SignIn
Kerala Kaumudi Online
Tuesday, 22 September 2026 3.22 AM IST

ആളൊഴിഞ്ഞ വീട്ടിലെ അജ്ഞാത മൃതദേഹം: ദുരൂഹത ഒഴിയുന്നില്ല

police

അരൂര്‍: റെയിൽപ്പാതയോരത്തെ ആളൊഴിഞ്ഞ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അജ്ഞാതന്റെ മൃതദേഹവുമായി ബന്ധപ്പെട്ട ദുരൂഹത രണ്ടാഴ്ച കഴിഞ്ഞിട്ടും തുടരുന്നു. മരിച്ചത് ആരാണെന്നോ,​ എവിടെനിന്നാണ് എത്തിയതെന്നോ ഇതുവരെ കണ്ടെത്താനാകാത്തത് അന്വേഷണ സംഘത്തെ കുഴക്കുകയാണ്. ഈമാസം ആറിനാണ് അരൂർ പഞ്ചായത്ത് 22-ാം വാർഡിൽ കളത്തിൽ ക്ഷേത്രത്തിന് സമീപം റെയിൽവേ പാതയോരത്തെ ആളൊഴിഞ്ഞ വീട്ടിൽ ദിവസങ്ങളുടെ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. റെയിൽപ്പാത ഇരട്ടിപ്പിക്കൽ പദ്ധതിയുടെ ഭാഗമായി റെയിൽവേ ഏറ്റെടുത്ത ഭൂമിയിലെ വീടായതിനാൽ ഏറെനാളായി ആളൊഴിഞ്ഞുകിടക്കുകയായിരുന്നു.

ദുർഗന്ധത്തിന്റെ ഉറവിടം തേടിയെത്തിയ സമീപവാസിയാണ് പൂമുഖത്ത് തൂങ്ങിനില്‍ക്കുന്ന മൃതദേഹം ആദ്യം കണ്ടത്. കാലുകൾ നിലത്ത് മുട്ടിയ നിലയിലായിരുന്ന മൃതദേഹം അഴുകിയ അവസ്ഥയിലായിരുന്നു. ശരീരമാകെ പുഴുവരിക്കുകയും മുഖഭാഗത്തെ മാംസം അടര്‍ന്നുപോകുകയും ചെയ്തിരുന്നതിനാൽ തിരിച്ചറിയൽ ദുഷ്‌കരമായി. വാർഡ് അംഗം സജിയാണ് പൊലീസിനെ വിവരം അറിയിച്ചത്. കറുത്ത ഷർട്ടും വെള്ള മുണ്ടുമായിരുന്നു ധരിച്ചിരുന്നത്. ധരിച്ചിരുന്ന മുണ്ട് ഉപയോഗിച്ചാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടർന്ന് അരൂക്കുറ്റി ഗവ. ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം എറണാകുളം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

അന്യസംസ്ഥാനത്തൊഴിലാളികളിൽ ആരെങ്കിലുമാണോ മരിച്ചതെന്ന സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. എവിടെനിന്നോ ട്രെയിനിൽ കയറിയെത്തിയയാൾ അരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ആളൊഴിഞ്ഞ സ്ഥലം കണ്ടെത്തി ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആളെ തിരിച്ചറിയാൻ ഡി.എൻ.എ പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനകൾ ആവശ്യമായി വരുമെന്നാണ് സൂചന. എല്ലാ സാദ്ധ്യതകളും പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALAPPUZHA, DEADBODY FOUND, MYSTERY, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY