SignIn
Kerala Kaumudi Online
Friday, 26 June 2026 3.13 PM IST

രണ്ട് വയസുള്ള കുഞ്ഞിനെ മറ്റൊരു കുട്ടി കടിച്ചുപരിക്കേൽപ്പിച്ചത് 25 തവണ; നിലവിളിച്ചിട്ടും തിരിഞ്ഞുനോക്കാതെ അദ്ധ്യാപകർ

pre-school

മുംബയ്: അങ്കണവാടി ജീവനക്കാരുടെ അശ്രദ്ധ കാരണം രണ്ടുവയസുകാരന് മറ്റൊരു കുട്ടയുടെ കടിയേറ്റ് ഗുരുതര പരിക്ക്. ജീവനക്കാരി കുട്ടികളെ മുറിക്കുള്ളിലാക്കി പൂട്ടി പുറത്തുപോയ സമയത്ത് ഒപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടി 25 തവണയാണ് പിഞ്ചു കുഞ്ഞിനെ കടിച്ചുപരിക്കേൽപ്പിച്ചത്. മഹാരാഷ്ട്രയിലെ സിഡ്‌കോയിലുള്ള പ്രീ സ്‌കൂളിൽ ജൂൺ 22നാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഒരു വനിതാ കെയർടേക്കർ നാല് ആൺകുട്ടികളുമായി മുറിയിലിരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അല്പസമയത്തിനുശേഷം ഒരു കുട്ടി പുറത്തുപോകാൻ ശ്രമിച്ചപ്പോൾ കെയർടേക്കർ ആ കുട്ടിയെയും കൂട്ടി പുറത്തേക്ക് പോവുകയും ബാക്കി മൂന്ന് കുട്ടികളെയും മുറിക്കുള്ളിലാക്കി വാതിൽ പൂട്ടുകയുമായിരുന്നു.

മുറിയിൽ അദ്ധ്യാപകരോ മറ്റ് ജീവനക്കാരോ ഇല്ലാതിരുന്നതിനാൽ ഭയന്നുപോയ കുട്ടികൾ കരയാനും വാതിൽ തള്ളി തുറക്കാനും ശ്രമിച്ചു. ഇതിനിടയിലാണ് ഒരു കുട്ടി ഭയന്നുവിറച്ചു നിന്ന മറ്റൊരു കുഞ്ഞിനെ ക്രൂരമായി കടിക്കാൻ തുടങ്ങിയത്. മൂന്നാമത്തെ കുട്ടി പേടിച്ച് വിറങ്ങലിച്ച് തൊട്ടടുത്ത് നിൽക്കുന്നുണ്ട്. രാവിലെ 11 മുതൽ 11:30 വരെ അരമണിക്കൂർ ആണ് കുട്ടി ആക്രമണം നേരിട്ടത്. തുടർന്ന് കുഞ്ഞ് വേദനകൊണ്ട് നിലവിളിച്ചെങ്കിലും ഹെഡ്മിസ്ട്രസോ ക്ലാസ് ടീച്ചറോ മറ്റ് ജീവനക്കാരോ മുറിയിലേക്ക് തിരിഞ്ഞുനോക്കിയില്ല. കുഞ്ഞിന്റെ മുഖം, മൂക്ക്, ചുണ്ട്, കാലുകൾ, നെഞ്ച്, പുറം എന്നിവിടങ്ങളിൽ കടിയേറ്റ് ഗുരുതര പരിക്കേറ്റു.

ഉച്ചയ്ക്ക് രണ്ട് മണിയായിട്ടും സ്‌കൂൾ അധികൃതർ വിവരം മാതാപിതാക്കളെ അറിയിച്ചില്ല. കുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ മാതാപിതാക്കൾ എത്തിയപ്പോൾ, ചെറിയ പോറലുകൾ മാത്രമേയുള്ളൂ എന്നാണ് ഹെഡ്മിസ്ട്രസ് പറഞ്ഞു. എന്നാൽ സംശയം തോന്നി കുട്ടിയുടെ വസ്ത്രങ്ങൾ മാതാപിതാക്കൾ അഴിച്ച് പരിശോധിച്ചപ്പോഴാണ് ശരീരത്തിലുടനീളം പരിക്കേറ്റ പാടുകൾ കണ്ടത്. ഉടൻ തന്നെ കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


കേസ് ഒത്തുതീർപ്പാക്കാൻ സ്‌കൂൾ അധികൃതർ തങ്ങൾക്ക് 10 ലക്ഷം രൂപയും കുട്ടിക്ക് മൂന്ന് വർഷത്തെ സൗജന്യ വിദ്യാഭ്യാസവും വാഗ്ദാനം ചെയ്തതായും മാതാപിതാക്കൾ ആരോപിച്ചു. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് ഡേ കെയറിലെ ഹെഡ്മിസ്ട്രസ് അടക്കം ആറ് ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, TODDLER BITE, LATESTNEWS, CASEDAIRY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY