SignIn
Kerala Kaumudi Online
Saturday, 15 August 2026 6.05 PM IST

അത്തപ്പൂക്കളം എങ്ങനെ ഒരുക്കണം? തുമ്പപ്പൂ മുതൽ ‘ഉറുമ്പിനോണം’ വരെ അറിയേണ്ട ആചാരങ്ങൾ

athapookkalam
പ്രതീകാത്മക ചിത്രം

കേരളത്തിൽ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നാളുകളാണ് ഓണക്കാലം. ഓണത്തിന്റെ വരവറിയിക്കുന്ന ആദ്യ നാളാണ് അത്തം. അത്തം പിറക്കുന്നതോടെ കേരളത്തിലെ വീടുകളുടെ മുറ്റങ്ങളിൽ അത്തപ്പൂക്കളമൊരുക്കുന്ന പതിവിനും തുടക്കമാകും. പത്ത് ദിവസം നീളുന്ന ആഘോഷത്തിന്റെ ആദ്യപടിയായാണ് അത്തത്തെ കണക്കാക്കുന്നത്. ഇത്തവണ കർക്കടകത്തിലാണ് അത്തം തുടങ്ങുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.

ഐതിഹ്യമനുസരിച്ച്, ഓണനാളിൽ മഹാബലി തന്റെ പ്രജകളെ കാണാൻ കേരളത്തിലെത്തുമെന്നാണ് വിശ്വാസം. മഹാബലിയെ വരവേൽക്കുന്നതിനായാണ് വീടുകളുടെ മുറ്റത്ത് പൂക്കളമൊരുക്കുന്നതെന്നാണ് സങ്കൽപ്പം. അതുകൊണ്ടുതന്നെ അത്തം മുതൽ പൂക്കളമിടുന്ന പതിവ് തലമുറകളായി തുടരുന്നു.

നിലവിളക്ക് കൊളുത്തി ഗണപതിക്ക് വച്ചാണ് ചാണകം മെഴുകിയ തറയിൽ പൂക്കളം ഇടാൻ തുടങ്ങേണ്ടത്. ആദ്യദിനം തുമ്പപ്പൂ മാത്രമാണ് പൂക്കളത്തിനായി ഉപയോഗിക്കേണ്ടത്. രണ്ടാമത്തെ ദിവസമായ ചിത്തിര നാളിൽ തുളസി,​മുക്കുറ്റി എന്നിവ പൂക്കളത്തിൽ ചേർക്കാം. മൂന്നാം ദിവസം മുതലാണ് മറ്റുനിറങ്ങളിലെ പൂക്കൾ കൂടി ഉൾപ്പെടുത്തുന്നത്. അഞ്ചാം ദിവസം മുതൽ ‘കുട കുത്തുന്ന’ പതിവുമുണ്ട്. വാഴപ്പിണ്ടിയിലോ വാഴത്തടയിലോ ഈർക്കിലിയിൽ ചെമ്പരത്തിയും മറ്റുപൂക്കളും കോർത്തുവയ്ക്കുന്നതാണ് കുട കുത്തൽ.

ആറാം ദിവസം മുതൽ പൂക്കളത്തിന്റെ നാല് ദിക്കുകളിലേക്കും പൂക്കൾ നീട്ടി അലങ്കരിക്കും. ദിവസങ്ങൾ കഴിയുന്തോറും പൂക്കളം വലുതാകുകയും ചെയ്യും. ഉത്രാടത്തിനാണ് ഏറ്റവും വലിയ പൂക്കളം ഒരുക്കുന്നത്. അന്നേദിവസം മണ്ണുകൊണ്ട് തൃക്കാക്കരയപ്പന്റെ രൂപം ഉണ്ടാക്കുന്ന പതിവുമുണ്ട്. ഉത്രാടം വൈകുന്നേരത്തോടെ പൂക്കളത്തിലെ പഴയ പൂക്കൾ മാറ്റി തറ വൃത്തിയാക്കുകയും വീണ്ടും ഒരുക്കങ്ങൾ നടത്തുകയും ചെയ്യും.

തിരുവോണ ദിവസം രാവിലെ നിലവിളക്ക് കൊളുത്തിയശേഷം അരിമാവ് ഉപയോഗിച്ച് ഭിത്തിയിൽ വിവിധ കോലങ്ങൾ വരയ്ക്കുന്ന ആചാരവുമുണ്ട്. നക്ഷത്രം, സ്വസ്തിക തുടങ്ങിയ രൂപങ്ങളും ഇതിൽ ഉൾപ്പെടും. തുടർന്ന് പൂക്കളത്തിൽ പൂവട നിവേദിക്കുന്ന പതിവുണ്ട്. തിരുവോണ വൈകുന്നേരം തേങ്ങാപ്പീരയും ശർക്കരയും ചേർത്ത് വീടിന്റെ നാലു ദിക്കിലും വയ്ക്കുന്ന ആചാരവും ചിലയിടങ്ങളിലുണ്ട്. ‘ഉറുമ്പിനോണം’ എന്നാണ് ഇതിനെ പറയുന്നത്. അരിമാവ് ഉപയോഗിച്ച് ഭിത്തിയിൽ കോലം വരയ്ക്കുന്നതിനെ ചില പ്രദേശങ്ങളിൽ ‘പല്ലിക്ക് ഓണം കൊടുക്കുക’ എന്നും വിളിക്കുന്നു.

ചില സ്ഥലങ്ങളിൽ അരിമാവിൽ കൈമുക്കി ഭിത്തിയിലും വാതിലിലും കൈപ്പത്തിയുടെ അടയാളം പതിപ്പിക്കാറുണ്ട്. ഇത് ഐശ്വര്യവും സമൃദ്ധിയും വീട്ടിലേക്ക് കൊണ്ടുവരുമെന്ന വിശ്വാസത്തോടെയാണ് ചെയ്യുന്നത്.

English Summary

Kerala celebrates Onam over ten days, commencing with Atham. Pookalams, elaborate floral carpets, are laid in courtyards daily to welcome King Mahabali. Beginning with simple flowers, they expand in size and design until Uthradam. Thiruvonam features rice flour wall drawings and offerings to the pookalam, highlighting the festival's rich traditions.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ATHAPPOOKKALAM, ONAM RITUALS KERALA, THUMBA FLOWER, ONAM POOKKALAM, ONAM FESTIVAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL