നൂറ്റാണ്ടുകളുടെ ചരിത്രവും വിശ്വാസവും വാസ്തുവിദ്യയുടെ അത്ഭുതങ്ങളും ഒത്തുചേർന്ന അനേകം ക്ഷേത്രങ്ങളാണ് ഇന്ത്യയിലുള്ളത്. ചില ക്ഷേത്രങ്ങൾ ഐതിഹ്യങ്ങളാൽ പ്രശസ്തമാണെങ്കിൽ മറ്റുചിലത് നിർമ്മാണത്തിലെ വിസ്മയങ്ങൾ കൊണ്ടും അത്ഭുതപ്പെടുത്തുന്നു. അത്തരത്തിൽ വെള്ളത്തിനുപകരം ആയിരക്കണക്കിന് കിലോ നെയ്യ് ഉപയോഗിച്ച് നിർമിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്ന ഒരു പുരാതന ക്ഷേത്രവും ഇന്ത്യയിലുണ്ട്.
രാജസ്ഥാനിലെ ബിക്കാനേറിൽ സ്ഥിതി ചെയ്യുന്ന ഭണ്ഡാസർ ജെയിൻ ക്ഷേത്രത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. 550 വർഷം പിന്നിട്ടിട്ടും ഈ ക്ഷേത്രത്തിലെ അപൂർവമായ നിർമാണ ചരിത്രം ഇന്നും സന്ദർശകരെ അമ്പരപ്പിക്കുന്നു. ക്ഷേത്രനിർമാണത്തിനായി ചുണ്ണാമ്പ് മിശ്രിതം തയ്യാറാക്കുമ്പോൾ വെള്ളത്തിന് പകരം ഏകദേശം 40,000 കിലോ ശുദ്ധമായ നെയ്യ് ഉപയോഗിച്ചെന്നാണ് വിശ്വാസം. 1468ൽ സമ്പന്നനായ ജെയിൻ വ്യാപാരി ഭണ്ഡാസ ഒസ്വാളിന്റെ നേതൃത്വത്തിലാണ് ക്ഷേത്രം നിർമ്മിച്ചത്. ആ കാലഘട്ടത്തിൽ ബിക്കാനീരിയിൽ വലിയ ജലക്ഷാമം നേരിട്ടിരുന്നു. തുടർന്നാണ് വെള്ളത്തിന് പകരം നെയ്യ് ഉപയോഗിച്ചതെന്ന് കണക്കാക്കുന്നു.
1468ൽ ഒരു തുള്ളി നെയ്യ് ശ്രദ്ധാപൂർവം സൂക്ഷിച്ചുവച്ചതിന് ഭണ്ഡാസയെ ഒരു വാസ്തുശില്പി പരിഹസിച്ചകായി ചിലർ പറയുന്നു. ഇതിന് മറുപടിയായി വ്യാപാരി നെയ്യ് ഉപയോഗിച്ച് മുഴുവൻ ക്ഷേത്രവും പണിയുകയായിരുന്നുവെന്നാണ് ചില വിശ്വാസം. എന്നാൽ ക്ഷേത്രം പൂർത്തിയാകുന്നതിന് മുൻപ് 1514ൽ ഭണ്ഡാസ ഒസ്വാൾ അന്തരിച്ചു. 1554ലാണ് ക്ഷേത്രത്തിന്റെ പണി പൂർത്തിയായത്.
കടുത്ത വേനൽക്കാലത്ത് ക്ഷേത്രത്തിന്റെ കൽത്തറയുടെ ചില ഭാഗങ്ങളിൽ നിന്ന് ഇന്നും നെയ്യോ വെണ്ണയോ പുറത്തേക്ക് ഊറിവരുന്നതായി പറയപ്പെടുന്നു.
ജൈനമതത്തിലെ അഞ്ചാമത്തെ തീർത്ഥങ്കരനായ സുമതിനാഥനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. രാജസ്ഥാന്റെ മനോഹരമായ കലാശൈലിയും വാസ്തുവിദ്യയും ഈ ക്ഷേത്രത്തിന്റെ ചുവരുകളിൽ കാണാം. മേൽക്കൂരകളിൽ ഫ്രെസ്‌കോ ചിത്രങ്ങൾ, കണ്ണാടി അലങ്കാരങ്ങൾ, സ്വർണത്തകിടുകൾ ഉപയോഗിച്ചുള്ള ചിത്രപ്പണികളും ക്ഷേത്രത്തിൽ കാണാം. ജൈനമതത്തിലെ 24 തീർത്ഥങ്കരന്മാരുടെയും ചിത്രങ്ങൾ വരച്ചിട്ടുണ്ട്.
The Bhandasar Jain Temple in Bikaner, Rajasthan, an ancient temple over 550 years old, is famously believed to have been constructed using approximately 40,000 kilograms of pure ghee instead of water for its mortar. Built by merchant Bhandasa Oswal, this unique architectural marvel features intricate Rajasthani art and is dedicated to Sumatinath, the fifth Jain Tirthankara.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |