
ജഗദീശ്വരിയും ആദിപരാശക്തിയുടെ രൗദ്രമുഖവുമായ ശ്രീഭദ്രാഭഗവതിയാണ് അനുഗ്രഹദായിനിയും ഐശ്വര്യദേവതയുമായി കാട്ടിൽമേക്കതിലമ്മയായി വാണരുളുന്നത്. അന്നപൂർണേശ്വരിയായി, മനമുരുകി വിളിച്ചാൽ മനസറിഞ്ഞ് നൽകുന്ന ആശ്രിതവത്സലയായ അമ്മയുടെ ഇഷ്ടവഴിപാടാണ് ഭക്തരുടെ ആത്മസമർപ്പണമായ പൊങ്കാല.
ദാരിക വധത്തിന് ശേഷം ഭക്തരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന ശ്രീഭദ്രകാളിയെ ഭക്തർ പൊങ്കാല നിവേദ്യം നൽകി സ്വീകരിക്കുന്നുവെന്നാണ് വിശ്വാസം. മൺകലങ്ങളിൽ തിളയ്ക്കുന്ന പൊങ്കാല സ്നേഹം നിറഞ്ഞുതുളുമ്പുന്ന നിവേദ്യമായി മനമുരുകിയുള്ള പ്രാർത്ഥനയ്ക്കൊപ്പം സമർപ്പിക്കുമ്പോൾ കാട്ടിലമ്മ സ്വീകരിക്കുന്നതായും തപിക്കുന്ന ഹൃദയങ്ങൾക്ക് ആശ്വാസമരുളി ആഗ്രഹങ്ങൾ സഫലീകരിച്ച് ദുഃഖങ്ങളകറ്റി സുഖവും സന്തോഷവും പ്രദാനം ചെയ്യുന്നതായുമാണ് വിശ്വസിക്കുന്നത്. മണിനേർച്ചപോലെ കാട്ടിലമ്മയുടെ ഇഷ്ടവഴിപാടുകളിലൊന്നാണ് പൊങ്കാല നിവേദ്യം. അംഗനമാർ വ്രതശുദ്ധിയോടെ അർപ്പിക്കുന്ന പൊങ്കാല ദിവ്യൗഷധമായാണ് കരുതുന്നത്. പുതിയ മൺകലത്തിൽ അരിയും ശർക്കരയും ഉണക്കമുന്തിരിയും ഏലയ്ക്കയും അണ്ടിപ്പരിപ്പും തേങ്ങ ചിരകിയതും നെയ്യും ചേർത്ത് പാകം ചെയ്തെടുക്കുന്ന പൊങ്കാലയാണ് നിവേദ്യമായി സമർപ്പിക്കുന്നത്. പ്രപഞ്ചത്തിന്റെ പ്രതീകമായ മൺകലത്തിൽ അരിയിട്ട് പൊങ്കാല തയ്യാറാക്കുമ്പോൾ അരിയാകുന്ന മനസ് തിളച്ച് അഹങ്കാരം നശിക്കുകയും ശർക്കരയാകുന്ന പരമാനന്ദത്തിൽ ലയിക്കുകയും ചെയ്യുന്നുവെന്നാണ് സങ്കൽപ്പം.
സുഖദുഃഖസമ്മിശ്രമായ ജീവിതത്തിൽ മാറാരോഗങ്ങളിൽ നിന്ന് മുക്തി നേടാനും കുടുംബത്തിൽ ഐക്യവും ഐശ്വര്യവും നിലനിറുത്താനും മംഗല്യഭാഗ്യത്തിനും മാനസിക സമ്മർദ്ദത്തിൽ നിന്ന് മുക്തി നേടി ശാന്തിയും സമാധാനവും സന്താനലബ്ധിയും കൈവരിക്കാൻ പൊങ്കാല നിവേദ്യം ദേവിക്ക് സമർപ്പിച്ചാൽ ഉത്തമ ഫലമുണ്ടാകുമെന്നാണ് അനുഭവസ്ഥർ പറയുന്നത്. പ്രത്യേകം തയ്യാറാക്കിയ പൊങ്കാലപ്പന്തലിൽഎല്ലാ ദിവസവും ക്ഷേത്രം തുറന്നിരിക്കുന്ന സമയങ്ങളിൽ ഭക്തർക്ക് പൊങ്കാലയർപ്പിക്കാം. രാവിലെ 5 മുതൽ ഉച്ചയ്ക്ക് 12.30 വരെയും വൈകിട്ട് 5 മുതൽ രാത്രി 8 വരെയുമാണ് ക്ഷേത്ര ദർശന സമയം.
ശരീരദോഷമകറ്റാൻ വെള്ളനിവേദ്യം
ശരീര ദോഷങ്ങളകറ്റാനും അഭീഷ്ടസിദ്ധിക്കും കുടുംബ ഐശ്വര്യത്തിനുമായി വെള്ളനിവേദ്യവും പൊങ്കാലയായി സമർപ്പിക്കാറുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് കാർഷിക സമൃദ്ധവും സംസ്കാര സമ്പന്നവുമായ നാടായിരുന്നു പൊന്മന. അക്കാലത്ത് മകരമാസത്തിലെ കാർഷിക വിളവെടുപ്പിനും കൊയ്ത്തിനും ശേഷം കാട്ടിൽമേക്കതിലമ്മയ്ക്ക് പുത്തരി പൊങ്കാലയർപ്പിക്കുന്ന മഹോത്സവം നടന്നിരുന്നുവെന്നാണ് ഐതീഹ്യം. കൊല്ലവർഷം 1076ൽ വൃശ്ചികമഹോത്സവം ആരംഭിച്ചത് മുതൽ തന്നെ വൃശ്ചികപൊങ്കാലയും ആചരിച്ച് വരുന്നു. ആദ്യ കാലത്ത് ഞായർ, ചൊവ്വ, വെള്ളി ദിവസങ്ങളിൽ മാത്രമായിരുന്നു ക്ഷേത്ര നട തുറന്നിരുന്നത്. കാലക്രമേണ നിത്യപൂജ ആരംഭിച്ചതിനൊപ്പം നിത്യപ്പൊങ്കാലയും ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |