
കളമശേരി: പോളിടെക്‌നിക് കോളേജ് ഹോസ്റ്റലിൽ കഞ്ചാവ് പിടികൂടിയ കേസിൽ രണ്ടുപേർ കൂടി പിടിയിൽ. സൊഹൈൽ ഷേഖ് (24), എഹിന്ത മണ്ഡൽ എന്നീ ഇതര സംസ്ഥാനക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. സൊഹൈൽ ബായ് എന്ന് വിളിക്കുന്ന ബംഗാൾ സ്വദേശിയിൽ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് നേരത്തേ പിടിയിലായ പൂർവ വിദ്യാർത്ഥികൾ പറഞ്ഞിരുന്നത്.
മുമ്പും ഇയാളിൽ നിന്ന് കഞ്ചാവ് വാങ്ങിയതായും വിദ്യാർത്ഥികൾ സമ്മതിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൊഹൈൽ ബായ്‌ക്ക് വെണ്ടിയുള്ള തെരച്ചിലിലായിരുന്നു കളമശേരി പൊലീസ്. പശ്ചിമ ബംഗാളിലെ മൂർഷിദാബാദ് സ്വദേശിയായ ഇയാൾ ആലുവയിലായിരുന്നു താമസം. ക്യാമ്പസിൽ നിന്ന് കഞ്ചാവ് പിടിച്ചെന്ന് അറിഞ്ഞതോടെ സൊഹൈൽ മുങ്ങി. മൊബൈൽ ഫോണടക്കം സ്വിച്ച് ഓഫ് ആയിരുന്നു.
പിന്നീട് മൂവാറ്റുപുഴയിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് സൊഹൈൽ ഷേഖിനെ പിടികൂടാനായത്. അറസ്റ്റിലാകുന്ന സമയത്ത് ഇയാൾക്കൊപ്പം ഉണ്ടായിരുന്നതാണ് എഹിന്ത മണ്ഡൽ. കുപ്രസിദ്ധനായ കഞ്ചാവ് കച്ചവടക്കാരനാണ് ഇയാൾ. എഹിന്തയ്‌ക്ക് കളമശേരി കേസുമായി ബന്ധമുണ്ടോ എന്നകാര്യം പൊലീസ് വ്യക്തമാക്കിയിട്ടില്ല. മറ്റ് ക്യാമ്പസുകളിലേക്ക് കഞ്ചാവെത്തിച്ചോ എന്നറിയാൻ ഇവരെ കൂടുതൽ ചോദ്യം ചെയ്യും. ഇതോടെ കേസിലെ അറസ്റ്റ് പൂർണമായെന്നാണ് കളമശേരി പൊലീസ് പറയുന്നത്.
ആറുമാസം മുമ്പാണ് കോളേജ് ഹോസ്റ്റലിൽ കഞ്ചാവ് വിൽപ്പന ആരംഭിച്ചത്. യുപിഐ ഇടപാടായാണ് പണം കൈമാറിയതെന്ന് പിടിയിലായ പ്രതികൾ നേരത്തേ മൊഴി നൽകിയിരുന്നു. ഇവരുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് വഴി നടത്തിയ അന്വേഷണത്തിൽ വിതരണക്കാരിലേക്കെത്തിയെന്നും സൂചനയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |