SignIn
Kerala Kaumudi Online
Tuesday, 28 July 2026 3.41 PM IST

വെള്ളത്താൽ ചുറ്റപ്പെട്ട സുന്ദര ഇടം,​ വർഷത്തിലൊരിക്കൽ പ്രകൃതി തന്നെ അഭിഷേകം ചെയ്യുന്ന മഹാക്ഷേത്രം

mahadeva-temple

വർഷത്തിൽ കൂടുതൽ സമയത്തും ജലത്താൽ ചുറ്റപ്പെട്ട മഹാക്ഷേത്രം. കൈലാസനാഥനായ മഹാദേവൻ രണ്ട് ഭാവത്തിൽ ഇവിടെ കുടികൊള്ളുന്നു. മഹാദേവനായും ദക്ഷിണാ‌മൂർത്തിയായും. അതുകൊണ്ട് ഇരട്ടയപ്പൻ ക്ഷേത്രം എന്നാണ് അറിയപ്പെടുന്നത്. പാലക്കാട് ജില്ലയിലെ പട്ടാമ്പിയ്‌ക്കടുത്ത് ചെറുകുടങ്ങാട് ഇരട്ടയപ്പൻ ക്ഷേത്രമാണ് പ്രത്യേകതയുള്ള ഈ ക്ഷേത്രം.

മൂവായിരത്തോളം വർഷം പഴക്കമുള്ള ക്ഷേത്രമായിരുന്നു ഇത്. പട്ടാമ്പിയിലെ മനോഹരമായ നെൽപ്പാടങ്ങൾക്ക് സമീപം ചെറിയൊരു തോട് കടന്നാൽ ഈ ക്ഷേത്രത്തിൽ എത്തും. കാലപ്പഴക്കത്താൽ തകർന്നുപോയ ക്ഷേത്രം 2017ലാണ് ഇന്ന് കാണുന്നതരത്തിൽ പുനരുദ്ധാരണം നടത്തിയത്.

ഒന്നര പതിറ്റാണ്ടുമുൻപ് ക്ഷേത്രം നിന്ന‌ സ്ഥലത്തുണ്ടായിരുന്നത് തകർന്ന ശ്രീകോവിലും ഗണപതി പ്രതിഷ്‌ഠയും നമസ്‌കാര മണ്ഡപത്തിന്റെ തറയും വലിയബലിക്കല്ലും മാത്രമാണ്. പിന്നീട് 2013ൽ സമീപം പ്രത്യേകതരത്തിലെ അയ്യപ്പന്റെ ഉപദേവതാ ക്ഷേത്രം ആദ്യം നിർമ്മിച്ചു. ദേവപ്രശ്‌ന വിധിപ്രകാരം 2017ൽ ശിവന്റെയും ദക്ഷിണാമൂർത്തിയുടെയും പ്രതിഷ്ഠ ഒരേപീഠത്തിൽ നടത്തി. ഒപ്പം ഗണപതിയുടെയും രക്ഷസിന്റെയും സർപ്പങ്ങളുടെയും പ്രതിഷ്‌ഠ ചെയ്‌തു.

കൊട്ടിയൂരിൽ നിന്നുള്ള ഒഴുകുശിലയിലാണ്‌ പ്രതിഷ്‌ഠ നടത്തിയത്. ദേവപ്രശ്‌ന വിധിപ്രകാരം വർഷത്തിലൊരിക്കൽ പ്രകൃതിതന്നെ വന്ന് ദേവന്‌ അഭിഷേകം ചെയ്‌ത് പോകുമെന്ന് പറഞ്ഞിരുന്നു. അത്തരത്തിൽ ഇവിടെ പതിവുണ്ട്. മഴക്കാലത്ത് ക്ഷേത്രപരിസരത്തിന് ചുറ്റും വെള്ളം‌നിറയും. ചുറ്റുവട്ടത്തിൽ ആദ്യം വെള്ളം കയറിത്തുടങ്ങുന്നതും ക്ഷേത്രത്തിൽ തന്നെയാണ്.

പിറന്നാൾ ദിനങ്ങളിൽ നടത്തുന്ന പൂജയാണ് ഇ‌വി‌ടെ‌ പ്രധാനം. പഠിക്കുന്ന കുട്ടികൾക്ക് ദക്ഷിണാമൂർ‌ത്തിക്ക് പൂജ കഴിക്കുന്ന പതിവുണ്ട്. അയ്യപ്പന് കാര്യസിദ്ധി പൂജയും ഇവിടെ പ്രധാനമാണ്. അപ്പവും അടയുമാണ് നേദിക്കുന്നത്. മണ്ഡലകാലവും അയ്യപ്പന് പ്രധാനമാണ്. ക്ഷേത്രത്തിൽ ആറ് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം പതിവുണ്ട്. മഹാദേവനാണ് ആറാട്ട് നടത്താറ്. ശിവരാത്രി,​ അയ്യപ്പന് മീന മാസത്തിലെ ഉത്രം നാൾ എന്നിവ പ്രധാനപ്പെട്ട ആഘോഷ ദിവസങ്ങളാണ്. ക്ഷേത്രദർശന സമയം രാവിലെ ആറ് മുതൽ 9.30 വരെയും വൈകിട്ട് 5.30 മുതൽ 6.30 വരെയുമാണ്.

ഒറ്റകല്ലിൽ 42 അടിയുള്ള കൊടിമരം ക്ഷേത്രത്തിലെ പ്രത്യേകതയാണ്. ഇത്‌ മറ്റെവിടെയും ഇല്ല എന്ന പ്രത്യേകതയുണ്ട്. നാട്ടുകാർ രൂപീകരിച്ച സമിതിയാണ് ക്ഷേത്രഭരണം നടത്തുന്നത്. പടിക്കെട്ടോടെയുള്ള മനോഹരമായൊരു കിണറും ക്ഷേത്രത്തിലെ കാണേണ്ട കാഴ്‌ചയാണ്. ഇവി‌ടെ പ്രകൃതിയുടെ നൈർമ്മല്യവും ശാന്തതയും ഭക്തന് ക്ഷേത്രദർശനം സന്തോഷകരമാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TEMPLE, TEMPLE INSIDE WATER, VALLUVANAD, MAHAKSHETRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL