SignIn
Kerala Kaumudi Online
Thursday, 11 June 2026 8.32 PM IST

ഐസ്‌ക്രീമിന്റെ പേരിലുള്ള നിസാര കാര്യം; കാമുകിയുടെ കുഞ്ഞിനെ കൊലപ്പെടുത്തി

crime

ബംഗളൂരു: ആറ് വയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തി പൊലീസ്. സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ കാമുകന്‍ മോഹന്‍ പിടിയിലായി. കാറിന്റെ സീറ്റില്‍ ഐസ്‌ക്രീം വീണു എന്ന് ആരോപിച്ചാണ് മര്‍ദ്ദിക്കുകയും വായ പൊത്തിപ്പിടിക്കുകയും ചെയ്തത്. ഇതാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ കുട്ടിയുടെ മാതാവും അഭിഭാഷകയുമായ പ്രിയങ്ക ഒളിവിലാണ്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ മോഹന്‍ പ്രിയങ്കയുടെ സഹപാഠിയായിരുന്നു. ഈ വര്‍ഷം ആദ്യം പ്രിയങ്കയും ഭര്‍ത്താവ് പ്രവീണും വിവാഹബന്ധം വേര്‍പ്പെടുത്തിയിരുന്നു. ഇവരുടെ ഇളയ മകള്‍ വെണ്ണില (ആറ്) ആണ് കൊല്ലപ്പെട്ടത്. വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം പ്രവീണ്‍ - പ്രിയങ്ക ദമ്പതിമാരുടെ മൂത്ത മകള്‍ അച്ഛന് ഒപ്പവും ഇളയ മകള്‍ അമ്മയ്ക്ക് ഒപ്പവും ആയിരുന്നു താമസം. ബംഗളൂരുവിലെ ആഡംബര വില്ലയില്‍ മോഹനും പ്രിയങ്കയ്ക്കും മകള്‍ക്കുമൊപ്പം താമസം ആരംഭിക്കുകയായിരുന്നു.

മാര്‍ച്ച് 24ന് ആണ് വെണ്ണിലയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കര്‍ണാടകയിലെ ദാവണെഗരെ സ്വദേശിയായ പിതാവ് പ്രവീണിന് മകളുടെ മരണത്തില്‍ ആദ്യം മുതല്‍ തന്നെ സംശയങ്ങളുണ്ടായിരുന്നു. കൊലപാതകമാണെന്ന് സംശയിക്കുന്നുവെന്ന് കാണിച്ച് ഇയാള്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. പൊലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിക്ക് മര്‍ദ്ദനമേറ്റുവെന്നും കണ്ടെത്തിയിരുന്നു. സംഭവദിവസം പ്രിയങ്കയും മകളും മോഹനും ഷോപ്പിങ്ങിന് പോയിരുന്നു. ഇതിനുശേഷം മൂവരും ഭക്ഷണം കഴിക്കാനായി പോയി. ഇവിടെനിന്ന് ബിരിയാണിയും ഐസ്‌ക്രീമും വാങ്ങി. തിരികെ കാറില്‍ താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ പെണ്‍കുട്ടിയുടെ കൈയ്യിലുണ്ടായിരുന്ന ഐസ്‌ക്രീം കാറിനുള്ളില്‍ വീണു.

പിന്നാലെ മറ്റൊരു ഐസ്‌ക്രീം വേണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി കരയാന്‍ തുടങ്ങി. ഇത് പ്രതിയെ കൂടുതല്‍ പ്രകോപിപ്പിച്ചെന്നും തുടര്‍ന്ന് കൈമുട്ട് കൊണ്ട് കുട്ടിയുടെ വയറില്‍ തുടരെ ഇടിച്ചെന്നുമാണ് പൊലീസ് പറയുന്നത്. കരച്ചില്‍ നിര്‍ത്താനായി കുട്ടിയുടെ വായും മൂക്കും പ്രതി പൊത്തിപ്പിടിച്ചെന്നും പൊലീസ് പറഞ്ഞു. പ്രതി മോഹന്‍ കുറ്റം സമ്മതിച്ചുവെന്നും പൊലീസ് പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY