ജമ്മു കാശ്മീരിലെ പ്രസിദ്ധമായ ശ്രീനഗർ ശങ്കരാചാര്യ ക്ഷേത്ര നവീകരണത്തിന്1.21 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ. ശ്രീനഗറിൽ സമുദ്രനിരപ്പിൽ നിന്ന് 1100 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്റെ സംരക്ഷണത്തിനും തീർത്ഥാടകർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനുമാണ് തുക അ നുവദിച്ചത്. നിലവിൽ ക്ഷേത്രത്തിൽ എത്താൻ ഭക്തർക്ക് 244 പടികൾ കയറണം.
ക്ഷേത്രപരിസരത്ത് നിന്നാൽ ശ്രീനഗർ നഗരത്തിന്റെയും ദാൽ തടാകത്തിന്റെയും മനോഹരമായ കാഴ്ച ആസ്വദിക്കാം. ഭക്തർക്കൊപ്പം വിനോദസഞ്ചാരികളെയും ഇവിടേക്ക് ആകർഷിക്കുക എന്നതും പദ്ധതിയുടെ ഭാഗമാണ്. പുരാവസ്തു വകുപ്പാണ് ക്ഷേത്രം ഇപ്പോൾ സംരക്ഷിച്ചുവരുന്നത്. പദ്ധതിയുടെ വിശദമായ രൂപരേഖ വൈകാതെ പുറത്തുവിടും.
കേരളത്തിലെ കാലടിയിൽ നിന്ന് പുറപ്പെട്ട ആദി ശങ്കരാചാര്യർ കൊടുംകാട്ടിലുള്ള ഈ ക്ഷേത്രത്തിലേക്ക് കാലങ്ങൾക്ക് മുൻപ് എത്തിയിരുന്നു. ജ്യോതേശ്വര ക്ഷേത്രം എന്ന ഈ ശിവക്ഷേത്രം ശങ്കരാചാര്യരുടെ കാല്പാടുകൾ പതിഞ്ഞതോടെയാണ് ശങ്കരാചാര്യ ക്ഷേത്രം എന്ന് അറിയപ്പെട്ടു തുടങ്ങിയത്. ദീർഘകാലം ഇവിടെ തപസനുഷ്ഠിച്ച ശങ്കരാചാര്യർ വിഖ്യാതമായ സൗന്ദര്യ ലഹരി തയ്യാറാക്കിയത് ഇവിടെ വച്ചാണെന്ന് കരുതപ്പെടുന്നു. ഒമ്പതാം നൂറ്റാണ്ടിലാണ് ക്ഷേത്രം നിർമ്മിച്ചതെന്നാണ് കരുതുന്നു.
ശ്രീനഗറിലെ സബർമാൻ മലനിരകളിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശിവലിംഗ പ്രതിഷ്ഠയാണ് ക്ഷേത്രത്തിൽ ഉള്ളത്. കാട്ടിനുള്ളിലെ ക്ഷേത്രത്തിൽ മലയെ ചുറ്റിയുള്ള റോഡുവഴി വാഹനത്തിൽ പകുതി ദൂരം എത്താം. തുടർന്ന് 244 പടികൾ കയറണം. കുത്തനെയുള്ള കയറ്റമല്ലാത്തതിനാൽ അധികം ആയാസപ്പെടേണ്ടി വരില്ല. ഇടയ്ക്ക് വിശ്രമിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
രാവിലെ ഏഴുമുതൽ വൈകിട്ട് എട്ട് മണി വരെയാണ് ദർശന സമയം. ശിവരാത്രി ഉത്സവമാണ് പ്രധാനം. അമർനാഥ് യാത്രാ സമയത്ത് വൻതോതിൽ തീർത്ഥാടകരെത്താറുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |