവുകത്വമോ ഒന്നുമില്ലാതെ എല്ലാ പ്രായക്കാർക്കും ഒരുമിച്ച് ആസ്വദിക്കാവുന്ന കുടുംബചിത്രമായിരുന്നു അത്. അന്ന് സോഷ്യൽ മീഡിയയൊന്നും ഇല്ലായിരുന്നു. സിനിമ റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ "തോമസ്കുട്ടീ... വിട്ടോടാ..." എന്ന പോസ്റ്റർ ഇറങ്ങിയതോടെ ആ കഥാപാത്രം കേരളമാകെ ജനപ്രിയമായി. ഇന്നും എവിടെ പോയാലും ആളുകൾ എന്നെ അങ്ങനെ വിളിക്കുന്നു.

ചെന്നൈയിൽ സ്ഥിരതാമസമാക്കിയിട്ടും തമിഴ് സിനിമകളിൽ അഭിനയിച്ചു കണ്ടില്ല ?

ഷങ്കർ സംവിധാനം ചെയ്ത രജനികാന്ത് ചിത്രത്തിൽ വില്ലൻ വേഷത്തിലേക്ക് വിളിച്ചതാണ്. എന്നാൽ രജനികാന്തിന്റെ പ്രതിനായകനാകുമ്പോൾ കുറച്ചുകൂടി പ്രായവും ശരീരവണ്ണവും വേണമെന്ന് അവർക്ക് തോന്നി. പിന്നീട് ആ വേഷം ചെയ്തത് സുമൻ ആണ്. തമിഴിൽ നല്ലൊരു തുടക്കം ലഭിക്കുന്ന കഥാപാത്രമാകണം എന്നൊരു നിർബന്ധം എനിക്കുണ്ടായിരുന്നു. ചെന്നൈയിൽ വന്ന സമയത്ത് യുടിവി നിർമ്മിച്ച 'ചലനം' എന്ന തമിഴ് സീരിയലിൽ നായകതുല്യമായ പ്രധാന വേഷം ചെയ്തു. അത് സൂപ്പർഹിറ്റായി. അതോടെയാണ് ചെന്നൈയിൽ ഫ്ലാറ്റ് വാങ്ങി സ്ഥിര താമസമാക്കുന്നത്. പിന്നീട് 'കണ്മണി' എന്ന സീരിയൽ കൂടി ചെയ്തു. ചെന്നൈയിൽ കുടുംബസമേതം സ്ഥിരതാമസമായിട്ട് 19 വർഷം.

പാട്ടിന്റെ പുതിയ വിശേഷങ്ങൾ?

അമ്പിളി സംവിധാനം ചെയ്യുന്ന സിനിമയിൽ മോഹൻ സിത്താരയുടെ സംഗീതത്തിൽ പാടി. റഫീഖ് അഹമ്മദിന്റേതാണ് വരികൾ . വി.കെ. പ്രകാശിന്റെ 'പാലും പഴവും' സിനിമയിൽ ബസ് യാത്രയുടെ പശ്ചാത്തലത്തിൽ വരുന്ന പാട്ട് പാടാൻ കഴിഞ്ഞു. ബാബു തിരുവല്ല സംവിധാനം ചെയ്ത 'മനസ്' സിനിമയുടെ സംഗീതസംവിധാനം നിർവഹിച്ചു. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ഈണം നൽകി പി. ജയചന്ദ്രനാണ് അതിലെ ഗാനം പാടിയത്. എന്നാൽ നിർഭാഗ്യവശാൽ ആ സിനിമ റിലീസായില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASHOKAN, MOVIENEWS, CINEMA, INTERVIEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA