ഫരീദാബാദ്: 13 വയസുകാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ് പെൺകുട്ടി പീഡനവിവരം പുറത്തുപറയുന്നത്. ഗ്രേറ്റർ ഫരീദാബാദ് പ്രദേശത്തെ ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളിലാണ് പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായതെന്ന് പൊലീസ് പറഞ്ഞു. ഓഗസ്റ്റ് 24ന് ആണ് കേസിനാസ്പദമായ സംഭവം.
പെൺകുട്ടി 16കാരനായ ആൺസുഹൃത്തിനെ കാണാൻ പോയപ്പോഴണ് പീഡനം നടന്നതെന്നാണ് വിവരം. ഈ സമയം സ്ഥലത്തെത്തിയ യുവാക്കൾ ഇരുവരെയും ഭീഷണിപ്പെടുത്തി തകർന്ന കെട്ടിടത്തിനുള്ളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത ഇരുവരും സംഭവിച്ച കാര്യങ്ങൾ അപ്പോൾ വീട്ടുകാരെ അറിയിച്ചില്ല. മകൾ കടുത്ത മാനസിക ബുദ്ധിമുട്ട് നേരിടുന്നതിനെത്തുടർന്ന് അമ്മ സംസാരിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.
സംഘത്തിൽ ആറ് യുവാക്കളുണ്ടെന്നണ് വിവരം. കേസുമായി ബന്ധപ്പെട്ട് കുനാൽ, യാഷ്, ദീപക് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നുപേരെയും കോടതിയിൽ ഹാജരാക്കി നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. പ്രിൻസ് എന്ന മറ്റൊരു പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തുകയാണ്. പ്രതികളിലൊരാൾ കുട്ടികളെക്കൊണ്ട് 10,000 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിക്കാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്. സെപ്റ്റംബർ 28ന് പൊലീസിന് പരാതി ലഭിച്ചതായും 29 ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായും എസിപി സരായ് സന്ദീപ് മോർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |