കേരളചരിത്രത്തിൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ധീരമായി പൊരുതി മരണം വരിച്ചവർ ധാരാളമുണ്ട്. കേരളത്തിൽ അന്ന് നിലവിലുണ്ടായിരുന്ന തിരുവിതാംകൂർ രാജ്യത്തിന്റെ ദളവയായിരുന്ന വേലുത്തമ്പി ദളവ 1809ൽ ബ്രിട്ടീഷുകാരുമായുള്ള പോരാട്ടത്തിനൊടുവിൽ മണ്ണടി ക്ഷേത്രത്തിൽ വച്ച് സ്വയം ജീവനൊടുക്കി. ഇന്നത്തെ തമിഴ്‌നാടിന്റെ ഭാഗമായ കന്യാകുമാരി ജില്ലയിലെ തലക്കുളത്തായിരുന്നു വേലുത്തമ്പിയുടെ ജനനം. വേലുത്തമ്പി ദളവ മരണടയുന്നതിന് ഒരു വർഷം മുൻപ് 1808ൽ തിരുവിതാംകൂർ സർക്കാരിന്റെ ഭാഗമായിരുന്നൊരാൾ ബ്രിട്ടീഷ് സൈന്യത്തോട് ഏറ്റുമുട്ടി വീരചരമം വരിച്ചിട്ടുണ്ട്. 80 വയസുകാരനായ പുനച്ചൽ വലിയ യജമാനനായിരുന്നു അത്. ഇന്നത്തെ തമിഴ്‌നാട്ടിലെ ആരൽവായ്‌മൊഴിയിലാണ് വലിയ യജമാനൻ മരിച്ചത്. വീരനായകനായ യജമാനന് ആരൽവായ്‌മൊഴിയിൽ ഒരു ക്ഷേത്രമൊരുക്കി നാട്ടുകാർ. ഇവിടെ പൂജയും പതിവുണ്ട്.
തിരുവിതാംകൂർ രാജ്യസ്ഥാപകനായ മാർത്താണ്ഡവർമ്മയുടെ അംഗരക്ഷകൻ ഇരവിക്കുറുപ്പിന്റെ മകനായ മാർത്താണ്ഡ പിള്ളയാണ് പിന്നീട് പുനച്ചൽ വലിയ യജമാനനായത്. മലയാളവർഷം 903 മേടമാസത്തിൽ ഇന്നത്തെ കന്യാകുമാരി ജില്ലയിലെ കൽക്കുളം പള്ളിയാടിയിലെ കുഴിക്കോട്ട് ദേശത്താണ് അദ്ദേഹം ജനിച്ചത്. മാർത്താണ്ഡവർമ്മ നെടുങ്കോട്ട നിർമ്മിക്കുന്ന കാലത്ത് അതിന് ഏറെ മുന്നിൽ നിന്നത് അന്ന് സൈനികനായ മാർത്താണ്ഡ പിള്ളയാണ്. ഇതോടെ നെടുങ്കോട്ടയുടെ വടക്കൻ അതിർത്തി നിർമ്മാണം അദ്ദേഹത്തെ ഏൽപ്പിച്ചു. ഈ കാലം മുതൽ അദ്ദേഹം വലിയ യജമാനൻ എന്നാണ് അറിയപ്പെട്ടത്.
പിന്നീട് 1808-1809 കാലത്ത് തിരുവിതാംകൂറിൽ ബ്രിട്ടീഷുകാർക്കെതിരെ ശക്തമായ ഏറ്റുമുട്ടലുകൾ നടന്നിരുന്നു. അന്ന് പുന്നാകുളം കോട്ടയുടെ കാവൽ വലിയ യജമാനനും സംഘത്തിനുമായിരുന്നു. ബ്രിട്ടീഷുകാർ പീരങ്കി ഉപയോഗിച്ച് കോട്ട തകർത്തു. ഇതോടെ 80കാരനായ അദ്ദേഹം ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ പുറപ്പെട്ടു. ബ്രിട്ടീഷുകാരുടെ പീരങ്കിയിൽ നിന്നുള്ള വെടിയേറ്റ് പുനച്ചൽ വലിയ യജമാനൻ മരിച്ചു. പ്രായമേറെയുണ്ടായിട്ടും തങ്ങൾക്കെതിരെ യുദ്ധം ചെയ്‌ത വലിയ യജമാനന്റെ ശരീരം ബ്രിട്ടീഷുകാർ ബഹുമതികളോടെ സംസ്‌കരിച്ചു.
ഇന്നത്തെ നാഗർകോവിൽ-തിരുനെൽവേലി പാതയോരത്ത് അദ്ദേഹം മരിച്ച സ്ഥലത്ത് വൈകാതെ ഒരു ക്ഷേത്രം ഉയർന്നു. 'അരുൾമിഗു വലിയ യജമാനൻ തിരുക്കോവിൽ' എന്ന പേരിലെ ഈ ക്ഷേത്രത്തിന്റെ ഭരണം കന്യാകുമാരി ദേവസ്വത്തിനാണ്. പ്രതിമയും ഉടവാളും വച്ച് ആരാധിക്കുന്ന ക്ഷേത്രമാണ് ഇവിടെയുള്ളത്. പൂർണമായും കല്ലുകൾ കൊണ്ട് നിർമ്മിച്ച ക്ഷേത്രം രണ്ട് നൂറ്റാണ്ട് പിന്നിട്ടപ്പോൾ തകർച്ചയിലായെങ്കിലും ഇപ്പോൾ പുനഃരുദ്ധാരണ പ്രവർത്തനം നടന്നു. വലിയ യജമാനൻ മാടൻകോവിൽ എന്നും ഇതറിയപ്പെടുന്നു. നേരിയതുകൊണ്ടുള്ള തലപ്പാവ് ആണ് ഇവിടുത്തെ പ്രധാന വഴിപാട്. രാജ്യത്തിന്റെ ചരിത്രത്തിലും വിശ്വാസത്തിലും സവിശേഷ സ്ഥാനംതന്നെ ഈ ക്ഷേത്രത്തിനുണ്ട്.
Punachal Valiya Yajamanan, an 80-year-old warrior, bravely fought British forces near Aralvaimozhi in 1808, dying from cannon fire while defending Travancore. Locals built the "Arulmigu Valiya Yajamanan Thirukkovil" in his honor at the martyrdom site, where he is still worshipped. The historic temple, a testament to his sacrifice, is currently undergoing renovation.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |