SignIn
Kerala Kaumudi Online
Friday, 26 June 2026 1.58 PM IST

'വിവാഹത്തിന് താൽപ്പര്യമില്ലെന്ന് പറഞ്ഞിട്ടും കേതൻ പിന്മാറിയില്ല': സിയ ഗോയലിന്റെ മൊഴി പുറത്ത്

READ ENGLISH VERSION

ketan-agarwal-murder

ന്യൂഡൽഹി: യുവ വ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകത്തിൽ പ്രതി സിയ ഗോയലിന്റെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. കേതനെ വിവാഹം കഴിയ്ക്കാൻ തനിയ്ക്ക് താൽപ്പര്യമുണ്ടായിരുന്നില്ലെന്ന് സിയ പൊലീസിന് മൊഴി നൽകി. ഇക്കാര്യം കേതനോട് പറഞ്ഞതായും എന്നാൽ കേതൻ വിവാഹത്തിൽ നിന്നും പിൻമാറാൻ തയ്യാറായിരുന്നില്ലെന്നും സിയ പൊലീസിനോട് പറഞ്ഞു. സമ്പത്തും സ്വാധീനവുമുള്ള കുടുംബമാണ് തന്റേതെന്നും അതിനാൽ വിവാഹം ഉപേക്ഷിക്കാൻ കഴിയില്ലെന്നും കേതൻ പറഞ്ഞതായും സിയ പൊലീസിനോട് പറഞ്ഞു.

നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും വിവാഹനിശ്ചയം റദ്ദാക്കാൻ കേതൻ തയ്യാറായിരുന്നില്ലെന്നാണ് സിയയുടെ മൊഴി. കാമുകന്‍ ചേതനുമായി ഒളിച്ചോടിപ്പോയാല്‍ ഇരു കുടുംബങ്ങള്‍ക്കും അത് വലിയ നാണക്കേടാകും നാട്ടില്‍ ജീവിക്കാന്‍ പറ്റില്ല. അതുകൊണ്ടാണ് ഒളിച്ചോടുന്നതിന് പകരം കേതനെ ഇല്ലാതാക്കാൻ തങ്ങൾ പദ്ധതിയിട്ടതെന്നും സിയ വെളിപ്പെടുത്തി.

അതേസമയം, തങ്ങളുടെ ബന്ധത്തെ കുറിച്ച് അറിഞ്ഞിട്ടും സിയയുടെ കുടുംബം ആ ബന്ധത്തിന് എതിരായിരുന്നുവെന്ന് കഴിഞ്ഞ ദിവസം സിയയുടെ കാമുകനും കേസിലെ മറ്റൊരു പ്രതിയുമായ ചേതൻ പൊലീസിന് മൊഴി നൽകിയിരുന്നു. ഒളിച്ചോടുന്നത് കുടുംബത്തിന്റെ അന്തസിനെ ബാധിക്കുമെന്ന് സിയ ഭയപ്പെട്ടിരുന്നതായും അതുകൊണ്ട് കേതനെ ഇല്ലാതാക്കുക മാത്രമാണ് തങ്ങളുടെ മുന്നിലുണ്ടായിരുന്ന ഏകപോംവഴിയെന്നും ചേതൻ പൊലീസിനോട് പറഞ്ഞിരുന്നു.

എന്നാൽ കേതനുമായുള്ള വിവാഹത്തിന് താൽപ്പര്യമില്ലെന്ന് മകൾ ഇതുവരെ തുറന്നു പറഞ്ഞിട്ടില്ലെന്നാണ് സിയയുടെ കുടുംബത്തിന്റെ പ്രതികരണം. കേതനുമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിൽ അത് ‌ഞങ്ങളുമായി ചർച്ച ചെയ്യണമായിരുന്നു. കല്ല്യാണത്തെ കുറിച്ച് അത്തരത്തിലൊരിക്കലും മകൾ പറഞ്ഞിട്ടില്ലെന്നും സിയയുടെ അമ്മ പൂജ ഗോയൽ പറഞ്ഞു. സംഭവമറിഞ്ഞ സിയയുടെ പിതാവ് പ്രവീൺ ഗോയൽ ഹൃദയാഘാതത്തെതുടർന്ന് ആശുപത്രിയിലാണ്. മകൾ കുറ്റക്കാരിയെങ്കിൽ കടുത്ത ശിക്ഷ നൽകണമെന്നാണ് പ്രവീണിന്റെയും ആവശ്യം.

ജൂൺ 18 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജൂൺ 19ന് സിയയുടെ ജന്മദിനത്തിൽ പ്രീവെഡിംഗ് ഫോട്ടോഷൂട്ടിനെന്ന വ്യാജേന കേതനെ വീണ്ടും ലോഹഗഡ് കോട്ടയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.തുടർന്ന് പ്ലാൻ ചെയ്ത പ്രകാരം ഒളിഞ്ഞിരുന്ന കാമുകൻ ചേതൻ പുറകിൽ നിന്നെത്തുകയും, ഇരുവരും ചേർന്ന് കേതനെ താഴ്ചയിലേക്ക് തള്ളിയിടുകയുമായിരുന്നു. കോട്ടയിൽ സിയയോടൊപ്പം ട്രക്കിംഗ് യാത്രയ്ക്കിടെ കേതൻ അഗർവാൾ ഒരു മലയിടുക്കിൽ വീണ് മരിച്ചു എന്നായിരുന്നു ആദ്യം പുറത്തുവന്നത്.

അപകടമരണമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ലോണാവാല റൂറൽ പൊലീസ് അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ ലോഹഗഡ് കോട്ടയിലെ ടിക്കറ്റ് കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ആസൂത്രിത കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറംലോകമറിഞ്ഞത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, KETAN AGARWAL MURDER CASE, PUNE, MURDER, SIYA GOYAL, CHETAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY