
തിരുവനന്തപുരം ശ്രീപദ്മനാഭ സ്നാമിക്ഷേത്രത്തിന്റെ ഗോപുര വാതിലുകളിലൂടെ സൂര്യൻ ദൃശ്യമാകുന്ന അപൂർവ പ്രതിഭാസം ബുധനാഴ്ച നടക്കും. വർഷത്തിൽ രണ്ടുതവണ മാത്രം ദൃശ്യമാകുന്ന 'വിഷുവം' പ്രതിഭാസം ദർശിക്കാൻ ഭക്തർ ഉൾപ്പെടെ നിരവധി പേർ ബുധനാഴ്ച ക്ഷേത്രത്തിൽ എത്തും. വൈകിട്ട് അഞ്ചുമുതലായിരിക്കും ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ ഭക്തർക്ക് അപൂർവ ദർശനം ലഭിക്കുക.
രാവിലെ കിഴക്കേ പ്രവേശന കവാടത്തിലൂടെ കടന്നുവരുന്ന സൂര്യകിരണങ്ങൾ സ്വർണ ധ്വജത്തെ പ്രകാശിപ്പിച്ച് നേരെ ശ്രീകോവിലിന്റെ മദ്ധ്യവാതിലിലേക്ക് എത്തുന്നു. വൈകിട്ട് ഗോപുരത്തിന് പിന്നിൽ സൂര്യൻ അസ്തമിക്കുമ്പോൾ ഓരോ നിലയിലുമുള്ള വാതിലുകളിലൂടെ സൂര്യകിരണങ്ങൾ പുറത്തേക്ക് തെളിഞ്ഞുവരും. എന്നാൽ കാർമേഘങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിൽ ഈ അപൂർവ കാഴ്ച കാണാൻ സാധിക്കില്ല.
സൂര്യൻ ഭൂമദ്ധ്യരേഖ കടന്നുപോകുന്ന ജ്യോതിശാസ്ത്ര സംബന്ധിയായ പ്രതിഭാസത്തെയാണ് വിഷുവം അല്ലെങ്കിൽ ഇക്വനോക്സ് എന്ന് പറയുന്നത്. ഈ ദിവസം രാത്രിയും പകലും തുല്യമായിരിക്കും. വർഷത്തിൽ മാർച്ച് 20നും സെപ്തംബർ 23നുമാണ് ഇതു സംഭവിക്കുന്നത്.വിഷുവം ദിവസം കൃത്യമായി ഗണിച്ചാണ് പദ്മനാഭ സ്വാമി ക്ഷേത്ര ഗോപുരവാതിലുകളുടെ നിർമ്മിതി ശില്പികൾ പൂർത്തിയാക്കിയത്. പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗോപുരവാതിൽ കൃത്യമായ കിഴക്കും കൃത്യമായ പടിഞ്ഞാറുമായി നിർമ്മിച്ചിരിക്കുന്നത് കൊണ്ടാണ് അത്യപൂർവ്വ ദൃശ്യം ഇവിടെ മാത്രം ദൃശ്യമാകുന്നത്. മറ്റ് ദിവസങ്ങളിൽ ഗോപുര വാതിലിൽ നിന്ന് മാറിയാണ് സൂര്യാസ്തമയം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |