SignIn
Kerala Kaumudi Online
Sunday, 17 May 2026 3.12 PM IST

പീഡനത്തിനിരയായ യുവതി ജീവനൊടുക്കി; നീതി ലഭിക്കാത്തതിൽ മനംനൊന്ത് അനുജത്തിയും വിഷം കഴിച്ച് മരിച്ചു

rj-police

ജോധ്പൂർ: വർഷങ്ങളോളം കൂട്ടബലാത്സംഗത്തിനും ഭീഷണിക്കും ഇരയായ മൂത്ത സഹോദരി ജീവനൊടുക്കി രണ്ടുമാസത്തിന് ശേഷം, അനുജത്തിയും ജീവനൊടുക്കി. രാജസ്ഥാനിലെ ജോധ്പൂരിലാണ് നാടിനെ നടുക്കിയ ദുരന്തം. സഹോദരിക്ക് നീതി ലഭിക്കാൻ പൊലീസ് സ്റ്റേഷൻ കയറിയിറങ്ങിയിട്ടും നടപടിയെടുക്കാത്തതിനാലാണ് യുവതി ആത്മഹത്യ ചെയ്തത്.

പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയും പ്രതികളെ സംരക്ഷിക്കുന്ന സമീപനവുമാണ് രണ്ടാമത്തെ പെൺകുട്ടിയുടെയും ജീവനെടുത്തതെന്ന് കുടുംബവും നാട്ടുകാരും ആരോപിച്ചു. കേസിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും പ്രതികൾക്ക് ഒത്താശ ചെയ്ത പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും യുവതികളുടെ പിതാവ് ആവശ്യപ്പെട്ടു.

കഴിഞ്ഞ മാർച്ച് 20നാണ് മൂത്ത സഹോദരി ക്രൂരമായ മാനസിക പീഡനങ്ങളെ തുടർന്ന് ആദ്യം ജീവനൊടുക്കിയത്. ജനസേവന കേന്ദ്രം നടത്തിപ്പുകാരനായ മഹിപാൽ എന്നയാൾ പെൺകുട്ടിയുടെ അശ്ലീല ദൃശ്യങ്ങൾ രഹസ്യമായി പകർത്തി ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നു. ഏപ്രിൽ 11നാണ് അനുജത്തി ഇക്കാര്യം പൊലീസിൽ അറിയിച്ചത്.

മഹിപാലിനെ കൂടാതെ ശിവരാജ്, ഗോപാൽ, വിജാറാം, ദിനേഷ്, മനോജ്, പുഖ്രാജ് തുടങ്ങി എട്ടുപേർ ചേർന്ന് സഹോദരിയെ നാല് വർഷത്തോളമായി കൂട്ടബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയും ചെയ്തിരുന്നുവെന്ന് അനുജത്തി പരാതിയിൽ ആരോപിച്ചു. പീഡനം സഹിക്കവയ്യാതെയാണ് മാർച്ചിൽ യുവതി ജീവനൊടുക്കിയത്. കേസിൽ നീതി ലഭിച്ചില്ലെങ്കിൽ താനും ജീവനൊടുക്കുമെന്ന് അനുജത്തി നേരെത്തെ പൊലീസിന് മുന്നറിയിപ്പ് നൽകിയിരുന്നു. പരാതിയിൽ കേസെടുത്തിട്ടും ഒരു മാസമായിട്ടും പൊലീസ് നടപടി സ്വീകരിച്ചിരുന്നില്ല.


മൂത്ത സഹോദരിയുടെ മരണശേഷവും പ്രതികളുടെ ക്രൂരത അവസാനിച്ചില്ല. മരിച്ച പെൺകുട്ടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇവർ രണ്ടാമത്തെ പെൺകുട്ടിയെയും ലൈംഗികമായി പീഡിപ്പിച്ചു. പൊലീസിൽ പരാതി നൽകിയിട്ടും പ്രതികൾ പെൺകുട്ടിയെ പരസ്യമായി വെല്ലുവിളിക്കുകയും, തങ്ങളെ തൊടാൻ പൊലീസിന് കഴിയില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നത് തുടരുകയും ചെയ്തു.

നീതി ലഭ്യമാക്കാൻ അവസാന ശ്രമമെന്നോണം പെൺകുട്ടി പ്രദേശത്തെ വാട്ടർടാങ്കിന് മുകളിൽ കയറി പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് വിഷം കഴിച്ച പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


കേസിന്റെ തുടക്കം മുതൽ പ്രതികളെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചതെന്നും ഈ വീഴ്ചയാണ് രണ്ട് പെൺകുട്ടികളുടെ ജീവൻ നഷ്ടപ്പെടാൻ കാരണമായതെന്നും നാട്ടുകാർ ആരോപിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം നടത്തുമെന്ന് പൊലീസ് ഉറപ്പുനൽകിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CASEDAIRY, SUICIDE, RAJASTHAN, JODHPUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY