
ലക്‌നൗ: ജുവലറി ഷോറൂമിൽ പ്രീ-വെഡ്ഡിംഗ് പാർട്ടി നടത്തി നാല് കോടിയുടെ ആഭരണങ്ങൾ മോഷ്ടിച്ച് ജീവനക്കാരൻ. തന്റെ വിവാഹം ഉറപ്പിച്ചതായി അറിയിച്ചതിനുശേഷം യുവാവ് സഹപ്രവർത്തകരെ പാർട്ടിക്കായി ഒന്നിച്ചുകൂട്ടുകയായിരുന്നു. ഇതിനിടെയാണ് വൻ മോഷണവും നടന്നത്. ഗസിയാബാദിലെ തനിഷ്‌ക് ജുവലറിയിലാണ് മോഷണം നടന്നത്.
സംഭവത്തിൽ തനിഷ്‌ക് ജീവനക്കാരനായ നിതിൻ വർമ (23), കാമുകി കാജൾ വർമ (22), നിതിന്റെ പിതാവ് സഞ്ജയ് വർമ (52) എന്നിവർ അറസ്റ്റിലായി. ജൂൺ 12നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. നിതിന്റെയും കാമുകിയുടെയും വിവാഹാവശ്യത്തിനായാണ് മോഷണം നടത്തിയത്.
ഒന്നരമാസമായി നിതിൻ തനിഷ്‌ക് ഷോറൂമിൽ ജോലി ചെയ്യുകയാണെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ ഏറ്റവും മൂല്യമുള്ള ആഭരണങ്ങൾ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്നും എങ്ങനെയാണ് ഷോറൂം പ്രവർത്തിക്കുന്നതെന്നും താക്കോലുകൾ ആരുടെ പക്കലാണെന്നും നിതിൻ മനസിലാക്കി.
മോഷണം നടക്കുന്നതിന് തലേദിവസം തന്റെ കല്യാണം ഉറപ്പിച്ചതിന്റെ പാർട്ടി ഇയാൾ ഷോറൂമിൽ സംഘടിപ്പിച്ചു. പാർട്ടിക്കിടെ ജുവലറിയുടെ കാഷ്യറായ ഗൗതം രാജിനെ അമിതമായി മദ്യപിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. ഗൗതമിന്റെ പക്കലായിരുന്നു ഷോറൂമിന്റെ താക്കോലുകൾ. ഗൗതമിന്റെ ബാഗിൽ നിന്ന് പ്രവേശന കവാടത്തിന്റെ താക്കോലും ഇയാൾ കൈക്കലാക്കി. ശേഷം ഗൗതമിനെ വീട്ടിൽ കൊണ്ടാക്കുകയും ചെയ്തു.
പിറ്റേദിവസം രാവിലെ ഏഴുമണിയോടെ ഒരു സഹായിയുമായെത്തിയ നിതിൻ ഷട്ടർ തുറക്കുകയും അകത്തുകടന്ന് മോഷണം നടത്തുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. വെറും 25 മിനിറ്റുകൊണ്ടാണ് ഇവർ മോഷണം നടത്തിയത്. ഒന്നാം നിലയിലാണ് സ്വർണം, വജ്രം, രത്നം എന്നിവ പതിച്ച ആഭരണങ്ങൾ സൂക്ഷിച്ചിട്ടുള്ളതെന്ന് നിതിന് അറിയാമായിരുന്നു. ഇവിടെ മാത്രമാണ് പ്രതികൾ ലക്ഷ്യമിട്ടത്. മൂന്നുപേർ ചേർന്നാണ് മോഷണം നടത്തിയത്. ഒരാൾ ഷോറൂമിന് പുറത്ത് കാവലായി നിൽക്കുകയും നിതിനും സഹായിയും മോഷണം നടത്തുകയുമായിരുന്നു. ശേഷം കുറച്ചകലെ നിർത്തിയിട്ടിരുന്ന വാഹനത്തിൽ പ്രതികൾ കടന്നുകളയുകയും ചെയ്തു.
50 കോടി മൂല്യമുള്ള ആഭരണങ്ങളുണ്ടായിരുന്നിട്ടും ഷോറൂമിൽ സുരക്ഷയുടെ ഭാഗമായുള്ള അലാറം സംവിധാനമില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിതിനും കാജളും ചേർന്നാണ് പദ്ധതി തയ്യാറാക്കിയതെന്നും സഞ്ജയ് മോഷ്ടിച്ച ആഭരണങ്ങൾ വിൽക്കാൻ സഹായിച്ചുവെന്നും പൊലീസ് കണ്ടെത്തി. ആശുപത്രി ആവശ്യങ്ങൾക്കെന്ന് പറഞ്ഞാണ് ഇവർ സ്വർണം വിറ്റത്. ചിലത് കഷ്ണങ്ങളാക്കി തുച്ഛമായ വിലയ്ക്ക് വിൽക്കുകയും ചെയ്തു.
പ്രതികളിൽ നിന്ന് 3.1 കോടി രൂപ വിലമതിക്കുന്ന രണ്ട് കിലോ സ്വർണ്ണാഭരണങ്ങളും 6.5 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു. ബാക്കിയുള്ള പ്രതികൾ ഒളിവിലാണെന്നും ഇവരെ പിടികൂടാൻ അന്വേഷണം വ്യാപിപ്പിച്ചതായും പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |