SignIn
Kerala Kaumudi Online
Thursday, 17 September 2026 1.36 PM IST

പൂജയും പൂജാരിയുമില്ല: നഷ്ടപ്പെട്ടത് എന്തും മണിക്കൂറുകൾക്കകം തിരികെ നൽകുന്ന കേരളത്തിലെ ക്ഷേത്രം

palan-pulayan-temple
പാലൻ പുലയൻ ക്ഷേത്രം

മന്ത്രങ്ങളോ തന്ത്രങ്ങളോ ഇല്ല, പൂജാരിയോ തന്ത്രിയോ ഇല്ല. കേൾക്കുമ്പോൾ അത്ഭുതമായി തോന്നാമെങ്കിലും ഇങ്ങനെയൊരു ക്ഷേത്രം കേരളത്തിലുണ്ട്. പറഞ്ഞുവരുന്നത് പത്തനംതിട്ട ജില്ലയിലെ അയിരൂർ കാഞ്ഞീറ്റുകരയിൽ സ്ഥിതിച്ചെയ്യുന്ന പാലൻ പുലയൻ ക്ഷേത്രത്തെ കുറിച്ചാണ്. ഭക്തർക്ക് വേറിട്ടൊരു അനുഭവമാണ് ഈ ക്ഷേത്രം സമ്മാനിക്കുന്നത്.

ക്ഷേത്രത്തിന് പിന്നിലെ ഐതിഹ്യം

മദ്ധ്യതിരുവിതാംകൂറിലെ പ്രധാന നായർ കുടുംബമായിരുന്നു 'ചിറ്റേടത്ത് '. വൈക്കം സത്യാഗ്രഹത്തിലെ ഏക രക്തസാക്ഷിയും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്ന കോഴഞ്ചേരി മേലുകര ചിറ്റേടത്ത് ശങ്കുപിള്ളയുടെ തറവാട് ആണിത്. ഏകദേശം 700 വർഷങ്ങൾക്ക് മുമ്പ് ഈ കുടുംബത്തിന്റെ പ്രധാന കൃഷിക്കാരൻ ആയിരുന്നു പാലൻ പുലയൻ.

ഒരിക്കൽ അദ്ദേഹം സമീപത്തുകൂടി ഒഴുകുന്ന പമ്പാനദിയുടെ മറുകരയിലുള്ള കൃഷിസ്ഥലത്ത്‌ ജോലിചെയ്തു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഒരു കടുവ അദ്ദേഹത്തെ ആക്രമിച്ചു. തികഞ്ഞ ആരോഗ്യവാനും ധൈര്യശാലിയുമായ പാലൻ പുലയൻ തന്റെ കയ്യിൽ ഉണ്ടായിരുന്ന അരിവാൾകൊണ്ട് കടുവയെ നേരിട്ടു. വളരെ നേരം പോരാടി കടുവയെ വകവരുത്തിയെങ്കിലും പാലൻ പുലയനും കടുവയിൽ നിന്ന് ഏറ്റ മുറിവുകൾ കാരണം മരണപ്പെടുകയായിരുന്നു.

പാലൻ പുലയന്റെ അന്ത്യകർമ്മങ്ങൾ ചെയ്തെങ്കിലും ഈ സംഭവത്തിന് ശേഷം ചിറ്റേടത്ത് കുടുംബത്തിൽ പല അനർത്ഥങ്ങളും ദോഷങ്ങളും മാരകമായ അസുഖങ്ങളും പതിവായി. ഒടുവിൽ കുടുംബാംഗങ്ങൾ എല്ലാം ചേർന്ന് ഒരു ജ്യോതിഷിയെ കൊണ്ട് പ്രശ്നം വയ്പ്പിച്ചു. അപമൃത്യുവായ പാലൻ പുലയന്റെ ആത്മാവിനെ വേണ്ട വിധത്തിൽ ആചരിച്ചാൽ ദോഷങ്ങൾ മാറുമെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് കുടുംബാംഗങ്ങൾ ചേർന്ന് ഒരു ക്ഷേത്രം പണിത് അതിൽ പാലൻ പുലയന്റെ വിഗ്രഹം തടിയിൽ നിർമിച്ച്‌ പ്രതിഷ്ഠിച്ചു. അതോടെ കുടുംബത്തിലെ ദോഷങ്ങൾ ഒഴിവായി.

പൂജകളില്ലാത്ത തിരുനടയും വഴിപാടും

സാധാരണ ക്ഷേത്രങ്ങളിലെപ്പോലെ ഇവിടെ പൂജാരിയോ പ്രത്യേക ആചാരങ്ങളോ ഇല്ല. രാവിലെ നട തുറന്ന് വൃത്തിയാക്കി വിളക്ക് കൊളുത്തുന്നത് മാത്രമാണ് ഇവിടത്തെ പതിവ്. ഭക്തർക്ക് നേരിട്ടുവന്ന് തങ്ങളുടെ പ്രാർത്ഥനകൾ പാലനോട് പറയാം. ഇവിടത്തെ പ്രധാന വഴിപാട് മുറുക്കാൻ സമർ‌പ്പിക്കലാണ്. ഇതുകൂടാതെ മെഴുകുതിരി, ചന്ദനത്തിരി, കർപ്പൂരം, എണ്ണ വിളക്ക്, കാർഷിക വിളകൾ, കോഴി, ആട്, പശു, ചുട്ട മീൻ, വീട്ടിലുണ്ടാക്കുന്ന വിഭവങ്ങൾ എന്നിവയെല്ലാം ഇവിടെ വഴിപാടായി ഭക്തർക്ക് സമർപ്പിക്കാം.

തങ്ങളുടെ കയ്യിൽ നിന്നും നഷ്ടപ്പെട്ടുപോകുന്ന എതൊരുവസ്തുവും തിരികെ ലഭിക്കാനായി ഇവിടെ വന്ന് പ്രാ‌ർത്ഥിച്ചാൽ മണിക്കൂറുകൾക്കകം അത് തിരികെ ലഭിക്കുമെന്നാണ് വിശ്വാസം. ജാതിമതഭേതമന്യേ എല്ലാവരും ഈ ക്ഷേത്രത്തിലെത്തി പ്രാർത്ഥിക്കാറുണ്ട്. ദൂരദേശങ്ങളിൽ നിന്നുപോലും നിരവധിപേരാണ് ദിവസേന ഇവിടേയ്ക്ക് ഒഴുകിയെത്തുന്നത്.

English Summary

No mantras, tantras, priests, or ritual scholars are found at the Palan Pulayan Temple, located in Ayroor Kanjittukara within Kerala's Pathanamthitta district. Although it sounds surprising, this unique temple offers a completely distinct and unconventional experience for its devotees.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PALAN PULAYAN TEMPLE, PATHANAMTHITTA, TEMPLES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL