SignIn
Kerala Kaumudi Online
Monday, 07 September 2026 12.39 AM IST

ചവിട്ടിത്തിരുമ്മലും സംഘനൃത്തവും

d

സ്ത്രീകൾ വീടുകളിൽ അടങ്ങിയൊതുങ്ങി കഴിയേണ്ടവരാണെന്നും, സ്ത്രീകളെ പൊതു രംഗത്തിറക്കിയാൽ വലിയ നാശമാണെന്നുമുള്ള കാന്തപുരം എ.പി.അബുബക്കർ മുസല്യാരുടെ പ്രസ്താവന സൃഷ്ടിച്ച കോലാഹലം അടങ്ങിയിട്ടില്ല. എതിർത്തും അനുകൂലിച്ചും പ്രതികരണങ്ങൾ. 'ഞാൻ ഈ നാട്ടുകാരനല്ല' എന്ന മട്ടിൽ ചിലർ മൗനത്തിലും. കാന്തപുരത്തിന്റേത് പുരോഗമന കേരളത്തിന് യോജിച്ച നിലപാടല്ലെന്ന മുഖ്യമന്ത്രി വി.ഡി.സതീശന്റെ ആക്ഷേപത്തെ ആർജ്ജവമുള്ള നിലപാടായി വ്യാഖ്യാനിച്ചവരേറെ. പത്തൊമ്പതാം നൂറ്റാണ്ടിലോ മറ്റോ പറയേണ്ടത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പറയുന്നതിനോട് യോജിക്കാനാവില്ലെന്നും സതീശൻ വ്യക്തമാക്കി.

സ്ത്രീകൾ പുറത്തിറങ്ങരുതെന്ന് പറയുന്നത് ബഹുമാനം കൊണ്ടാണെന്നും, പർദ സമ്പ്രദായം ഏർപ്പെടുത്തിയത് അതിനാലാണെന്നും കാന്തപുരം വാദിക്കുന്നു.എന്നാൽ,സ്ത്രീകൾ ജീവിതത്തിന്റെ മുഖ്യധാരയിൽ എല്ലാ കാര്യങ്ങളിലും പങ്കെടുക്കേണ്ടവരാണെന്നാണ് ഇസ്ലാമിക ചരിത്രവും പറയുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. പ്രവാചകന്റെ കാലത്ത് വലിയ വ്യാപാരിയായിരുന്നു ആദ്യ ഭാര്യ ഖദീജ. പ്രവാചകന്റെ മറ്റൊരു ഭാര്യയായിരുന്ന ആയിഷ യുദ്ധത്തിൽ സർവ സൈന്യാധിപയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

അതേസമയം,പണ്ഡിതരെ മതം പഠിപ്പിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നത് അപഹാസ്യമാണെന്നാണ് കേരള മുസ്ലീം ജമാഅത്തിന്റെ വിമർശനം.സ്ത്രീ സ്വാതന്ത്ര്യത്തിനായി വാദിച്ച് സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബിയും, കോൺഗ്രസിലെയും സി.പി.എമ്മിലെയും വനിതാ നേതാക്കളും രംഗത്തെത്തി. കാന്തപുരം സ്ത്രീകളുടെ സുരക്ഷയാവും ഉദ്ദേശിച്ചിട്ടുണ്ടാവുകയെന്ന് മുസ്ലീംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. കാന്തപുരം സ്ത്രീ വിരോധിയല്ലെന്നും, സ്ത്രീകളുടെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നയാളാണെന്നും അനുകൂലികൾ.

'എൻ വഴി തനി വഴി'. കഴിഞ്ഞ പത്ത് കൊല്ലം സ്വന്തം പാർട്ടിയിലും ഭരണത്തിലും നിലനിന്ന പിണറായി വിജയന്റെ 'പടയപ്പ' ശൈലി പാർട്ടിക്കകത്ത് ചോദ്യം ചെയ്യപ്പെടുന്നു. വി.എസ് സജീവമായിരുന്ന കാലഘട്ടത്തിന് ശേഷം പാർട്ടിയിൽ വീണ്ടും തിരുത്തൽ ശബ്ദം. സി.പി.എമ്മിന്റെ ഉരുക്കു കോട്ടകളായ പയ്യന്നൂരിലും തളിപ്പറമ്പിലും കഴിഞ്ഞ നിയമസഭാ

തിരഞ്ഞെടുപ്പിൽ പാർട്ടി വിമത സ്ഥാനാർത്ഥികൾ യു.ഡി.എഫ് പിന്തുണയോടെ വിജയിച്ചത് പാർട്ടി വോട്ടുകൾ കൊണ്ടാണെന്നത് യാഥാർത്ഥ്യം.

പാർട്ടി സഖാക്കളുടെ പെരുമാറ്റത്തിലും ജീവിത ശൈലിയിലും സ്ഥാനാർത്ഥി നിർണയത്തിലും ഉൾപ്പെടെ പറ്റിയ തെറ്റുകൾ തിരുത്തി വീണ്ടും ജനവിശ്വാസമാർജ്ജിച്ച് തിരിച്ചു വരണമെന്നാണ് പാർട്ടി കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത്. കോഴിക്കോട്ട് 13,14,15 തീയതികളിൽ സി.പി.എം വിശാല സംസ്ഥാന കമ്മിറ്റി ചേരുന്നതും തെറ്റുകൾ തിരുത്തുകയെന്ന ലക്ഷ്യത്തോടെയാണ്.

പക്ഷേ, മാറി വോട്ട് ചെയ്ത പാർട്ടി അണികൾക്കാണ് തെറ്റ് പറ്റിയതെന്നും, ചെയ്ത തെറ്റ് ഇനിയെങ്കിലും ഉൾക്കൊണ്ട് തിരുത്താൻ അവർ തയ്യാറാവണമെന്നും പയ്യന്നൂരിലെയും, തളിപ്പറമ്പിലെയും രാഷ്ട്രീയ വിശദീകരണ യോഗങ്ങളിൽ പിണറായി വി‌ജയൻ നടത്തിയ ആഹ്വാനമാണ് വിമർശന വിധേയമായത്. തെറ്റുപറ്റിയത് നേതാക്കൾക്കല്ലെന്ന് സാരം.

ഇത് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗീകരിച്ച റിപ്പോർട്ടിന് കടക വിരുദ്ധമാണെന്നും,തെറ്റുതിരുത്തലിന് കോഴിക്കോട്ട് ചേരുന്ന വിശാല സംസ്ഥാന കമ്മിറ്റിയുടെ അജൻഡയെ വഴി തിരിച്ചു വിടാനുള്ള ശ്രമമാണെന്നുമാണ് വിമർശനം. പതിനൊന്ന് പാർട്ടിക്കോട്ടകൾ ഉൾപ്പെടെ 2021ലെ തിരഞ്ഞെടുപ്പിൽ ഇരുപതിനായിരത്തിലേറെ വോട്ട് നേടിയ 39 മണ്ഡലങ്ങളിൽ

15 ഇടത്തും ഇത്തവണ ഇടതുമുന്നണി സ്ഥാനാർത്ഥികൾ തോറ്റു. എന്നിട്ടും,പയ്യന്നൂരിലും തളിപ്പറമ്പിലും മാത്രം പിണറായി വിജയനും, കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷും പങ്കെടുത്ത വിശദീകരണ യോഗങ്ങൾ നടത്തിയതും, പാർട്ടി അംഗീകരിച്ച നിലപാടിന് വിരുദ്ധമായി സംസാരിച്ചതും സംസ്ഥാന കമ്മിറ്റി തീരുമാനിക്കാതെയാണെന്ന വിമർശനവും

ഉയർന്നു.

നേതാക്കൾക്കാണ് തെറ്റുപറ്റിയതെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി എം.എ.ബേബിയും, കേന്ദ്ര കമ്മിറ്റി അംഗം ഡോ.തോമസ് ഐസക്കും സൂചിപ്പിക്കുന്നു. ജനങ്ങൾ പാർട്ടിക്ക് ഷോക്ക് ചികിത്സ നൽകിയതാണെന്നും,നമ്മൾ നന്നായെന്ന് ജനങ്ങൾക്ക് തോന്നണമെന്നും പറഞ്ഞ തോമസ് ഐസക്,​ ഒരു കാര്യം കൂടി പറഞ്ഞു. സഹകരണ ബാങ്കുകളിലെ പണം ജനങ്ങളുടേതാണ്. അവിടെ നിന്ന് പണം വാങ്ങിയാൽ തിരിച്ചടയ്ക്കണം. അല്ലെങ്കിൽ പാർട്ടിയിൽ നിന്ന് മാറി നിൽക്കണം.

അതേസമയം, പിണറായിയുടെ നിലപാടിനെ ന്യായീകരിക്കുകയാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ. കേരളത്തിന് പുറത്തുള്ള 5 പി.ബി അംഗങ്ങളും പങ്കെടുക്കുന്ന വിശാല സംസ്ഥാന സമിതിയിൽ വല്ലതും സംഭവിക്കുമോ? സി.പി.എമ്മിനകത്തും പുറത്തും ഉയരുന്ന ചോദ്യം!

ഭരണ നടപടികളിൽ അടുത്ത ചുവട് എവിടെ, എങ്ങനെ വയ്ക്കണമെന്ന് കോഴിക്കോട്ട് നടന്ന ദ്വിദിന ശിൽപ്പശാലയിൽ മുഖ്യമന്തിയും മന്ത്രിമാരും പഠിച്ചു.അതിനി പ്രയോഗത്തിൽ വരുത്തും.പക്ഷേ, പാർട്ടി നേതാക്കളും അണികളും എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കാൻ ആളില്ല. അതിന്റെ തെളിവുകൾ തെരുവുകളിൽ കണ്ടുതുടങ്ങി. യു.ഡി.എഫ് സർക്കാർ അധികാരമേറ്റ് നൂറുനാൾ കഴിഞ്ഞിട്ടും കെ.പി.സി.സി നാഥനില്ലാക്കളരി. മന്ത്രിമാരായ ബിന്ദു കൃഷ്ണയ്ക്കും

ഒ.ജെ.ജനീഷിനും പ്രൈവറ്റ് സെക്രട്ടറിമാർ വന്നത് ദിവസങ്ങൾക്ക് മുമ്പ്.

കെ.പി.സി.സി പ്രസിഡന്റ് മന്ത്രിയായി. ഇനിയും പുതിയ പ്രസിഡന്റിനെ നിയമിക്കാനാവാത്ത 'തിരക്കി'ലാണ് ഹൈക്കമാൻഡ്.ഭരണവും പാർട്ടിയുമായി ഏകോപനമില്ല. കെ.പി.സി.സി വൈസ് പ്രസിഡന്റ് കൂടിയായ രമ്യ ഹരിദാസ് എം.എൽ.എ ഉൾപ്പെട്ട,ചിറയിൻകീഴിലെ കോൺഗ്രസ് പ്രാദേശിക നേതാവിന്റെ വീട്ടിലെ 'സംഘനൃത്തം' പാർട്ടിക്ക് നാണക്കേടായെന്ന് നേതാക്കൾ. മറ്റുള്ളവർക്ക് ചിരിക്കാൻ വക!

നുറുങ്ങ്

സി.പി.എമ്മിൽ ആന്തരിക ചികിത്സയാണെന്നും ചിലപ്പോൾ ചവിട്ടിത്തിരുമ്മലും വേണ്ടി വരുമെന്നും എം.എ.ബേബി.

►കിഴിയും വമനവും (ഛർദ്ദിപ്പിക്കൽ),വിരേചനവും (വയറിളക്കൽ) കൂടിയായാൽ കേമം!

(വിദുരരുടെ ഫോൺ:9946108221)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VARAVISHESHAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY