SignIn
Kerala Kaumudi Online
Monday, 31 August 2026 2.33 PM IST

വാച്ചിലെയല്ല, സൂര്യന്റെ ചലനം നോക്കി പൂജകൾ കൃത്യമായി നടത്തുന്ന ക്ഷേത്രം, ഗ്രഹണത്തിലും നടയടക്കില്ല

thiruvarpu-temple
തിരുവാർപ്പ് ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രം

ഓരോ പൂജയ്‌ക്കും സൂര്യന്റെ ചലനം നോക്കി കൃത്യമായ സമയക്രമം പാലിക്കണം, പുലർച്ചെ രണ്ടിന് തന്നെ നട തുറന്നിരിക്കും അഥവാ നടതുറക്കാൻ പ്രയാസമുണ്ടായാലോ നട വെട്ടിപ്പൊളിച്ച് തുറക്കാൻ ഒരു കോടാലിയും മേൽശാന്തിക്ക് നൽകും. ഇന്ത്യയിൽ തന്നെ ആദ്യം നടതുറക്കുന്ന തിരുവാർപ്പ് ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലാണ് ഈ പ്രത്യേകതകളൊക്കെ ഉള്ളത്.

കംസവധം കഴിഞ്ഞ് വിശപ്പും കോപവുമുള്ള ഭാവത്തിലെ കൃഷ്‌ണൻ

ശ്രീകൃഷ്‌ണൻ കംസനെ വധിച്ചത് രാത്രി സമയത്താണ് എന്നാണ് ഐതിഹ്യം. ഈ സമയം കഴിഞ്ഞയുടൻ നട തുറന്ന്‌ ദ‌ർശനം നടത്താവുന്ന തരത്തിലാണ് ഇവിടെ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. ഘോരമായ യുദ്ധം കഴിഞ്ഞതിനാൽ അതിയായ കോപത്തോടെയും വലിയ വിശപ്പോടെയുമുള്ള കൃഷ്‌ണനാണ് തിരുവാർപ്പ് ക്ഷേത്രത്തിലുള്ളത്. അതിനാൽ തന്നെ ഇവിടെ ഒരിക്കലും നിവേദ്യം മുടക്കാൻ പാടില്ല എന്ന് ചട്ടമുണ്ട്.

പാണ്ഡവർ പൂജിച്ച വിഗ്രഹം

പുലർച്ചെ രണ്ട് മണിക്ക് നടതുറന്നാലുടൻ അഭിഷേകം. ശേഷം കൃഷ്‌ണന് പായസം നിവേദിക്കും. കംസവധം കഴിഞ്ഞെത്തിയ കൃഷ്‌ണന് അമ്മ യശോദ ഉഷപായസം നൽകി വിശപ്പകറ്റി എന്നതാണ് ഇതിന് പിന്നിലെ ഐതിഹ്യം. ഇവിടുത്തെ വിഗ്രഹം പഞ്ചപാണ്ഡവർ വനവാസകാലത്ത് പൂജിച്ചിരുന്നതാണ്. അന്ന് ഈ വിഗ്രഹം ഭഗവാൻ തന്നെ ഇവർക്ക് നൽകിയതാണ്. അജ്ഞാതവാസശേഷം ദ്രൗപതിയുടെ അക്ഷയപാത്രമായ വാർപ്പിൽ വച്ച് അവ‌ർ ഒഴുക്കിവിട്ടു. ഇത് പിന്നീട് ഒരു ദിവ്യന് ലഭിക്കുകയും ഇവിടെ പ്രതിഷ്‌ഠിക്കുകയും ചെയ്‌തു.

ക്ളോക്ക് നോക്കാതെ പൂജ എങ്ങനെ നടക്കുന്നു?

പുലർച്ചെ മൂന്നരയ്‌ക്കകം തന്നെ പായസം ഭഗവാന് നിവേദിച്ചുകഴിയും. ക്ളോക്കിലെ സമയം നോക്കിയല്ല സൂര്യന്റെ പ്രതിദിന സഞ്ചാരം നോക്കിയാണ് ഓരോ പൂജയും ചിട്ടപ്പെടുത്തിയിരിക്കുന്നത്. പന്തീരടി പൂജയ്‌ക്ക് ശ്രീകോവിലിന് പിന്നിലെ ആനയുടെ രൂപത്തിൽ വെയിൽ വീഴുന്ന കണക്കനുസരിച്ചാണ് നടത്തുന്നത്. ഉച്ചപ്പൂജയ്‌ക്ക് കല്ലിൽ വെയിൽ വീഴുന്ന കണക്ക് നോക്കിയാണ് തീരുമാനിക്കുന്നത്. ഇത്തരത്തിൽ പൂർണമായും സൂര്യന്റെ അയനത്തിനാണ് ഇവിടെ പ്രാധാന്യം നൽകുന്നത്.

സൂര്യ,ചന്ദ്ര ഗ്രഹണങ്ങളുടെ സമയത്ത് ഇവിടെ പൂജ മുടക്കാറില്ല. രാജ്യത്തെ മറ്റ് ക്ഷേത്രങ്ങളെല്ലാം ഈ സമയം അടച്ചിടും. എന്നാൽ തിരുവാർപ്പ് മാത്രം തുറന്നിരിക്കും. ഇതിന് കാരണമായി പറയുന്നത് പണ്ട് ഏറെനേരം നീണ്ടുനിന്ന ഒരു ഗ്രഹണ സമയത്ത് ക്ഷേത്രത്തിൽ പൂജമുടങ്ങി. ഇതിനുശേഷം നടതുറന്നപ്പോൾ ഭഗവാന്റെ അരയിലെ കിങ്ങിണി അരഞ്ഞാണം അഴിഞ്ഞ് കാൽക്കൽ കിടക്കുന്നതാണ് കണ്ടത്. തുടർന്ന് പ്രശ്‌നം വച്ചപ്പോൾ നിവേദ്യം ഒരിക്കലും മുടക്കരുത് എന്ന ദേവഹിതം കണ്ടു. ഇതോടെയാണ് ഈ പതിവ് തുടങ്ങിയത്.

ഗുരുവായൂർ കഴിഞ്ഞാൽ ആനയോട്ടം നടക്കുന്ന കൃഷ്‌ണ ക്ഷേത്രം

രാവിലെ പന്തീരടി പൂജയ്‌ക്ക് ശേഷം ക്ഷേത്രനട 16 തവണ തുറന്നടയ്‌ക്കുന്ന പുല്ലാട്ട് പൂജ എന്ന വിശേഷപ്പെട്ട പൂജയും പതിവുണ്ട്. ഉദയാസ്‌തമനപൂജയായാണ് ഇത് കണക്കാക്കുന്നത്. കോട്ടയം ജില്ലയിൽ മീനച്ചിലാറിന്റെ കരയിലായി കുമരകത്തേക്കുള്ള വഴിയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 10 വയസിൽ താഴെയുള്ള പെൺകുട്ടികളെ ശ്രീകൃഷ്‌ണവേഷം ധരിപ്പിച്ച് വിളക്കേന്തുന്ന വഴിപാട് ഇവിടെ നടത്താറുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്സവത്തിന് മുന്നോടിയായി ആനയോട്ടം നടത്തുംപോലെ ഇവിടെയും ആനയോട്ടം പതിവുണ്ട്. മേടമാസത്തിൽ വിഷു ദിവസത്തിൽ കൊടിയേറി പത്താമുദയത്തിന് ആറാട്ടോടെ അവസാനിക്കുന്ന 10 ദിവസം നീളുന്ന ഉത്സവമാണ് ഇവിടെയുള്ളത്.

English Summary

Thiruvard Sreekrishnaswamy Temple in Kottayam uniquely opens at 2 AM, the earliest in India, to appease an angry and hungry Lord Krishna. Poojas are meticulously timed by the sun's movement, not clocks, and offerings are never missed.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVARP TEMPLE, SREEKRISHNA SWAMY TEMPLE, FIRST OPENING TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL